കാരക്കാസ്: വെനസ്വേലൻ തലസ്ഥാനമായ കാരക്കാസിലും പരിസര സംസ്ഥാനങ്ങളിലും ഇന്ന് പുലർച്ചെയുണ്ടായ സ്ഫോടന പരമ്പരയ്ക്ക് പിന്നാലെ അമേരിക്കയ്‌ക്കെതിരെ രൂക്ഷവിമർശനവുമായി പ്രസിഡന്റ് നിക്കോളാസ് മഡുറോ രംഗത്തെത്തി. അമേരിക്കൻ സൈന്യം നടത്തിയത് അതീവ ഗുരുതരമായ സൈനികാക്രമണമാണെന്ന് ആരോപിച്ച മഡുറോ, രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. കാരക്കാസ്, മിറാൻഡ, അരഗ്വ, ലാ ഗ്വൈറ എന്നീ പ്രധാന സംസ്ഥാനങ്ങളിൽ അമേരിക്ക ആക്രമണം നടത്തിയതായാണ് വെനസ്വേലൻ ഭരണകൂടത്തിന്റെ ഔദ്യോഗിക പ്രസ്താവന. രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കാൻ സൈന്യത്തോടും ജനങ്ങളോടും തെരുവിലിറങ്ങാൻ മഡുറോ ആഹ്വാനം ചെയ്തു.
അമേരിക്കൻ ഡ്രോണുകളും മിസൈലുകളുമാണ് ആക്രമണം നടത്തിയതെന്ന് ലാറ്റിനമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കാരക്കാസിലെ ല ലാ കാർലോട്ട വിമാനത്താവളത്തിലും ഫ്യൂർട്ടെ ടിയുന സൈനിക താവളത്തിലും സ്ഫോടനങ്ങൾ നടന്നതായും നഗരത്തിന്റെ പല ഭാഗങ്ങളിലും വൈദ്യുതി ബന്ധം പൂർണ്ണമായും നിലച്ചതായും റിപ്പോർട്ടുകളുണ്ട്. ലഹരിക്കടത്ത് തടയാനെന്ന വ്യാജേന വെനസ്വേലയുടെ എണ്ണ സമ്പത്ത് കൈക്കലാക്കാനാണ് ട്രംപ് ഭരണകൂടം ശ്രമിക്കുന്നതെന്ന് വെനസ്വേല കുറ്റപ്പെടുത്തി. ഈ സാഹചര്യത്തിൽ ദേശീയ പ്രതിരോധ പദ്ധതികൾ ഉടൻ നടപ്പിലാക്കാൻ സൈന്യത്തിന് മഡുറോ നിർദ്ദേശം നൽകി.
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നയങ്ങൾക്കെതിരെ ഐക്യരാഷ്ട്രസഭയുടെ സെക്യൂരിറ്റി കൗൺസിലിനെ സമീപിക്കാനാണ് വെനസ്വേലയുടെ തീരുമാനം. അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണ് നടന്നിരിക്കുന്നതെന്നും ആഗോള സമൂഹം ഈ വിഷയത്തിൽ ഇടപെടണമെന്നും വെനസ്വേല ആവശ്യപ്പെട്ടു. സൈന്യവും പോലീസും ജനങ്ങളും ഒത്തൊരുമിച്ച് ഈ അധിനിവേശത്തെ പ്രതിരോധിക്കുമെന്നും സമാധാനം ഉറപ്പാക്കാൻ ഏതറ്റം വരെയും പോകുമെന്നും സർക്കാർ വക്താക്കൾ വ്യക്തമാക്കി. ലഹരിക്കടത്തുമായി ബന്ധപ്പെട്ട് നേരത്തെയും ട്രംപ് ഭീഷണി മുഴക്കിയിരുന്ന പശ്ചാത്തലത്തിൽ, ഈ ആക്രമണം മേഖലയിൽ വലിയൊരു യുദ്ധത്തിന് വഴിവെക്കുമോ എന്ന ഭീതിയിലാണ് ലോകരാഷ്ട്രങ്ങൾ.













