ചൈനയുടെ കടുത്ത മറുപടി: ‘ചൈന ഭീഷണി’ എന്ന വ്യാജാരോപണം അമേരിക്ക ഉപേക്ഷിക്കണം

ചൈനയുടെ കടുത്ത മറുപടി: ‘ചൈന ഭീഷണി’ എന്ന വ്യാജാരോപണം അമേരിക്ക ഉപേക്ഷിക്കണം

ബീജിംഗ്: ആർട്ടിക് മേഖലയിലെ ചൈനീസ് സാന്നിധ്യത്തെ ‘ഭീഷണി’യായി ചിത്രീകരിക്കുന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നിലപാടിനെതിരെ ശക്തമായ പ്രതികരണവുമായി ചൈനീസ് വിദേശകാര്യ മന്ത്രാലയം രംഗത്തെത്തി.
തങ്ങളുടെ സ്വാർത്ഥ താൽപ്പര്യങ്ങൾ സംരക്ഷിക്കാനായി ‘ചൈന ഭീഷണി’ എന്ന പേരിൽ വ്യാജ ആരോപണങ്ങൾ ഉന്നയിക്കുന്നത് അമേരിക്ക ഉടൻ നിർത്തണമെന്ന് മന്ത്രാലയ വക്താവ് ഗുവോ ജിയാകുൻ ബീജിംഗിലെ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.

ഗ്രീൻലാൻഡ് സംബന്ധിച്ച് ചൈന ഇതിനകം തന്നെ തങ്ങളുടെ നിലപാട് നിരവധി തവണ വ്യക്തമാക്കിയിട്ടുണ്ടെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ആർട്ടിക് മേഖലയിൽ ചൈനയുടെയും റഷ്യയുടെയും സ്വാധീനം തടയാൻ ഗ്രീൻലാൻഡ് അമേരിക്കയുടെ ഭാഗമാകണമെന്ന ട്രംപിന്റെ പ്രസ്താവനയാണ് പുതിയ വിവാദങ്ങൾക്ക് കാരണമായത്. കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിലൂടെ ട്രംപ് പറഞ്ഞത്, വടക്കേ അമേരിക്കയെ ബാലിസ്റ്റിക് മിസൈലുകളിൽ നിന്ന് സംരക്ഷിക്കുന്നതിനായി ‘ഗോൾഡൻ ഡോം’ എന്ന മിസൈൽ പ്രതിരോധ സംവിധാനം സ്ഥാപിക്കാൻ ഗ്രീൻലാൻഡിന്റെ സഹകരണം അത്യന്താപേക്ഷിതമാണെന്നാണ്.

ഐക്യരാഷ്ട്രസഭയുടെ ചാർട്ടറിന്റെയും അന്താരാഷ്ട്ര നിയമങ്ങളുടെയും അടിസ്ഥാനത്തിലാണ് നിലവിലെ ലോക ക്രമം നിലനിൽക്കുന്നതെന്നും ഇവ ലംഘിക്കപ്പെടാൻ പാടില്ലെന്നും ചൈനീസ് വക്താവ് ഊന്നിപ്പറഞ്ഞു. ഗ്രീൻലാൻഡിന്റെ പരമാധികാരത്തെയും പ്രാദേശിക സ്വാതന്ത്ര്യത്തെയും മാനിക്കണമെന്ന പരോക്ഷ സന്ദേശമാണ് ചൈന ഈ പ്രതികരണത്തിലൂടെ നൽകുന്നത്. ആർട്ടിക് മേഖലയിലെ ഭൗമ-രാഷ്ട്രീയ സംഘർഷങ്ങൾ കൂടുതൽ രൂക്ഷമാകുന്ന സാഹചര്യത്തിലാണ് ചൈനയുടെ ഈ കടുത്ത നിലപാട് ശ്രദ്ധേയമാകുന്നത്.

Share Email
LATEST
More Articles
Top