മേയർ കളിക്കുന്നത് തീക്കളി, ജേക്കബ് ഫ്രേയ്ക്ക് കടുത്ത മുന്നറിയിപ്പുമായി ട്രംപ്; മേയറുടെ പ്രസ്താവന നിയമലംഘനമാണെന്ന് പ്രസിഡന്‍റ്

മേയർ കളിക്കുന്നത് തീക്കളി, ജേക്കബ് ഫ്രേയ്ക്ക് കടുത്ത മുന്നറിയിപ്പുമായി ട്രംപ്; മേയറുടെ പ്രസ്താവന നിയമലംഘനമാണെന്ന് പ്രസിഡന്‍റ്

വാഷിംഗ്ടൺ: മിനിയാപൊളിസ് മേയർ ജേക്കബ് ഫ്രേയ്ക്കെതിരെ കടുത്ത ഭാഷയിൽ മുന്നറിയിപ്പുമായി പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് രംഗത്ത്. ഫെഡറൽ ഇമിഗ്രേഷൻ നിയമങ്ങൾ നടപ്പിലാക്കാൻ നഗരഭരണകൂടം തയ്യാറല്ലെന്ന മേയറുടെ പ്രസ്താവന നിയമലംഘനമാണെന്നും മേയർ തീക്കളി നടത്തുകയാണെന്നും ട്രംപ് തന്‍റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലൂടെ വ്യക്തമാക്കി. മിനസോട്ടയിലെ സംഘർഷാവസ്ഥ ലഘൂകരിക്കാൻ ട്രംപ് മുൻകൈയെടുക്കുന്നു എന്ന റിപ്പോർട്ടുകൾക്കിടയിലാണ് ഈ പുതിയ ഭീഷണി.

തിങ്കളാഴ്ച മേയർ ജേക്കബ് ഫ്രേയുമായും ഗവർണർ ടിം വാൾസുമായും ട്രംപ് ഫോണിൽ സംസാരിച്ചിരുന്നു. ഈ ചർച്ചകൾ അതീവ ഗുണകരമായിരുന്നുവെന്ന് ട്രംപ് തന്നെ വിശേഷിപ്പിച്ചതിന് പിന്നാലെയാണ് മേയറുടെ നിലപാടിൽ പ്രകോപിതനായി ട്രംപ് രംഗത്തെത്തിയത്. ട്രംപ് നിയോഗിച്ച ബോർഡർ സാർ ടോം ഹോമാനുമായി ചൊവ്വാഴ്ച നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ജേക്കബ് ഫ്രേ തന്റെ നിലപാട് വ്യക്തമാക്കിയത്. ഫെഡറൽ ഇമിഗ്രേഷൻ നിയമങ്ങൾ മിനിയാപൊളിസ് നടപ്പിലാക്കില്ലെന്നും, പ്രാദേശിക പോലീസിനെ ഇതിനായി ഉപയോഗിക്കില്ലെന്നും അദ്ദേഹം ആവർത്തിച്ചു.

“മേയർ ജേക്കബ് ഫ്രേയുടെ പ്രസ്താവന അത്ഭുതപ്പെടുത്തുന്നതാണ്. മികച്ച രീതിയിൽ സംസാരിച്ചതിന് ശേഷമാണ് അദ്ദേഹം ഇത്തരമൊരു നിലപാടെടുത്തത്. ഇത് ഗുരുതരമായ നിയമലംഘനമാണെന്ന് അദ്ദേഹത്തെ ആരെങ്കിലും ബോധ്യപ്പെടുത്തണം,” ട്രംപ് കുറിച്ചു. അതേസമയം, ഗവർണർ ടിം വാൾസും മേയറെ പിന്തുണച്ച് രംഗത്തെത്തിയിട്ടുണ്ട്. “ഞങ്ങൾ സഹകരിക്കുന്നുണ്ട്, എന്നാൽ ഫെഡറൽ ഏജന്റുകളുടെ ജോലി ഞങ്ങൾ ചെയ്യില്ല” എന്നാണ് ഗവർണർ വ്യക്തമാക്കിയത്. മിനിയാപൊളിസിൽ തുടർച്ചയായുണ്ടായ രണ്ട് വെടിവയ്പ്പുകൾക്ക് പിന്നാലെ ഫെഡറൽ ഏജന്റുകളെ പിൻവലിക്കണമെന്ന് സംസ്ഥാനം ശക്തമായി ആവശ്യപ്പെടുന്നുണ്ട്. എന്നാൽ ഈ തർക്കം കൂടുതൽ നിയമക്കുരുക്കുകളിലേക്കും കേന്ദ്ര-സംസ്ഥാന പോരിലേക്കുമാണ് നീങ്ങുന്നത്.

Share Email
LATEST
Top