‘ഭാവിയിൽ അമേരിക്കയ്ക്ക് ഒരു ആവശ്യം വന്നാൽ അവർ കൂടെയുണ്ടാകുമെന്ന് ഉറപ്പില്ല’; നാറ്റോ സഖ്യകക്ഷികൾക്കെതിരെ ട്രംപ്

‘ഭാവിയിൽ അമേരിക്കയ്ക്ക് ഒരു ആവശ്യം വന്നാൽ അവർ കൂടെയുണ്ടാകുമെന്ന് ഉറപ്പില്ല’; നാറ്റോ സഖ്യകക്ഷികൾക്കെതിരെ ട്രംപ്

ദാവോസ്: നാറ്റോ സഖ്യകക്ഷികളെ വീണ്ടും രൂക്ഷമായി വിമർശിച്ച് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. യുദ്ധമുഖങ്ങളിൽ നാറ്റോ സൈന്യം വേണ്ടത്ര പിന്തുണ നൽകുന്നില്ലെന്ന് ആരോപിച്ച ട്രംപ്, ഭാവിയിൽ അമേരിക്കയ്ക്ക് ഒരു ആവശ്യം വന്നാൽ അവർ കൂടെയുണ്ടാകുമെന്ന് ഉറപ്പില്ലെന്നും തുറന്നടിച്ചു. “അമേരിക്കയ്ക്ക് ഒരു ആവശ്യം വന്നാൽ അവർ (നാറ്റോ രാജ്യങ്ങൾ) കൂടെയുണ്ടാകുമോ? അതൊരു വലിയ പരീക്ഷണമാണ്. എനിക്ക് അതിൽ ഉറപ്പില്ല,” എന്ന് ട്രംപ് പറഞ്ഞു. അമേരിക്ക എപ്പോഴും സഖ്യകക്ഷികളെ സഹായിക്കാൻ മുൻപിലുണ്ടാകാറുണ്ടെന്നും എന്നാൽ തിരിച്ച് അങ്ങനെയല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

അഫ്ഗാൻ യുദ്ധത്തിൽ സഖ്യകക്ഷികൾ മുൻനിരയിൽ നിന്ന് പോരാടിയില്ലെന്ന് ട്രംപ് ആരോപിച്ചു. “അവർ കുറച്ച് പിന്നിലായിട്ടാണ് നിന്നത്. മുൻനിരയിൽ നിന്ന് അല്പം മാറി,” എന്നായിരുന്നു ട്രംപിന്റെ പരിഹാസം. 9/11 ഭീകരാക്രമണത്തിന് ശേഷം ചരിത്രത്തിലാദ്യമായി നാറ്റോയുടെ ‘ആർട്ടിക്കിൾ 5’ (ഒരു അംഗരാജ്യത്തിന് നേരെയുള്ള ആക്രമണം എല്ലാവർക്കും നേരെയുള്ള ആക്രമണം) പ്രയോഗിച്ചത് അമേരിക്കയെ സഹായിക്കാനായിരുന്നു. ഈ നിയമപ്രകാരം ഏകദേശം 20 വർഷത്തോളം നാറ്റോ സൈന്യം അഫ്ഗാനിസ്ഥാനിൽ അമേരിക്കയോടൊപ്പം പോരാടിയിരുന്നു.

ട്രംപിന്‍റെ പ്രസ്താവനയ്ക്കെതിരെ ബ്രിട്ടൻ ഉൾപ്പെടെയുള്ള രാജ്യങ്ങൾ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി. അഫ്ഗാൻ യുദ്ധത്തിൽ 457 ബ്രിട്ടീഷ് സൈനികർ കൊല്ലപ്പെട്ട കാര്യം അവർ ചൂണ്ടിക്കാട്ടി. കാനഡ, ഡെന്മാർക്ക്, ഫ്രാൻസ്, ജർമ്മനി എന്നീ രാജ്യങ്ങളിലെ സൈനികരും അവിടെ ജീവൻ ബലിയർപ്പിച്ചിട്ടുണ്ട്. “ഈ പ്രസ്താവന വീരമൃത്യു വരിച്ച സൈനികരോടുള്ള കടുത്ത അവഹേളനമാണെന്ന്” ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയം പ്രതികരിച്ചു. ഗ്രീൻലാൻഡ് അമേരിക്കയ്ക്ക് വിട്ടുനൽകണമെന്ന ട്രംപിന്‍റെ ആവശ്യത്തിന് വഴങ്ങാത്ത ഡെന്മാർക്കിനെയും മറ്റ് യൂറോപ്യൻ രാജ്യങ്ങളെയും ലക്ഷ്യം വെച്ചാണ് അദ്ദേഹം ഇത്തരമൊരു വിമർശനം ഉന്നയിച്ചതെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.

Share Email
LATEST
More Articles
Top