വാഷിംഗ്ടൺ: അഫോർഡബിൾ കെയർ ആക്റ്റ് അഥവാ ഒബാമകെയർ പദ്ധതി പ്രകാരം 2026ലേക്ക് ഇൻഷുറൻസ് എടുത്തവരുടെ എണ്ണത്തിൽ 12 ലക്ഷത്തോളം കുറവുണ്ടായതായി ഫെഡറൽ ഡാറ്റ. കേന്ദ്ര സർക്കാർ നൽകി വന്ന വർദ്ധിപ്പിച്ച സബ്‌സിഡികൾ നിർത്തലാക്കിയതോടെ പ്രതിമാസ പ്രീമിയം തുക കുതിച്ചുയർന്നതാണ് ഈ കൊഴിഞ്ഞുപോക്കിന് പ്രധാന കാരണം. സെന്റേഴ്‌സ് ഫോർ മെഡിക്കെയർ ആൻഡ് മെഡിഎയ്‌ഡ് സർവീസസ് പുറത്തുവിട്ട കണക്കുകൾ പ്രകാരം 22.9 ദശലക്ഷം (2.29 കോടി) ആളുകളാണ് 2026-ലേക്ക് ഇൻഷുറൻസ് തിരഞ്ഞെടുത്തത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 24.2 ദശലക്ഷമായിരുന്നു.
സബ്‌സിഡികൾ അവസാനിച്ചതോടെ പലർക്കും ഇൻഷുറൻസ് തുക ഇരട്ടിയോ അതിലധികമോ ആയി വർദ്ധിച്ചു. കെ.എഫ്.എഫിന്റെ കണക്കുകൾ പ്രകാരം ശരാശരി വാർഷിക പ്രീമിയം 888 ഡോളറിൽ നിന്ന് 1,904 ഡോളറായി ഉയർന്നു (ഏകദേശം 114% വർദ്ധനവ്). പലരും പുതിയ നിരക്ക് അറിയാതെ തനിയെ ഇൻഷുറൻസ് പുതുക്കിയിട്ടുണ്ട്. എന്നാൽ ഏപ്രിലിൽ ആദ്യ ബില്ല് വരുമ്പോൾ തുക കൂടുതലാണെന്ന് കണ്ട് പലരും ഇൻഷുറൻസ് ഉപേക്ഷിക്കാൻ സാധ്യതയുണ്ടെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
“ഈ കണക്കുകൾ മുഴുവൻ കഥയും പറയുന്നില്ല. ചികിത്സാ ചിലവ് താങ്ങാൻ കഴിയില്ലെന്ന് ബോധ്യമാകുന്നതോടെ വരും മാസങ്ങളിൽ ഇൻഷുറൻസ് ഉപേക്ഷിക്കുന്നവരുടെ എണ്ണം ഇതിലും വേഗത്തിൽ വർദ്ധിക്കും,” പ്രൊട്ടക്ട് അവർ കെയർ ചെയർപേഴ്‌സൺ ലെസ്ലി ഡാച്ച് പറഞ്ഞു. സബ്‌സിഡികൾ പുനഃസ്ഥാപിക്കാൻ ജനപ്രതിനിധി സഭയിൽ വോട്ടെടുപ്പ് നടന്നുവെങ്കിലും സെനറ്റിൽ ഇതുവരെയും അന്തിമ തീരുമാനമായിട്ടില്ല. ഇൻഷുറൻസ് ഇല്ലാത്തവരുടെ എണ്ണം കൂടുന്നത് രാജ്യത്തെ ആശുപത്രികളെയും ആരോഗ്യ മേഖലയെയും പ്രതിസന്ധിയിലാക്കുമെന്ന ആശങ്ക ശക്തമാണ്.













