മിനസോട്ട: മിനസോട്ടയിലെ ജനങ്ങളുടെ സ്വകാര്യ വിവരങ്ങളും വോട്ടർ പട്ടികയും ഫെഡറൽ അധികൃതർക്ക് കൈമാറണമെന്ന ട്രംപ് ഭരണകൂടത്തിന്റെ ആവശ്യം മിനസോട്ട ഗവർണർ ടിം വാൾസ് തള്ളി. കുടിയേറ്റ നിയന്ത്രണത്തിന്റെ പേരിൽ സംസ്ഥാനത്തെ ‘സാങ്ച്വറി സിറ്റി’ നയം പിൻവലിക്കണമെന്ന ആവശ്യവും ഗവർണർ നിരാകരിച്ചു. ട്രംപിന്റെ ഈ നീക്കം ഗൗരവകരമായ ഒന്നല്ലെന്ന് അദ്ദേഹം വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. യുഎസ് അറ്റോർണി ജനറൽ പാം ബോണ്ടി കഴിഞ്ഞ ശനിയാഴ്ച ഗവർണർക്ക് അയച്ച കത്താണ് വിവാദങ്ങൾക്ക് ആധാരം.
സംസ്ഥാനത്തെ വോട്ടർ പട്ടിക, മെഡിക്കെയ്ഡ്, ഭക്ഷ്യ സഹായം എന്നിവ സ്വീകരിക്കുന്നവരുടെ സ്വകാര്യ വിവരങ്ങൾ ജസ്റ്റിസ് ഡിപ്പാർട്ട്‌മെന്റിന് നൽകണമെന്നായിരുന്നു പ്രധാന ആവശ്യം.
കുടിയേറ്റക്കാരെ സംരക്ഷിക്കുന്ന സാങ്ച്വറി നയങ്ങൾ റദ്ദാക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. രാജ്യത്തെ നിയമങ്ങൾ നടപ്പിലാക്കാൻ മിനസോട്ട ഡെമോക്രാറ്റുകൾ സഹകരിക്കണമെന്നും അല്ലാത്തപക്ഷം അത് അക്രമങ്ങൾക്ക് ആക്കം കൂട്ടുമെന്നും പ്രസിഡന്റ് ട്രംപ് മുന്നറിയിപ്പ് നൽകി.
മിനസോട്ടയുടെ വോട്ടർ പട്ടിക തട്ടിയെടുക്കാനുള്ള ശ്രമമാണ് ഭരണകൂടം നടത്തുന്നതെന്ന് ഡെമോക്രാറ്റിക് നാഷണൽ കമ്മിറ്റി കുറ്റപ്പെടുത്തി.മിനിയാപൊളിസിലെ വെടിവെയ്പ്പിനെത്തുടർന്ന് രൂപപ്പെട്ട സംഘർഷാവസ്ഥ ഇപ്പോൾ സംസ്ഥാന-ഫെഡറൽ സർക്കാരുകൾ തമ്മിലുള്ള ഭരണഘടനാപരമായ പോരാട്ടമായി മാറിയിരിക്കുകയാണ്.













