വാഷിംഗ്ടൺ: വെനസ്വേലയിൽ നിക്കോളാസ് മഡൂറോയെ അധികാരത്തിൽ നിന്ന് നീക്കിയ സൈനിക നീക്കത്തിന് പിന്നാലെ, രാജ്യത്തെ പുതിയ ഇടക്കാല ഭരണകൂടത്തിന് നേരെയും കടുത്ത മുന്നറിയിപ്പുമായി അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ. അമേരിക്കയുടെ ലക്ഷ്യങ്ങളുമായി സഹകരിച്ചില്ലെങ്കിൽ വെനസ്വേലയിൽ വീണ്ടും സൈനിക ശക്തി ഉപയോഗിക്കാൻ മടിക്കില്ലെന്ന് അദ്ദേഹം ബുധനാഴ്ച സെനറ്റ് ഫോറിൻ റിലേഷൻസ് കമ്മിറ്റിയിൽ സാക്ഷ്യപ്പെടുത്തും. മഡൂറോയുടെ അറസ്റ്റിന് ശേഷം റൂബിയോ നടത്തുന്ന ആദ്യ പരസ്യ പ്രതികരണമാണിത്.
ജനുവരി ആദ്യവാരം നടന്ന ‘ഓപ്പറേഷൻ അബ്സല്യൂട്ട് റിസോൾവ്’ എന്ന സൈനിക നടപടിയിലൂടെയാണ് മഡൂറോയെ പിടികൂടി ന്യൂയോർക്കിലെത്തിച്ചത്. നിലവിൽ വെനസ്വേലയുടെ താൽക്കാലിക ചുമതല വഹിക്കുന്ന ഡെൽസി റോഡ്രിഗസിന്റെ നേതൃത്വത്തിലുള്ള അധികൃതർ അമേരിക്കയുടെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കുന്നുണ്ടോ എന്ന് സൂക്ഷ്മമായി നിരീക്ഷിക്കുമെന്ന് റൂബിയോ വ്യക്തമാക്കി. “മഡൂറോയ്ക്ക് എന്ത് സംഭവിച്ചു എന്ന് റോഡ്രിഗസിന് കൃത്യമായി അറിയാം; തന്‍റെ നിലനിൽപ്പിന് അമേരിക്കയുമായി സഹകരിക്കുകയാണ് ഉചിതമെന്ന് അവർ തിരിച്ചറിയുമെന്നാണ് കരുതുന്നത്,” റൂബിയോ തന്റെ പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി.
വെനസ്വേലയിലെ സൈനിക ഇടപെടൽ ഒരു ‘യുദ്ധം’ അല്ലെന്നും മറിച്ച് നിയമം നടപ്പിലാക്കാനുള്ള ഒരു നടപടി മാത്രമാണെന്നുമാണ് ട്രംപ് ഭരണകൂടത്തിന്റെ വാദം. കോൺഗ്രസിന്റെ മുൻകൂർ അനുമതിയില്ലാതെ ആക്രമണം നടത്തിയതിനെ ന്യായീകരിക്കാനാണ് ഈ വാദം ഉയർത്തുന്നത്. വെനസ്വേലയിൽ നിലവിൽ യുഎസ് സൈനികർ നിലയുറപ്പിച്ചിട്ടില്ലെന്നും റൂബിയോ ആവർത്തിച്ചു.













