ടെഹ്‌റാൻ: ഇറാനിലെ ജനകീയ പ്രക്ഷോഭങ്ങൾ അടിച്ചമർത്തുന്നതിൽ അമേരിക്ക ഇടപെടുകയാണെങ്കിൽ പശ്ചിമേഷ്യയിലെ യുഎസ് സൈനിക താവളങ്ങളെയും വാണിജ്യ കേന്ദ്രങ്ങളെയും ലക്ഷ്യമിടുമെന്ന് ഇറാൻ പാർലമെന്‍റ് സ്പീക്കർ മുഹമ്മദ് ബഖർ ഖാലിബാഫ് മുന്നറിയിപ്പ് നൽകി. ഇറാൻ ഭരണകൂടം സമാധാനപരമായി പ്രക്ഷോഭകരെ നേരിടാൻ ശ്രമിക്കുന്നതിനിടെ യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് നടത്തിയ സൈനിക ഭീഷണിക്ക് മറുപടിയായാണ് ഖാലിബാഫിന്റെ പ്രസ്താവന.
ഇറാനോ അല്ലെങ്കിൽ ഇറാന്‍റെ സ്വാധീനമേഖലകളോ ലക്ഷ്യമിട്ട് അമേരിക്ക സൈനിക നീക്കം നടത്തിയാൽ, ഈ മേഖലയിലെ അമേരിക്കയുടെ സൈനിക കേന്ദ്രങ്ങളും ചരക്ക് നീക്കങ്ങളും നിയമപരമായ ലക്ഷ്യസ്ഥാനങ്ങളായി പരിഗണിക്കുമെന്ന് ഖാലിബാഫ് വ്യക്തമാക്കി. ഒരു ആക്രമണം നടന്നതിനുശേഷം മാത്രം പ്രതികരിക്കുക എന്ന രീതിയിലായിരിക്കില്ല ഇറാന്‍റെ നടപടിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതായത്, അമേരിക്കൻ ഭീഷണി നിലനിൽക്കെ തന്നെ മുൻകൂർ പ്രതിരോധ നടപടികൾ സ്വീകരിക്കാൻ ഇറാൻ മടിക്കില്ല എന്ന സൂചനയാണ് അദ്ദേഹം നൽകിയത്.
ഇറാനിൽ പ്രതിഷേധക്കാർക്ക് നേരെ സുരക്ഷാ സേന വെടിയുതിർത്താൽ തിരിച്ചടിക്കുമെന്ന് ട്രംപ് കഴിഞ്ഞ ദിവസം ആവർത്തിച്ചിരുന്നു. ഇതേത്തുടർന്നാണ് ഇറാൻ തങ്ങളുടെ സൈനിക നിലപാട് കടുപ്പിച്ചത്. പശ്ചിമേഷ്യയിൽ ഇറാന്‍റെയും അമേരിക്കയുടെയും താത്പര്യങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടൽ ഒരു വലിയ പ്രാദേശിക യുദ്ധത്തിലേക്ക് നയിച്ചേക്കാമെന്ന ആശങ്ക രാജ്യാന്തര സമൂഹം പ്രകടിപ്പിച്ചിട്ടുണ്ട്. ഇറാനിലെ ഇന്‍റർനെറ്റ് നിരോധനവും പ്രതിഷേധങ്ങളിലെ കൊലപാതകങ്ങളും സംബന്ധിച്ച വാർത്തകൾ പുറത്തുവന്നുകൊണ്ടിരിക്കെയാണ് ഈ പുതിയ ഭീഷണി.













