അമേരിക്ക പിന്നിട്ട കാല്‍ സഹസ്രാബ്ദം

അമേരിക്ക പിന്നിട്ട കാല്‍ സഹസ്രാബ്ദം

സുരേന്ദ്രന്‍ നായര്‍

ഏറെ പ്രതീക്ഷകളും പ്രത്യാശകളും നിറഞ്ഞ ഒരു പുതുയുഗ പിറവിയെക്കൂടി ലോകജനത വലിയ ആരവങ്ങളോടെ വരവേല്‍ക്കുകയാണ്. ലോകത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ ശക്തിയും സാമ്പത്തിക സൈനിക ശേഷിയുമായ അമേരിക്കന്‍ ഐക്യനാടുകള്‍ ബ്രിട്ടീഷ് മേല്‍ക്കോയ്മയില്‍ നിന്നും സ്വതന്ത്രമായതിന്റെ കാല്‍ സഹസ്രാബ്ദം പൂര്‍ത്തിയാക്കുന്ന വര്‍ഷം കൂടിയാണ് 2026. ഇരുനൂറ്റിഅന്പത് വര്‍ഷങ്ങള്‍ക്കു മുന്‍പ് വടക്കെ അമേരിക്കയിലെ 13 കോളനികള്‍ക്കു ബ്രിട്ടീഷ് ഭരണകൂടം സ്വാതന്ത്ര്യം പ്രഖ്യാപിച്ചുകൊണ്ടു തോമസ് ജെഫേഴ്‌സണ്‍ന്റെ നേതൃത്വത്തിലുള്ള സംഘം എഴുതിയുണ്ടാക്കിയ ഉടമ്പടിയില്‍ ( Declaration of Independence) 1776 ജൂലായ് നാലിനാണ് ഇരുരാജ്യങ്ങളിലെയും പ്രതിനിധികള്‍ ഒപ്പുവെച്ചത്. ചരിത്ര പ്രാധാന്യമുള്ള ആ പ്രഖ്യാപനത്തിലെ വ്യവസ്ഥകള്‍ അതിന് ശേഷം ലോകത്തെമ്പാടും ഉടലെടുത്ത നിരവധി ജനാധിപത്യ മനുഷ്യാവകാശ മുന്നേറ്റങ്ങളുടെ അടിസ്ഥാന പ്രമാണമായി മാറുന്നതാണ് ലോകം പിന്നീട് കണ്ടത്.

എല്ലാ മനുഷ്യരും ജന്മനാ തുല്യരാണ് അതിനാല്‍ അവര്‍ക്കു ഈ ഭൂമിയില്‍ യാതൊരു വിവേചനവും കൂടാതെ സ്വതന്ത്രമായി ജീവിക്കാന്‍ അവകാശമുണ്ടെന്നും ആ അവകാശങ്ങള്‍ സംരക്ഷിക്കുക എന്നതാണ് സര്‍ക്കാരിന്റെ കടമയെന്നും ആ രേഖ അസന്നിഗ്ധമായി പ്രഖ്യാപിച്ചു. രാഷ്ട്രമീമാംസ ചരിത്രത്തില്‍ ആമന്ത്രണം ചെയ്യപ്പെട്ട ആ വരികള്‍ ഓര്‍ത്തെടുക്കാനും ആഘോഷമാക്കാനുമാണ് അമേരിക്കന്‍ ഭരണകൂടം ഒരുങ്ങുന്നത്. അന്നത്തെ കോളനികളുടെ തലസ്ഥാനമായിരുന്ന ഫിലാഡല്‍ഫിയ ഉള്‍പ്പെടെയുള്ള
പ്രധാനപ്പെട്ട പട്ടണങ്ങള്‍ കേന്ദ്രികരിച്ചു മാസങ്ങള്‍ നീളുന്ന വിപുലമായ കലാസാംസ്‌കാരിക ആഘോഷങ്ങള്‍ക്കും വിദ്യാഭ്യാസ സെമിനാറുകളുമാണ് സംഘാടകര്‍ ലക്ഷ്യമിടുന്നത്.
കേവലം നാനൂറു വര്‍ഷത്തെ ചരിത്രം മാത്രമുള്ള അമേരിക്ക അതിന്റെ സാംസ്‌കാരിക തുടര്‍ച്ചയിലും സാഹിത്യ നൈതികതയിലും പുലര്‍ത്തുന്ന സമര്‍പ്പണവും അഭിമാനവും ആയിരക്കണക്കിന് വര്‍ഷങ്ങളുടെ ചരിത്രമേന്മ അവകാശപ്പെടുന്ന രാജ്യങ്ങള്‍ക്കുപോലും മാതൃകയാണ്.

രണ്ടര നൂറ്റാണ്ടു പൂര്‍ത്തിയാക്കുന്ന സ്വാതന്ത്ര്യാനന്തര അമേരിക്ക കൈവരിച്ച അഭൂതപൂര്‍വ്വമായ ഭൗതിക പുരോഗതിയും ഇതര ഭൂഖണ്ഡങ്ങളില്‍ അതുണ്ടാക്കിയ അനുരണങ്ങളും ശാക്തിക ചേരികളും ചര്‍ച്ച ചെയ്യുന്നതിനോടൊപ്പം രാജ്യത്തിനുള്ളിലുണ്ടായ രാഷ്ട്രീയ സാമൂഹ്യ സാമ്പത്തിക പരിവര്‍ത്തനങ്ങളും ഇവിടെ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്.

ബ്രിട്ടന്‍ പടിയിറങ്ങി ഒരു ദശകം പിന്നിട്ട് 1787 ലാണ് ഐക്യനാടുകളുടെ ഭരണക്രമവും
ഫെഡറല്‍ സംവിധാനങ്ങളും രൂപകല്‍പ്പന ചെയ്യുന്ന ഒരു ഭരണഘടന രാജ്യത്തിനായി എഴുതി ഉണ്ടാക്കുന്നത്. അതിന്‍പ്രകാരമുള്ള ആദ്യത്തെ അമേരിക്കന്‍ പ്രസിഡന്റായി ജോര്‍ജ് വാഷിംഗ്ടണ്‍ ചുമതലയേല്‍ക്കുന്നതു അടുത്തൊരു രണ്ടു വര്‍ഷം കൂടി കഴിഞ്ഞായിരുന്നു. ഭരണഘടനാനുസൃതമായുള്ള ഉത്തരവാദിത്വങ്ങള്‍ മാത്രം നിറവേറ്റി മുന്നേറിയിരുന്ന സര്‍ക്കാര്‍, കോളനി വാഴ്ചയുടെ തുടര്‍ച്ചയെന്നപോലെ അമിതാധികാര പ്രയോഗം നടത്തുന്നുവെന്നും സ്വാതന്ത്ര്യ പ്രഖ്യാപനത്തിലെ പൗര സ്വാതന്ത്ര്യം പ്രയോഗത്തില്‍ വരുത്തുന്നില്ല എന്നും തിരിച്ചറിഞ്ഞ അമേരിക്കന്‍ കോണ്‍ഗ്രസ് 1791 ല്‍ ഭരണഘടനയില്‍ ബില്ല് ഓഫ് റൈറ്റിസ് ( Bill of Rights) എന്നപേരിലുള്ള ആദ്യത്തെ 10 ഭേദഗതികള്‍ വരുത്തി വന്‍ വിപ്ലവം സൃഷ്ടിച്ചു.

സര്‍ക്കാരിന്റെ അധികാരങ്ങള്‍ക്കു നിയന്ത്രണം വരുത്തി വ്യക്തികളുടെ അഭിപ്രായ,ആവിഷ്‌കാര സ്വാതന്ത്യവും സ്വകാര്യതയും മത വിശ്വാസവും ഉറപ്പുവരുത്തുന്നതില്‍ തുടങ്ങി ആയുധം കൈവശം വെക്കാനുള്ള അവകാശം വരെയുള്ള പൗരാവകാശങ്ങള്‍ ഭരണഘടനയില്‍ പത്തു പുതിയ വകുപ്പുകളിലൂടെ കൂട്ടി ചേര്‍ക്കുകയുണ്ടായി.

പൗരാവകാശ സംരക്ഷണ നിയമങ്ങള്‍ പകര്‍ന്ന സാമൂഹ്യ ഉണര്‍വ്വും ആഡംസ്മിത് എന്ന ധനകാര്യ വിദഗ്ധന്‍ ഉല്‍പ്പാദന രംഗത്തു പരീക്ഷിച്ച ലസേ ഫെയര്‍ (Laissez- faire) സിദ്ധാന്തവും കൂടി ചേര്‍ന്നതോടെ അമേരിക്കയുടെ വളര്‍ച്ചാവേഗത ത്വരിതപ്പെടുകയും 1803 ലെ ലൂസിയാന വാങ്ങലോടെ രാജ്യം സുസ്ഥിരമായ ഒരു വികസന ഘട്ടത്തിലേക്ക് പ്രവേശിക്കുകയും ചെയ്തു. അമേരിക്കന്‍ പ്രസിഡന്റ് തോമസ് ജെഫേഴ്‌സന്‍ ഫ്രഞ്ച് ഭരണാധികാരിയായ നെപ്പോളിയന്‍ ബോണപ്പാര്‍ട്ടില്‍ നിന്നും അവരുടെ അധീനതയിലുണ്ടായിരുന്ന ലൂസിയാന പ്രൊവിന്‍സ് എന്ന വിശാലമായ ഭൂപ്രദേശം 15 മില്ലിയന്‍ ഡോളറിനു വിലയ്ക്കുവാങ്ങി അമേരിക്കയുടെ ഭൂവിസ്തൃതി ഇരട്ടിയാക്കി വര്‍ധിപ്പിച്ചു. രാജ്യവിസ്തൃതി വളര്‍ന്നതോടൊപ്പം മിസ്സിസിപ്പി നദിയുടെയും ന്യൂയോര്‍ലൈന്‍സ് തുറമുഖത്തിന്റെയും നിയന്ത്രണം കൂടി ലഭിച്ചതോടെ അമേരിക്കന്‍ ഉല്‍പ്പാദന രംഗത്തിന് യൂറോപ്പ്യന്‍ വിപണിയെ അനായാസേന മറികടക്കുന്ന കുതിച്ചുചാട്ടം നടത്താന്‍ സാധിച്ചു.

വമ്പിച്ച സാമ്പത്തിക വളര്‍ച്ച നേടുന്നതിനിടയില്‍ സാമൂഹ്യ രംഗത്ത് പടര്‍ന്നുപിടിച്ച വംശീയ വിവേചനങ്ങളും കോളനി വാഴ്ചയുടെ തുടര്‍ച്ചയായി തെക്കന്‍ സംസ്ഥാനങ്ങളില്‍ തുടര്‍ന്നിരുന്ന അപരിഷ്‌കൃത അടിമത്വ വ്യവസ്ഥിതിയും തെക്കു വടക്കു സംസ്ഥാനങ്ങളെ തമ്മില്‍ ശത്രുതയിലാക്കുകയും 1861 മുതല്‍ 1865 വരെ നീണ്ടുനിന്ന രക്തരൂക്ഷിത ആഭ്യന്തര കലാപത്തിലേക്ക് രാജ്യം നീങ്ങുകയും ചെയ്തു. കലാപം തുടരുന്നതിനിടയിലാണ് 1863 ജനുവരി ഒന്നിനു പ്രസിഡന്റ് എബ്രഹാം ലിങ്കന്‍ തന്റെ പ്രസിദ്ധമായ Emancipation Proclamation ( മോചന പ്രഖ്യാപനം) നടത്തുന്നത്. തെക്കന്‍ സംസ്ഥാനങ്ങളില്‍ ഉണ്ടായിരുന്ന മുഴുവന്‍ അടിമകളെയും സ്വതന്ത്രരാക്കുകയും തുടര്‍ന്ന് പുതിയ ഭരണഘടന ഭേദഗതിയിലൂടെ അടിമത്വം രാജ്യത്താകെ നിയമപരമായി നിരോധിക്കുകയും ചെയ്തു.

സംഭവബഹുലമായ അമേരിക്കന്‍ രാഷ്ട്ര നിര്‍മ്മിതിയുടെ ഓരോ ഘട്ടത്തിലും അര്‍പ്പണബുദ്ധിയും ലക്ഷ്യബോധവുമുള്ള നിരവധി പ്രസിഡന്റുമാരുടെ പേരുകള്‍ അവിസ്മരണീയമായി നിലനില്‍ക്കുന്നു. 1929 ഒക്ടോബര്‍ 29 നു അമേരിക്കന്‍ ഓഹരി വിപണിയില്‍ പെട്ടെന്നുണ്ടായ തകര്‍ച്ച ഒരു മഹാ സാമ്പത്തിക മാന്ദ്യത്തിലേക്ക് (Great Dipression) ലോകത്തെ തന്നെ നയിച്ചു. അമേരിക്കന്‍ ബാങ്കുകള്‍ ഒന്നിനുപിറകെ ഒന്നായി നിലംപൊത്തി. ഉല്പാദന മേഖലയില്‍ ആവശ്യം പരിഗണിക്കാതെ കുമിഞ്ഞുകൂടിയ ഉല്‍പ്പന്ന ബാഹുല്യം വമ്പിച്ച വിലയിടിവിനും സ്തംഭനാവസ്ഥക്കും വലിയ തോതിലുള്ള തൊഴില്‍ നഷ്ടങ്ങള്‍ക്കും ഇടയാക്കി.
ഒരു ദശകത്തോളം നീണ്ടു നിന്ന ആ പ്രതിഭാസത്തെ അതിജീവിച്ചത് ഫ്രാങ്ക്ളിന്‍ റൂസ്വെല്‍റ്റ് എന്ന പ്രസിഡന്റിന്റെ ന്യൂ ഡീല്‍ സാമ്പത്തിക പരിഷ്‌കരണത്തിലൂടെയും രണ്ടാം ലോക യുദ്ധം തുറന്നുകൊടുത്ത യുദ്ധോപകരണ വിപണിയുടെ സാധ്യതയിലൂടെയുമായിരുന്നു. കാലപ്രവാഹത്തിന്റെ കരുത്തുനേടി മുന്നേറിയ ഐക്യനാടുകളില്‍ ശക്തി പ്രാപിച്ച മറ്റൊരു പ്രക്ഷോഭമായിരുന്നു 1950 കളിലും അറുപതുകളിലും നീണ്ടുനിന്ന സിവില്‍ റൈറ്റ് മൂവ്‌മെന്റ്.


കറുത്തവര്‍ഗ്ഗക്കാര്‍ക്കെതിരെ നിലനിന്ന വര്‍ണ്ണ വിവേചനത്തിനും സ്ത്രീ വിരുദ്ധതതകള്‍ക്കും എതിരെ രാജ്യവ്യാപകമായി ജനങ്ങള്‍ മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് ജൂനിയര്‍, റോസാ പാര്‍ക്‌സ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ പ്രക്ഷോഭരംഗത്തു വന്നു. തികച്ചും ഗാന്ധിയന്‍ രീതിയില്‍ അക്രമരഹിതമായിരുന്നു സമരം. സ്‌കൂളുകള്‍ ബസുകള്‍ പാര്‍ക്കുകള്‍ ട്രെയിനുകള്‍ തുടങ്ങിയ പൊതു ഇടങ്ങളില്‍ വെള്ളക്കാരോടൊപ്പം കറുത്തവര്‍ഗക്കാര്‍ക്ക്പ്രവേശനം നി ഷേധിക്കുകയും അവര്‍ക്കായി പ്രത്യേക ഇടങ്ങള്‍ നിര്‍മ്മിച്ചു അയിത്തത്തിനു സമാനമായ വിവേചനം വേരുറപ്പിച്ചു. ദീര്‍ഘ നാളത്തെ സഹന സമരങ്ങള്‍ക്കൊടുവില്‍ വര്‍ണ്ണവിവേചനം പൂര്‍ണ്ണമായി അവസാനിപ്പിക്കുന്നതും സാര്‍വ്വത്രിക വോട്ടവകാശം സ്ഥാപിക്കുന്നതുമായ നിയമനിമ്മാണത്തിനു സര്‍ക്കാര്‍ വഴങ്ങേണ്ടി വന്നു. ഇത്തരം ആഭ്യന്തരമായ സാമൂഹ്യ വെല്ലുവിളികള്‍ക്കിടയിലും ലോക രാഷ്ട്രങ്ങള്‍ക്ക് മുന്നില്‍ അമേരിക്കയുടെ അധീശത്വം അപ്രതിരോധ്യമായി തുടര്‍ന്നു.

ഈ നൂറ്റാണ്ടിന്റെ തുടക്കത്തില്‍ രാജ്യത്തിന്റെ സുരക്ഷയെയും മികച്ച ഇന്റലിജന്‍സ് വിഭാഗത്തെയും ഒന്നാകെ ഞെട്ടിച്ചുകൊണ്ടു ഇസ്ലാമിക തീവ്രവാദികള്‍ നടത്തിയ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണം അമേരിക്കയെ ആഴത്തിലുള്ള ആത്മപരിശോധനക്കു വിധേയമാക്കി.പാഠങ്ങള്‍ ഉള്‍ക്കൊണ്ടു മുന്നേറിയ അമേരിക്കയില്‍ നാല്പത്തി നാലാമത്തെ പ്രസിഡന്റായി 2008 ല്‍ ഒരു കറുത്തവര്‍ഗ്ഗക്കാരന്‍ ആദ്യമായി പ്രസിഡന്റ് സ്ഥാനത്തെത്തി നൂതനമായൊരു മറ്റൊരു ചരിത്രത്തിനു തുടക്കം കുറിച്ചു. 2020 ലെ കോവിഡ് മഹാമാരിയെ അതിജീവിച്ച അതെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആണ് 2026 ല്‍ അമേരിക്കന്‍ സ്വാതന്ത്ര്യത്തിന്റെ സെമിക്വിന്‍സെന്റീനിയല്‍ ആഘോഷിക്കാന്‍ നേതൃത്വം നല്‍കുന്നത്.

ഭൗതിക പുരോഗതിയും അന്തര്‍ദേശിയ മേധാവിത്വവും അമേരിക്കക്ക് നിലനിര്‍ത്താന്‍ കഴിയുന്നുണ്ടെങ്കിലും പുരോഗതിയുടെ സങ്കല്‍പ്പങ്ങളില്‍ വന്നുചേരുന്ന നവീന പരിപ്രേക്ഷ്യങ്ങള്‍ കൈവരിച്ച നേട്ടങ്ങളില്‍ പലതും സമഗ്രമായിരുന്നില്ല എന്ന് വിമര്‍ശകര്‍ വിലയിരുത്തുന്നു. അടിമത്വം നിയമംമൂലം നിരോധിച്ചിട്ടും പല മേഖലകളിലും വംശീയ വിവേചനവും സ്വത്വ പ്രതിസന്ധികളും ഇന്നും പ്രശ്ചന്നമായി നിലനില്‍ക്കുന്നതായി പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ഉള്ളവരും ഇല്ലാത്തവരും തമ്മിലുള്ള സാമ്പത്തിക അന്തരം ഭയാനകമായി വര്‍ധിക്കുകയും
വലിയ തോതില്‍ ധനകേന്ദ്രീകരണം ചെറിയൊരു ന്യുനപക്ഷത്തിലേക്കു ചുരുങ്ങുകയും ചെയ്യുന്നു.
ജനാധിപത്യ സംരക്ഷണത്തിന്റെ അഖിലലോക നേതൃത്വം അവകാശപ്പെടുന്ന അമേരിക്കയില്‍ ജനാധിപത്യ സ്ഥാപനങ്ങളിലും നീതിന്യായ സംവിധാനങ്ങളിലും വ്യാപിച്ചുവരുന്ന ജീര്‍ണ്ണതയും സജീവമായി ചര്‍ച്ച ചെയ്യേണ്ടതുണ്ട്.

മൂന്നാംലോക രാജ്യങ്ങളില്‍ പോലും കോവിഡ് അനന്തരം ആരോഗ്യ മേഖലയില്‍ നിരവധി മാറ്റങ്ങള്‍ ദൃശ്യമായിട്ടും വികസിത അമേരിക്കക്ക് സാര്‍വ്വത്രികമായ ഒരു ആരോഗ്യ പരിരക്ഷ സംവിധാനം ഉറപ്പുവരുത്തുവാന്‍ നാളിതുവരെ സാധിച്ചിട്ടില്ല. 1776 ല്‍ ശരാശരി ആയുര്‍ദൈര്‍ഘ്യം 39 വയസ്സായിരുന്നു. കോളറ വസൂരി തുടങ്ങിയ പകര്‍ച്ചവ്യാധികളും പോളിയോ പോലുള്ള വൈകല്യ രോഗങ്ങളും വ്യാപകമായി മനുഷ്യരെ കൊന്നൊടുക്കിയപ്പോള്‍ പ്രതിരോധ മാര്‍ഗ്ഗങ്ങളോ ഔഷധങ്ങളോ ഇല്ലാതെ മനുഷ്യര്‍ നിസ്സഹായരായിരുന്നു. 1796 ല്‍ ഇംഗ്ലീഷുകാരനായ എഡ്വേഡ് ജെന്നര്‍ വസൂരിക്കുള്ള പ്രതിരോധ കുത്തിവയ്പ് കണ്ടെത്തിയെങ്കിലും ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കം വരെ നാട്ടറിവുകളും നാട്ടുവൈദ്യന്മാരും മാത്രമായിരുന്നു അമേരിക്കയുടെ ആശ്രയം.

ആരോഗ്യപരിപാലന രംഗത്ത് സുപ്രധാനമായ ഒരു മാറ്റം സംഭവിക്കുന്നത് 1946 ല്‍ രോഗങ്ങള്‍ നിയന്ത്രിക്കുകയും തടയുകയും ചെയ്യുന്ന ഒരു ഫെഡറല്‍ ഏജന്‍സിയായി സി.ഡി.സി.(Centers for Disease Control and Prevention) നിലവില്‍ വരുന്നതോടെയാണ്. പകര്‍ച്ചവ്യാധികള്‍ക്ക് ചികിത്സ ഉറപ്പാക്കുക പ്രതിരോധ കുത്തിവയ്പ്പുകള്‍ എടുപ്പിക്കുക മറ്റെല്ലാ രോഗങ്ങള്‍ക്കുമുള്ള മരുന്നുകള്‍ ലഭ്യമാക്കുക ഉള്‍പ്പെടെയുള്ള ഉത്തരവാദിത്വങ്ങള്‍ സി ഡി സി യിലൂടെ ഫെഡറല്‍ സര്‍ക്കാര്‍ ഏറ്റെടുത്തു. അതെ കാലഘട്ടത്തില്‍ തന്നെ അമേരിക്കന്‍ കോണ്‍ഗ്രസ് Hill Burton Act പാസാക്കുകയും അതിലൂടെ ആശുപത്രി കെട്ടിടങ്ങള്‍ നിര്‍മ്മിക്കാന്‍ സംസ്ഥാനങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും ധനസഹായം ചെയ്യാനും ആരംഭിച്ചു.
തുടര്‍ന്നുള്ള ദശകങ്ങളില്‍ ദേശവ്യാപകമായി ആരോഗ്യരംഗവും ചികിത്സ രീതികളും വികസിച്ചു അമേരിക്ക ഗ്ലോബലും ഡിജിറ്റലുമായ ഐക്കോണ്‍ ആയി മാറുകയും ചെയ്തു.

ആയുര്‍ദൈര്‍ഘ്യം 77 ആയി ഉയര്‍ന്നുവെങ്കിലും അമേരിക്കയിലെ മൂന്നിലൊന്നു ജനവിഭാഗങ്ങള്‍ക്ക് ചികിത്സാലയങ്ങള്‍ അപ്രാപ്യവും
ചെലവുകള്‍ താങ്ങാനാകുന്നതിലും അധികവുമായി തുടരുന്നു. ലോകോത്തര ചികിത്സാ രീതികള്‍ ഉണ്ടെങ്കിലും അത്തരം കേന്ദ്രങ്ങളെയോ അവിടത്തെ വിദഗ്ധരെയോ ലഭ്യമാക്കുക സാധാരണക്കാര്‍ക്ക് എളുപ്പമല്ല. അഥവാ കണ്ടെത്തിയാലും അടുത്തെത്തുക മാസങ്ങള്‍ നീണ്ട കാത്തിരിപ്പിനു ശേഷമായിരിക്കും. ഈ ഇടവേളകളില്‍ പലരും മരണപ്പെടുകയോ ശാരീരിക അവശതകള്‍ മറക്കുന്ന മാനസിക പ്രശ്‌നങ്ങളിലേക്ക് കൂപ്പുകുത്തുകയോ ചെയ്തിട്ടുണ്ടാകും.

വ്യാവസായിക വിപ്ലവാനന്തരം രൂപംകൊണ്ട വന്‍കിട ഫാക്ടറികളില്‍ സംഭവിക്കുന്ന തൊഴില്‍ബന്ധ അപകടങ്ങളും ചികിത്സാ ചെലവുകളും പരിഗണിച്ചു മുതലാളിമാര്‍ അവിടങ്ങളിലെ തൊഴിലാളികള്‍ക്ക് എംപ്ലോയീ ഹെല്‍ത്ത് ബെനിഫിറ് പദ്ധതികള്‍ ആവിഷ്‌കരിച്ചതും ലോകമഹായുദ്ധത്തില്‍ സൈനികരെ ആകര്‍ഷിക്കാന്‍ ചികിത്സാ സഹായം സര്‍ക്കാര്‍ ഉറപ്പാക്കിയതിന്റെയും തുടര്‍ച്ചയായിട്ടാണ് ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതികള്‍ ജന്മം കൊള്ളുന്നത്. താഴ്ന്ന വരുമാനക്കാര്‍ക്ക് കുറഞ്ഞ പ്രീമിയത്തില്‍ അവശ്യമനുസരിച്ചു ചികിത്സ ഉറപ്പാക്കുന്ന ആശ്വാസ പദ്ധതി എന്ന നിലയില്‍ ആരംഭിച്ച ഇന്‍ഷുറന്‍സ് സംവിധാനമാണ് ചികിത്സാ രംഗത്തെ പ്രഥമ വില്ലനായി ഇന്ന് വേഴപ്പകര്‍ച്ച നേടിയിരിക്കുന്നത്. ഇന്നുകാണുന്ന ബ്ലൂ ക്രോസ്സ് എന്ന ഇന്‍ഷുറന്‍സിന്റെ പൂര്‍വ്വരൂപം 1929 ല്‍ ബെയ്ലര്‍ യൂണിവേഴ്‌സിറ്റി അവരുടെ ജീവനക്കാര്‍ക്ക് പ്രതിമാസം നല്‍കുന്ന നിശ്ചിത തുകക്ക് ആശുപത്രി സ്റ്റേ ഉള്‍പ്പെടെയുള്ള ചികിത്സകള്‍ വാഗ്ദാനം ചെയ്തു ആരംഭിച്ച പദ്ധതിയായിരുന്നു. ജീവനക്കാര്‍ക്ക് നല്‍കുന്ന ആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയത്തിന്റെ പൂര്‍ണ്ണമായതോ ഭാഗികമായാതോ ആയ വിഹിതം ഏറ്റെടുക്കാന്‍ തൊഴില്‍ ദാതാക്കള്‍ തയ്യാറായതും ആ തുക നികുതിമുക്തമായി സര്‍ക്കാരുകള്‍ പ്രഖ്യാപിച്ചതും
ആരോഗ്യ ഇന്‍ഷുറന്‍സ് രംഗത്ത് ഉണ്ടായ തുടര്‍ മാറ്റങ്ങളായിരുന്നു.

അത്തിന്റെ ഫലമായി ഇന്‍ഷുറന്‍സ് എന്ന ചികിത്സാ ഗ്യാരന്റി തൊഴില്‍ സംബന്ധമായ ഒരു ഉടമ്പടിയായി പരിണമിച്ചു. തൊഴില്‍ നഷ്ടമോ മാറ്റമോ ഉണ്ടാകുമ്പോള്‍ ജീവന്‍ നിലനിര്‍ത്താനുള്ള ചികിത്സാ സാധ്യതകള്‍ പ്രതിസന്ധിയിലാകുന്ന ദുഃസ്ഥിതിയുണ്ടായി. വാര്‍ദ്ധക്യം ബാധിച്ചവര്‍ക്കും തൊഴില്‍ ശേഷി നഷ്ടപ്പെട്ടവര്‍ക്കും ആരോഗ്യ സംരക്ഷണം ഉറപ്പുവരുത്തുന്നതിനായി 1965 ല്‍ ഫെഡറല്‍ സര്‍ക്കാര്‍ ആരംഭിച്ച മെഡികെയര്‍ പദ്ധതിയിലും ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ നിന്നും സര്‍ക്കാരുകള്‍ ഒഴിഞ്ഞു മാറുന്ന പ്രവണതയുടെ ഭാഗമായ ശോഷണങ്ങള്‍ സംഭവിച്ചു കൊണ്ടിരിക്കുന്നു.

പുതിയ നൂറ്റാണ്ടിന്റെ പിറവിയോടുകൂടി ഇന്‍ഷുറന്‍സ് പദ്ധതികള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാകുകയും വലിയ ലാഭംകൊയ്യുന്ന വ്യവസായമായി മാറുകയും ചെയ്തു.ചെറിയ ഡിഡക്ടബിള്‍ (രോഗി കയ്യില്‍ നിന്നും കൊടുക്കേണ്ട തുക) കാണിച്ചു ഉയര്‍ന്ന പ്രീമിയവും ചെറിയ പ്രീമിയം പറഞ്ഞു വലിയ ഡിഡക്റ്റബിള്‍ ബാധ്യതയും പൊതുജനങ്ങളുടെ പേരില്‍ അടിച്ചേല്‍പ്പിക്കുന്ന ദ്രോഹ നടപടികള്‍ സാര്‍വ്വത്രികമായി. എല്ലാ പോളിസി വ്യവസ്ഥകളും ഒരു വര്‍ഷത്തേക്ക് മാത്രമായി നിജപ്പെടുത്തുന്നതിലൂടെ അംഗങ്ങള്‍ക്ക് കാര്യമായ തുക ചെലവാക്കാതെ പന്ത്രണ്ടു മാസം വസൂലാക്കിയ പണവും കൊണ്ട് കമ്പനികള്‍ കളം വിടുന്ന അവസ്ഥയുണ്ടാകുന്നു. ജീവല്‍ ഭീഷണിയുള്ള പല രോഗങ്ങള്‍ക്കും സാധാരണ ഇന്‍ഷുറന്‍സ് കരുതല്‍ നല്‍കാത്ത അവസ്ഥ.

ഒരു ഭൂപ്രദേശത്തെ അതിന്റ രാഷ്ട്രസങ്കല്‍പ്പത്തിലേക്കു നയിക്കുന്നതില്‍ ഏറ്റവും പ്രധാനപ്പെട്ട ഘടകം അതുള്‍പ്പെടുന്ന മണ്ണിലെ മനുഷ്യ വിഭവശേഷിയാണ്. ആ ശേഷിയെ സക്രിയമാക്കി നിലനിര്‍ത്തുന്നതാകട്ടെ അവരുടെ ആരോഗ്യ സംരക്ഷണവും. ആരോഗ്യ സംരക്ഷണം പ്രാഥമികമായി ഭരിക്കുന്ന സര്‍ക്കാരുകളുടെ ഉത്തരവാദിത്വമാണ്. വികസിത രാജ്യങ്ങളുടെ കൂട്ടത്തില്‍ ഏറ്റവും കൂടുതല്‍ ചികിത്സാ ചെലവുള്ള രാജ്യം അമേരിക്കയാണ്. ഹോസ്പിറ്റല്‍ ബില്ലുകള്‍ കൂടുന്നതിന്റെ
കാരണമായി അധികാരികള്‍ നിരത്തുന്ന ന്യായങ്ങള്‍ ഇങ്ങനെയാണ്. മരുന്നുകളുടെ വിലനിര്‍ണ്ണയത്തില്‍ സര്‍ക്കാര്‍ ഇടപെടലുകള്‍ അസാധ്യമായതിനാല്‍ ആഗോള ഔഷധ വിപണിയിലെ അമേരിക്കയിലെ ഏറ്റവും ഉയര്‍ന്ന വിലനിലവാരം, നൂറുകണക്കിന് ഇന്‍ഷുറന്‍സ് കമ്പനികളുമായി അവര്‍ ഏറ്റെടുത്തിരിക്കുന്ന വ്യത്യസ്തമായ ബാധ്യതകള്‍ സംബന്ധിച്ച വ്യവസ്ഥകള്‍ ബോധ്യപ്പെടുത്തി അവരില്‍നിന്നും പണം ഈടാക്കാന്‍ ഉണ്ടാകുന്ന ഭാരിച്ച ഭരണച്ചെലവ്, ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നല്‍കുന്ന ഏറ്റവും ഉയര്‍ന്ന പ്രതിഫലം, ഔഷധ നിര്‍മ്മാണ രംഗത്തും രോഗ പ്രതിരോധ മേഖലയിലും നടന്നുവരുന്ന ഗൗരവകരമായ റിസേര്‍ച്ചുകള്‍ക്കും നവീകരണങ്ങള്‍ക്കും നടത്തുന്ന ധനസഹായങ്ങള്‍, അത്യാധുനിക യന്ത്ര സഹായങ്ങളോടെയുള്ള രോഗ നിര്‍ണ്ണയം, അങ്ങനെ നീളുന്ന പട്ടികകള്‍.

ഡോക്ടര്‍മാരുമായുള്ള സാധാരണക്കാരുടെ അകലവും അപ്രാപ്യതയും, അമേരിക്കന്‍ പൗരന്മാരില്‍ തന്നെ 27 മില്ലിയന്‍ ആളുകളും കുടിയേറ്റക്കാരായ പൗരത്വം ഇല്ലാത്തവരിലേറെയും അനുഭവിക്കുന്ന ഇന്‍ഷുറന്‍സ് പരിരക്ഷയുടെ അഭാവവും ഈ വാര്‍ഷിക വേളയില്‍ ചിന്താ വിഷയമാകുമ്പോള്‍ ചികിത്സാ പിഴവുകൊണ്ടോ മെഡിക്കല്‍ അവഗണകൊണ്ടോ അമേരിക്കയില്‍ പ്രതി വര്‍ഷം മരണപ്പെടുന്ന രോഗികളുടെ എണ്ണം കാല്‍ മില്യണിലേറെയാണെന്നു ജോണ്‍ ഹോപ്കിന്‍സ് ഉള്‍പ്പെടെയുള്ള പ്രമുഖ സര്‍വ്വകലാശാലകളുടെ റിസേര്‍ച്ചുകള്‍ വ്യക്തമാക്കുന്നു. പണമില്ലെങ്കിലും ഉണ്ടെങ്കിലും അത്യാസന്ന നിലയിലുള്ള ഏതു രോഗിയുടെയും ആരോഗ്യ സ്ഥിതി സ്ഥിരതയുള്ളതാക്കാന്‍ അനുശാസിക്കുന്ന EMTALA
(Emergency medical Treatment and Labor Act)
എന്ന കര്‍ശന നിയമം നിലവിലുണ്ടെങ്കിലും അമേരിക്കയില്‍ ഇത്തരം കുറ്റങ്ങള്‍ ക്രിമിനല്‍ പരിധിയില്‍ വരുന്നില്ല. സിവില്‍ കോടതി പരിഹാരം മാത്രമേ സാധ്യമാകു.അവിടെയും വീഴ്ച്ച കോടതിയെ ബോധ്യപ്പെടുത്താന്‍ മറ്റൊരു ഡോക്ടറെ സാക്ഷിയാക്കി (expert witness) കോടതിയില്‍ എത്തിക്കേണ്ടതും പരാതിക്കാരന്റെ ബാധ്യതയാണ്.
ഒരു ജൂറിയോ ജഡ്ജോ മാത്രം വാദം കേള്‍ക്കുന്ന ഇത്തരം കേസുകളില്‍ ഭൂരിഭാഗവും ഇന്‍ഷുറന്‍സ് കമ്പനികളും അഭിഭാഷകരും ചേര്‍ന്ന് കോടതിക്ക് പുറത്തു ഒത്തുതീര്‍ക്കുകയാണ് പതിവ് രീതി.

America’s quarter-millennium

Share Email
Top