കാരക്കാസ്: വെനിസ്വേലൻ പ്രസിഡന്‍റ് നിക്കോളാസ് മഡുറോയെ അമേരിക്കൻ ഏജന്‍റുമാർ പിടികൂടിയതിന് പിന്നാലെ രാജ്യത്ത് നിർണ്ണായകമായ രാഷ്ട്രീയ നീക്കങ്ങളുമായി ആക്ടിംഗ് പ്രസിഡന്റ് ഡെൽസി റോഡ്രിഗസ്. നൂറുകണക്കിന് രാഷ്ട്രീയ തടവുകാരെ മോചിപ്പിക്കുന്നതിനുള്ള പൊതുമാപ്പ് നിയമം വെള്ളിയാഴ്ച അവർ പ്രഖ്യാപിച്ചു. അതോടൊപ്പം കുപ്രസിദ്ധമായ തടങ്കൽ പാളയം അടച്ചുപൂട്ടാനും തീരുമാനമായി. 1999 മുതൽ ഇന്നുവരെയുള്ള രാഷ്ട്രീയ കേസുകളിൽ ഉൾപ്പെട്ടവർക്കാണ് ഈ പൊതുമാപ്പ് ബാധകമാകുക.
കൊലപാതകം, മയക്കുമരുന്ന് കടത്ത്, അഴിമതി, മനുഷ്യാവകാശ ലംഘനങ്ങൾ എന്നീ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടവർക്ക് ഈ ആനുകൂല്യം ലഭിക്കില്ല. രാഷ്ട്രീയ സംഘർഷങ്ങൾ മൂലമുണ്ടായ മുറിവുകൾ ഉണക്കാനും രാജ്യത്ത് സമാധാനപരമായ സഹവർത്തിത്വം വീണ്ടെടുക്കാനുമാണ് ഈ നീക്കമെന്ന് ഡെൽസി റോഡ്രിഗസ് വ്യക്തമാക്കി.
അടുത്തിടെ അമേരിക്കൻ സേനയുടെ പിടിയിലായ നിക്കോളാസ് മഡുറോയുടെ ഭരണകാലത്ത് ആയിരക്കണക്കിന് പ്രതിപക്ഷ നേതാക്കളും പ്രവർത്തകരുമാണ് ജയിലിലായത്.
മഡുറോയുടെ വിശ്വസ്തയായിരുന്ന ഡെൽസി റോഡ്രിഗസ് ഇപ്പോൾ നടത്തുന്ന ഈ വിട്ടുവീഴ്ചകൾ, അമേരിക്കയുമായുള്ള ബന്ധം മെച്ചപ്പെടുത്താനും രാജ്യത്തിനകത്തെ വലിയ പ്രതിഷേധങ്ങൾ തണുപ്പിക്കാനുമുള്ള തന്ത്രപരമായ നീക്കമായാണ് അന്താരാഷ്ട്ര നിരീക്ഷകർ കാണുന്നത്.













