വാഷിംഗ്ടൺ: അമേരിക്കയിലെ പ്രശസ്തമായ കെന്നഡി സെന്‍ററും വാഷിംഗ്ടൺ നാഷണൽ ഓപ്പറയും തമ്മിലുള്ള പത്ത് വർഷത്തിലധികം നീണ്ട സഹകരണം അവസാനിക്കുന്നു. കെന്നഡി സെന്‍ററിന്‍റെ പേര് മാറ്റിയതും പുതിയ ഭരണസമിതിയുടെ കർശനമായ നയങ്ങളും ഓപ്പറയുടെ സാമ്പത്തിക ഭദ്രതയെ ബാധിച്ചതാണ് ഈ തീരുമാനത്തിന് പിന്നിൽ. പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് കെന്നഡി സെന്‍ററിന്‍റെ ബോർഡ് ഓഫ് ട്രസ്റ്റികളെ പിരിച്ചുവിടുകയും സ്ഥാപനത്തിന്റെ പേര് “ദ ഡോണൾഡ് ജെ. ട്രംപ് ആൻഡ് ദ ജോൺ എഫ്. കെന്നഡി മെമ്മോറിയൽ സെന്റർ ഫോർ ദ പെർഫോമിംഗ് ആർട്സ്” എന്ന് പുനർനാമകരണം ചെയ്യുകയും ചെയ്തിരുന്നു. ഇതിൽ പ്രതിഷേധിച്ച് നിരവധി കലാകാരന്മാരും സംഘടനകളും കെന്നഡി സെന്ററുമായുള്ള ബന്ധം നേരത്തെ ഉപേക്ഷിച്ചിരുന്നു.
ട്രംപ് നിയോഗിച്ച പുതിയ പ്രസിഡന്റ് റിച്ചാർഡ് ഗ്രെനൽ ഓരോ പ്രകടനത്തിനും ‘ബ്രേക്ക്-ഈവൻ’ (നഷ്ടമില്ലാത്ത രീതി) പോളിസി നിർബന്ധമാക്കി. പ്രകടനങ്ങൾ തുടങ്ങുന്നതിന് മുൻപ് തന്നെ മുഴുവൻ തുകയും കണ്ടെത്തണമെന്ന ഈ നിബന്ധന ഓപ്പറയുടെ പ്രവർത്തനശൈലിക്ക് വിരുദ്ധമാണെന്ന് അധികൃതർ വ്യക്തമാക്കി. ട്രംപിന്റെ ഇടപെടലുകളെത്തുടർന്ന് കാണികൾക്കിടയിലുണ്ടായ പ്രതിഷേധം ടിക്കറ്റ് വിൽപനയെയും ബാധിച്ചു. മുൻ വർഷങ്ങളെ അപേക്ഷിച്ച് ടിക്കറ്റ് വിൽപനയിൽ വലിയ ഇടിവുണ്ടായതായി ഓപ്പറയുടെ ആർട്ടിസ്റ്റിക് ഡയറക്ടർ ഫ്രാൻസെസ്ക സാംബെല്ലോ പറഞ്ഞു. പല സ്ഥിരം സന്ദർശകരും സ്ഥാപനത്തെ ബഹിഷ്കരിക്കുകയാണെന്ന് അവർ ചൂണ്ടിക്കാട്ടി.
കെന്നഡി സെന്‍ററുമായുള്ള കരാർ അവസാനിപ്പിച്ച് പൂർണ്ണമായും സ്വതന്ത്രമായ ഒരു സന്നദ്ധ സംഘടനയായി പ്രവർത്തിക്കാനാണ് ഓപ്പറയുടെ തീരുമാനം. ഇതിന്റെ ഭാഗമായി വരാനിരിക്കുന്ന വസന്തകാല സീസൺ വെട്ടിക്കുറയ്ക്കുകയും പുതിയ വേദികളിലേക്ക് പ്രകടനങ്ങൾ മാറ്റുകയും ചെയ്യും. ഓപ്പറയുമായുള്ള ബന്ധം തുടരുന്നത് സാമ്പത്തികമായി ലാഭകരമല്ലെന്നും കൂടുതൽ വൈവിധ്യമുള്ള പരിപാടികൾ കൊണ്ടുവരാൻ ഈ പിന്മാറ്റം സഹായിക്കുമെന്നും കെന്നഡി സെന്‍റർ പ്രസിഡന്റ് റിച്ചാർഡ് ഗ്രെനൽ പ്രതികരിച്ചു.












