വാഷിംഗ്ടൺ: ഡോണൾഡ് ട്രംപിന്‍റെ കടുത്ത അനുയായിയായിരുന്ന മാർജോറി ടെയ്‌ലർ ഗ്രീൻ, ട്രംപുമായുള്ള അഭിപ്രായവ്യത്യാസങ്ങളെത്തുടർന്ന് യുഎസ് പ്രതിനിധി സഭയിൽ നിന്ന് രാജിവെച്ചു. തിങ്കളാഴ്ചയായിരുന്നു അവരുടെ അവസാന പ്രവൃത്തിദിവസം. ഇതോടെ സഭയിൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ ഭൂരിപക്ഷം വീണ്ടും കുറഞ്ഞു. ജെഫ്രി എപ്‌സ്റ്റീനുമായി ബന്ധപ്പെട്ട രേഖകൾ പുറത്തുവിടുന്നതിലും വിദേശനയങ്ങളിലും ട്രംപുമായി തെറ്റിയ ഗ്രീൻ, തന്നെ പ്രസിഡന്റ് ‘വഞ്ചിച്ചു’ എന്ന് ആരോപിച്ചാണ് പടിയിറങ്ങിയത്. തന്നെയും തന്റെ വോട്ടർമാരെയും ട്രംപ് തഴഞ്ഞുവെന്ന് അവർ നേരത്തെ കുറ്റപ്പെടുത്തിയിരുന്നു.
സഭയിൽ ഒരു ബില്ല് പാസാക്കാൻ മൈക്ക് ജോൺസന് തന്റെ പാർട്ടിയിൽ നിന്ന് പരമാവധി രണ്ട് വോട്ടുകൾ മാത്രമേ നഷ്ടപ്പെടുത്താൻ സാധിക്കൂ. ഗ്രീനിന്റെ രാജി സ്പീക്കറുടെ അധികാരം കൂടുതൽ ദുർബലമാക്കിയിരിക്കുകയാണ്.
ടെക്സസിലും ന്യൂജേഴ്സിയിലും വരാനിരിക്കുന്ന പ്രത്യേക തിരഞ്ഞെടുപ്പുകൾ സഭയിലെ അധികാര സന്തുലിതാവസ്ഥയെ വീണ്ടും മാറ്റിയേക്കാം. മിഷേൽ ഷെറിൽ ന്യൂജേഴ്സി ഗവർണറായി തിരഞ്ഞെടുക്കപ്പെട്ടതിനെത്തുടർന്ന് ആ സീറ്റിലും ഒഴിവ് വന്നിട്ടുണ്ട്.
ട്രംപ് ഭരണകൂടം നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന പല നിയമനിർമ്മാണങ്ങൾക്കും ഈ കുറഞ്ഞ ഭൂരിപക്ഷം വലിയ തടസ്സമാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. ജോൺസനെ സ്പീക്കർ സ്ഥാനത്ത് നിന്ന് നീക്കാൻ റിപ്പബ്ലിക്കൻ പാർട്ടിക്കുള്ളിലെ തന്നെ ഒരു വിഭാഗം ശ്രമിക്കുന്നതിനിടെയാണ് ഈ രാജി എന്നതും ശ്രദ്ധേയമാണ്.













