ബംഗ്ലാദേശിൽ ക്രൂരമായ ആൾക്കൂട്ട ആക്രമണത്തിനിരയായ ഹിന്ദു വ്യാപാരി മരിച്ചു; വിടവാങ്ങിയത് പൊള്ളലേറ്റു ചികിത്സയിലിരിക്കെ മരണം

ബംഗ്ലാദേശിൽ ക്രൂരമായ ആൾക്കൂട്ട ആക്രമണത്തിനിരയായ ഹിന്ദു വ്യാപാരി മരിച്ചു; വിടവാങ്ങിയത് പൊള്ളലേറ്റു ചികിത്സയിലിരിക്കെ മരണം
Share Email

ബംഗ്ലാദേശിലെ ശരിയത്ത്പൂർ ജില്ലയിൽ ആൾക്കൂട്ടം തീകൊളുത്തിയ ഹിന്ദു വ്യാപാരി ഖോകോൺ ചന്ദ്ര ദാസ് (50) അന്തരിച്ചു. ഗുരുതരമായി പൊള്ളലേറ്റ് ധാക്ക ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹം ശനിയാഴ്ച പുലർച്ചെയാണ് മരണത്തിന് കീഴടങ്ങിയത്. ഡിസംബർ 31-ന് രാത്രി തന്റെ കട പൂട്ടി വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ഒരു സംഘം ആളുകൾ ഇദ്ദേഹത്തെ തടഞ്ഞുനിർത്തി പെട്രോൾ ഒഴിച്ച് തീകൊളുത്തിയത്.

ആക്രമണ സമയത്ത് പ്രാണരക്ഷാർത്ഥം അടുത്തുള്ള കുളത്തിലേക്ക് ചാടിയതിനാൽ ഖോകോൺ ദാസ് തൽക്ഷണം രക്ഷപ്പെട്ടിരുന്നുവെങ്കിലും ശരീരത്തിന്റെ ഭൂരിഭാഗവും പൊള്ളലേറ്റിരുന്നു. നില വഷളായതിനെത്തുടർന്ന് അദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരിക്കുകയായിരുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ബംഗ്ലാദേശിൽ ഹിന്ദു ന്യൂനപക്ഷങ്ങൾക്കെതിരെ തുടരുന്ന ആൾക്കൂട്ട ആക്രമണങ്ങളുടെ ഏറ്റവും പുതിയ ഇരയാണ് ഖോകോൺ ദാസ്. രണ്ടാഴ്ചയ്ക്കിടെ ആൾക്കൂട്ട കൊലപാതകത്തിന് ഇരയാകുന്ന നാലാമത്തെ ഹിന്ദു മതവിശ്വാസിയാണ് ഇദ്ദേഹം.

ഖോകോൺ ദാസിന്റെ മരണം ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങൾക്കിടയിൽ വലിയ പ്രതിഷേധത്തിനും ഭീതിക്കും കാരണമായിട്ടുണ്ട്. കുടുംബത്തിന്റെ ഏക വരുമാന മാർഗ്ഗമായിരുന്നു ഖോകോൺ. അക്രമികളെ ഉടൻ പിടികൂടണമെന്നും ന്യൂനപക്ഷങ്ങൾക്ക് സുരക്ഷ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് വിവിധ സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്. സംഭവത്തിൽ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ബംഗ്ലാദേശ് ഇടക്കാല സർക്കാർ ആവർത്തിക്കുന്നുണ്ടെങ്കിലും അതിക്രമങ്ങൾ തുടരുന്നത് വലിയ ആശങ്കയ്ക്കാണ് ഇടയാക്കുന്നത്.


Share Email
LATEST
More Articles
Top