അമേരിക്ക ഫസ്റ്റ് നയത്തിന്‍റെ ലംഘനം, കടുത്ത വിമർശനവുമായി മാർജറി ടെയ്‌ലർ ഗ്രീൻ; ട്രംപ് ഭരണകൂടത്തിന്‍റെ വാദം തള്ളി

അമേരിക്ക ഫസ്റ്റ് നയത്തിന്‍റെ ലംഘനം, കടുത്ത വിമർശനവുമായി മാർജറി ടെയ്‌ലർ ഗ്രീൻ; ട്രംപ് ഭരണകൂടത്തിന്‍റെ വാദം തള്ളി

വാഷിംഗ്ടൺ: വെനസ്വേലയിലെ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ പിടികൂടാനുള്ള അമേരിക്കൻ സൈനിക ഇടപെടലിനെ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ‘അമേരിക്ക ഫസ്റ്റ്’ നയത്തിന്റെ ലംഘനമായി ചിത്രീകരിച്ച് റിപ്പബ്ലിക്കൻ കോൺഗ്രസ് അംഗം മാർജറി ടെയ്‌ലർ ഗ്രീൻ രൂക്ഷ വിമർശനം ഉന്നയിച്ചു. മഡുറോയെ നീക്കം ചെയ്തത് മയക്കുമരുന്ന് കടത്ത് തടയാനാണെന്ന ഭരണകൂടത്തിന്റെ വാദം തള്ളിക്കളഞ്ഞ ഗ്രീൻ, അങ്ങനെയെങ്കിൽ മെക്സിക്കൻ കാർട്ടലുകൾക്കെതിരെ എന്തുകൊണ്ട് സമാന നടപടി സ്വീകരിക്കുന്നില്ലെന്ന് ചോദിച്ചു. എൻബിസിയുടെ ‘മീറ്റ് ദി പ്രസ്’ പരിപാടിയിലാണ് അവർ തന്റെ അതൃപ്തി പ്രകടിപ്പിച്ചത്.

മാഗാ പ്രസ്ഥാനത്തിന്റെ പിന്തുണയോടെ അധികാരത്തിലെത്തിയ ട്രംപ്, വിദേശരാജ്യങ്ങളിലെ അനാവശ്യ യുദ്ധങ്ങളിൽ നിന്നും ഭരണമാറ്റ ശ്രമങ്ങളിൽ നിന്നും അമേരിക്കയെ അകറ്റി നിർത്തുമെന്ന് വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ ഇപ്പോഴും വാഷിംഗ്ടണിന്റെ പഴയ നയതന്ത്ര രീതി തന്നെയാണ് തുടരുന്നതെന്ന് ഗ്രീൻ ആരോപിച്ചു. ഈ ഇടപെടൽ അമേരിക്കൻ ജനതയ്ക്കല്ല, മറിച്ച് വമ്പിച്ച കോർപ്പറേറ്റുകൾക്കും ബാങ്കുകൾക്കും എണ്ണ കമ്പനികൾക്കുമാണ് പ്രയോജനം ചെയ്യുന്നതെന്നും അവർ കുറ്റപ്പെടുത്തി. മാഗാ പ്രവർത്തകർ ഇതിൽ അസ്വസ്ഥരാണെന്നും ഗ്രീൻ കൂട്ടിച്ചേർത്തു.

മഡുറോയെ മാറ്റിയത് മയക്കുമരുന്ന് പ്രശ്നം പരിഹരിക്കാനല്ല, വെനസ്വേലയിലെ എണ്ണ ശേഖരങ്ങൾ നിയന്ത്രിക്കാനാണെന്ന് അവർ ആരോപിച്ചു. ലക്ഷക്കണക്കിന് അമേരിക്കക്കാരുടെ ജീവൻ അപഹരിക്കുന്ന മെക്സിക്കൻ മയക്കുമരുന്ന് സംഘങ്ങളെ ട്രംപ് തൊടുന്നില്ലെന്നും അവർ ചൂണ്ടിക്കാട്ടി. വിദേശ യുദ്ധങ്ങളിൽ ഇടപെടാതിരിക്കുമെന്ന് വിശ്വസിച്ച് വോട്ട് ചെയ്തവർക്ക് ഇത് വലിയ തിരിച്ചടിയാണെന്നും ഗ്രീൻ പറഞ്ഞു.

Share Email
Top