കടുപ്പിച്ച് ട്രംപ് ഭരണകൂടം; ഡെമോക്രാറ്റിക് പാർട്ടിയുടെ ഭരണത്തിലുള്ള സംസ്ഥാനങ്ങൾക്കുള്ള ഫെഡറൽ ഫണ്ടുകളിൽ വ്യാപകമായ പുനഃപരിശോധന ആരംഭിച്ചു

കടുപ്പിച്ച് ട്രംപ് ഭരണകൂടം; ഡെമോക്രാറ്റിക് പാർട്ടിയുടെ ഭരണത്തിലുള്ള സംസ്ഥാനങ്ങൾക്കുള്ള ഫെഡറൽ ഫണ്ടുകളിൽ വ്യാപകമായ പുനഃപരിശോധന ആരംഭിച്ചു

വാഷിംഗ്ടൺ: ഡെമോക്രാറ്റിക് പാർട്ടിയുടെ നേതൃത്വത്തിലുള്ള അമേരിക്കയിലെ പ്രധാന സംസ്ഥാനങ്ങൾക്ക് നൽകിവരുന്ന ഫെഡറൽ ഫണ്ടുകളിൽ ട്രംപ് ഭരണകൂടം വ്യാപകമായ പുനഃപരിശോധന ആരംഭിച്ചു. മിനസോട്ടയിലെ സോഷ്യൽ വെൽഫെയർ പദ്ധതികളിൽ നടന്നതായി ആരോപിക്കപ്പെടുന്ന വൻ സാമ്പത്തിക തട്ടിപ്പിന്‍റെ പശ്ചാത്തലത്തിലാണ് ഈ നീക്കം. കാലിഫോർണിയ, ന്യൂയോർക്ക്, മിനസോട്ട, ഇല്ലിനോയി, കൊളറാഡോ ഉൾപ്പെടെ 14 ഡെമോക്രാറ്റിക് സംസ്ഥാനങ്ങളെയും ഡിസ്ട്രിക്റ്റ് ഓഫ് കൊളംബിയയെയുമാണ് പ്രധാനമായും ലക്ഷ്യമിടുന്നത്.

പ്രതിരോധ വകുപ്പ്, വെറ്ററൻസ് അഫയേഴ്‌സ് എന്നിവയൊഴികെ മറ്റെല്ലാ ഫെഡറൽ ഏജൻസികളോടും ഈ സംസ്ഥാനങ്ങൾക്ക് നൽകിയ ഫണ്ടുകളുടെ വിശദാംശങ്ങൾ സമർപ്പിക്കാൻ വൈറ്റ് ഹൗസ് നിർദ്ദേശിച്ചു. ഫണ്ടുകൾ ദുരുപയോഗം ചെയ്യുന്നതും തട്ടിപ്പുകൾ തടയുന്നതും ലക്ഷ്യമിട്ടുള്ള കേവലം ഒരു ‘ഡാറ്റാ ശേഖരണ വ്യായാമം’ മാത്രമാണിതെന്ന് ഓഫീസ് ഓഫ് മാനേജ്‌മെന്റ് ആൻഡ് ബജറ്റ് മെമ്മോയിൽ പറയുന്നു.

ഈ കർശന നടപടിക്ക് പിന്നിലെ പ്രധാന കാരണം മിനസോട്ടയിൽ നടന്നതായി പറയുന്ന കോടിക്കണക്കിന് ഡോളറിന്റെ തട്ടിപ്പാണ്. ചൈൽഡ് കെയർ, ഫുഡ് പ്രോഗ്രാമുകൾ എന്നിവയ്ക്കായി നൽകിയ തുക സൊമാലിയൻ വംശജർ ഉൾപ്പെട്ട സംഘം തട്ടിയെടുത്തു എന്നാണ് ട്രംപ് ഭരണകൂടത്തിന്റെ ആരോപണം. മിനസോട്ടയ്ക്ക് നൽകാനുള്ള 13 കോടി ഡോളറിന്റെ വെൽഫെയർ ഫണ്ട് ഇതിനോടകം തന്നെ ഭരണകൂടം തടഞ്ഞുവെച്ചിട്ടുണ്ട്.
കുടിയേറ്റ നിയമങ്ങൾ കർശനമായി നടപ്പിലാക്കാത്ത ‘സാങ്ച്വറി സിറ്റികൾ’ ഉള്ള സംസ്ഥാനങ്ങൾക്ക് ഇനി ഫണ്ട് നൽകില്ലെന്ന് ട്രംപ് ആവർത്തിച്ചു. “അവർക്ക് വേണമെങ്കിൽ കേസ് കൊടുക്കാം, പക്ഷേ പണം നൽകില്ല” എന്നായിരുന്നു ട്രംപിന്റെ പ്രതികരണം.

Share Email
LATEST
More Articles
Top