വാഷിംഗ്ടൺ: മിനിയാപൊളിസിൽ ഇമിഗ്രേഷൻ ഏജന്റുമാരുടെ വെടിയേറ്റ് കൊല്ലപ്പെട്ട അലക്സ് പ്രെറ്റിയും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മിൽ ജനുവരി 13-ന് നടന്ന സംഘർഷത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. കൊല്ലപ്പെടുന്നതിന് 11 ദിവസം മുൻപ് നടന്ന ഈ സംഭവത്തിൽ, പ്രെറ്റിയുടെ കൈവശം തോക്കുണ്ടായിരുന്നതായി ദൃശ്യങ്ങൾ സൂചിപ്പിക്കുന്നുണ്ടെങ്കിലും അദ്ദേഹം അത് ഉപയോഗിക്കാൻ ശ്രമിച്ചതായി കാണുന്നില്ല. മിനിയാപൊളിസിൽ നടന്ന ഒരു പ്രതിഷേധത്തിനിടെ ഫെഡറൽ ഏജന്റുമാരുടെ വാഹനത്തിന്റെ ബാക്ക് ലൈറ്റ് പ്രെറ്റി ചവിട്ടിപ്പൊട്ടിച്ചതിനെത്തുടർന്നാണ് സംഘർഷം ആരംഭിച്ചത്.
ഏജന്റുമാർ പ്രെറ്റിയെ ബലമായി നിലത്ത് വീഴ്ത്തുന്നതും അദ്ദേഹം അവരോട് തട്ടിക്കയറുന്നതും വീഡിയോയിലുണ്ട്. മൽപിടുത്തത്തിനിടയിൽ പ്രെറ്റിയുടെ കോട്ട് ഊരിപ്പോവുകയും അദ്ദേഹം ഓടി രക്ഷപ്പെടുകയും ചെയ്തു. പ്രെറ്റി തിരിഞ്ഞോടുമ്പോൾ അദ്ദേഹത്തിന്റെ അരക്കെട്ടിൽ ഒരു കൈത്തോക്ക് ഇരിക്കുന്നത് വീഡിയോയിൽ വ്യക്തമാണ്. എന്നാൽ ഏജന്റുമാർക്കെതിരെ അദ്ദേഹം ഇത് പുറത്തെടുക്കുകയോ ഉപയോഗിക്കാൻ ശ്രമിക്കുകയോ ചെയ്തില്ല. ഈ തോക്ക് ഏജന്റുമാരുടെ ശ്രദ്ധയിൽപ്പെട്ടോ എന്ന കാര്യത്തിലും വ്യക്തതയില്ല.
അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് പ്രകാരം, വീഡിയോയിലുള്ളത് പ്രെറ്റി തന്നെയാണെന്ന് അദ്ദേഹത്തിന്‍റെ കുടുംബവുമായി അടുത്ത വൃത്തങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്. ഈ സംഭവത്തെക്കുറിച്ച് പ്രെറ്റി തന്‍റെ കുടുംബത്തോട് സംസാരിച്ചിരുന്നു. കൊല്ലപ്പെട്ട ദിവസം പ്രെറ്റിയുടെ കൈവശം തോക്കുണ്ടായിരുന്നുവെന്ന ഭരണകൂടത്തിന്റെ വാദത്തിന് ഈ വീഡിയോ പുതിയ മാനങ്ങൾ നൽകുന്നു. മുമ്പും ഏജന്റുമാരുമായി പ്രെറ്റിക്ക് സംഘർഷമുണ്ടായിരുന്നുവെന്നും അന്നും അദ്ദേഹം തോക്ക് ഉപയോഗിച്ചിരുന്നില്ലെന്നും ചൂണ്ടിക്കാട്ടി പ്രതിഷേധക്കാർ രംഗത്തെത്തിയിട്ടുണ്ട്. ഈ ദൃശ്യങ്ങൾ കേസിന്റെ അന്വേഷണത്തിൽ നിർണ്ണായകമായേക്കും.













