മുങ്ങിമരണങ്ങളില്‍ ബോധവല്‍ക്കരണവുമായി ഫൊക്കാനയുടെ ‘സ്വിം കേരള സ്വിം’ സമാപനം 18-ന് പാലായില്‍

മുങ്ങിമരണങ്ങളില്‍ ബോധവല്‍ക്കരണവുമായി ഫൊക്കാനയുടെ ‘സ്വിം കേരള സ്വിം’ സമാപനം 18-ന് പാലായില്‍

എ.എസ് ശ്രീകുമാര്‍

കോട്ടയം: ഫൊക്കാന, വൈക്കം ആസ്ഥാനമായുള്ള മൈല്‍ സ്റ്റോണ്‍ സ്വിമ്മിങ് പ്രമോട്ടിങ് ചാരിറ്റബിള്‍ സൊസൈറ്റിയും (എം.എസ്.പി.എസ്) പാലാ മുനിസിപ്പാലിറ്റിയുമായി കൈകോര്‍ത്ത് സംഘടിപ്പിക്കുന്ന ‘സ്വിം കേരള സ്വിം’ പദ്ധതിയുടെ നാലാംഘട്ട സൗജന്യ നീന്തല്‍ പരിശീലത്തിന്റെ സമാപന സമ്മേളനവും സര്‍ട്ടിഫിക്കറ്റ് വിതരണവും വരുന്ന 18-ാം തീയതി ഞായറാഴ്ച വൈകുന്നേരം അഞ്ചു മണിക്ക് പാലാ സെന്റ് തോമസ് കോളേജ് സ്വിമ്മിങ് പൂളില്‍ നടക്കുമെന്ന് ഫൊക്കാന പ്രസിഡന്റ് സജിമോന്‍ ആന്റണി അറിയിച്ചു.

സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ സംബന്ധിക്കുന്ന പരിപാടിയില്‍ സഹകരണ വകുപ്പു മന്ത്രി വി.എന്‍ വാസവന്‍ ഉദ്ഘാടനം നിര്‍വഹിക്കുകയും സര്‍ട്ടിഫിക്കറ്റ് വിതരണം നിര്‍വഹിക്കുകയും ചെയ്യും. എം.പിമാരായ ജോസ് കെ മാണി, ഫ്രാന്‍സിസ് ജോര്‍ജ്, മാണി സി കാപ്പന്‍ എം.എല്‍.എ, പാലാ മുനിസിപ്പാലിറ്റി ചെയര്‍പേഴ്‌സണ്‍ ദിവ്യ പുളിക്കണ്ടം, ദേശീയ മുന്‍ നീന്തല്‍ താരവും കൗണ്‍സിലറുമായ ബിനു പുളിക്കണ്ടം, എം.എസ്.പി.എസ് വൈസ് പ്രസിഡന്റ് ദിലീപ് കുമാര്‍, സിനിമാ നടി ഊര്‍മിള ഉണ്ണി, കേരളാ സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഗവേണിംഗ് ബോഡി അംഗം സിജിത അനില്‍, സെന്റ് തോമസ് കോളേജ് ബസ്സര്‍ ഫാ. മാത്യു ആലപ്പാട്ടുമേടയില്‍, ഫൊക്കാന കേരള പ്രതിനിധിയും നടനുമായ സുനില്‍ പാലയ്ക്കല്‍, മുന്‍സിപ്പല്‍ കൗണ്‍സിലര്‍ പ്രിന്‍സി സണ്ണി എന്നിവര്‍ സമ്മേളനത്തില്‍ ആശംസകള്‍ അറിയിക്കും.

കഴിഞ്ഞ വര്‍ഷം ഫൊക്കാന കേരള കണ്‍വന്‍ഷന്റെ ഭാഗമായി കുമരകത്തെ ഗോകുലം ഗ്രാന്റ് ഫൈവ് സ്റ്റാര്‍ റിസോര്‍ട്ടിലെ സ്വിമ്മിങ് പൂളില്‍ കുട്ടികളുടെ ആവേശകരമായ നീന്തല്‍ പ്രകടനത്തോടെ, ജാഗ്രതയും കരുതലുമെന്ന സന്ദേശം പകര്‍ന്ന് ‘സ്വിം കേരള സ്വിം’ പദ്ധതിയുടെ മൂന്നാം ഘട്ടം വിജയകരമായി നടന്നിരുന്നു. ഇക്കുറി 500-ലധികം വിദ്യാര്‍ത്ഥികളാണ് ഗ്രാന്റ് പിനാലെയില്‍ പങ്കെടുക്കുന്നതെന്ന് മൈല്‍ സ്റ്റോണ്‍ സ്വിമ്മിങ് പ്രമോട്ടിങ് ചാരിറ്റബിള്‍ സൊസൈറ്റിയുടെ സെക്രട്ടറിയും റിട്ടയേഡ് എയര്‍ഫോഴ്സ് ഉദ്യോഗസ്ഥനുമായ ഡോ. ആര്‍ പൊന്നപ്പന്‍ പറഞ്ഞു.

കുട്ടികളുടെ സ്വയരക്ഷ, പരിരക്ഷ, വ്യായാമം, ഉല്ലാസം എന്നിവയ്ക്ക് പുറമേ പ്രകൃതിദുരന്തങ്ങളെ നേരിടാനുള്ള മുറകളും പരിശീലനത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. ശ്വാസനിയന്ത്രണം, വെള്ളത്തില്‍ പൊങ്ങിക്കിടക്കല്‍, കൈകാലുകള്‍ കൊണ്ടുള്ള തുഴയല്‍ തുടങ്ങിയ വിവിധ ഘട്ടങ്ങള്‍ അടങ്ങുന്നതായിരുന്നു പരിശീലന പദ്ധതി. അന്താരാഷ്ട്ര നീന്തല്‍താരം എസ്.പി മുരളീധരന്‍ ആണ് സ്വിം കേരള സ്വിം പരിശീലന പരിപാടിക്ക് നേതൃത്വം നല്‍കുന്നത്

പ്രതിവര്‍ഷം നിരവധി പേര്‍ വെള്ളത്തില്‍ മുങ്ങിമരിക്കുന്ന സാഹചര്യത്തില്‍ ജലസുരക്ഷാ ബോധവത്ക്കരണം ശക്തമാക്കുക എന്ന ഉദ്ദേശത്തോടെയാണ് ഈ പ്രോജക്ട് ആവിഷ്‌ക്കരിച്ചിരിക്കുന്നതെന്നും ഇതുവരെ ദേശീയ-അന്തര്‍ദേശീയ തലത്തിലുള്ള ഒരു സംഘടനയും ശ്രദ്ധിക്കാത്ത ഒരു മേഖലയാണിതെന്ന് മനസിലായതുകൊണ്ടാണ് ഫൊക്കാന ഈ രംഗത്തേയ്ക്ക് എത്തിയതെന്നും സജിമോന്‍ ആന്റണി ചൂണ്ടിക്കാട്ടി.

FOKANA Swim Kerala Swim final ceremony and certificate distribution at Pala on 18th Sunday 5 pm

Share Email
LATEST
More Articles
Top