‘ഫേൺ’ ശീതക്കൊടുങ്കാറ്റ്: അമേരിക്ക തണുത്തുവിറയ്ക്കുന്നു, നിരവധി വിമാനങ്ങൾ റദ്ദാക്കി

‘ഫേൺ’ ശീതക്കൊടുങ്കാറ്റ്: അമേരിക്ക തണുത്തുവിറയ്ക്കുന്നു, നിരവധി വിമാനങ്ങൾ റദ്ദാക്കി

അമേരിക്കയിൽ ആഞ്ഞടിക്കുന്ന ‘ഫേൺ’ എന്ന അതിശക്തമായ ശൈത്യക്കാറ്റിലും മഞ്ഞുവീഴ്ചയിലും അമേരിക്ക തണുത്തു വിറയ്ക്കുന്നു. വിമാന ഗതാഗതം താറുമാറായിരിക്കുകയാണ്. ശനിയാഴ്ച മുതൽ ഏകദേശം 19,000-ത്തിലധികം വിമാനങ്ങളാണ് ആകെ റദ്ദാക്കപ്പെട്ടത്. ഇതിൽ ഞായറാഴ്ച മാത്രം 11,000-ത്തിലധികം വിമാനങ്ങൾ റദ്ദാക്കി. തിങ്കളാഴ്ച മാത്രം 5,900 വിമാനങ്ങൾ വീണ്ടും റദ്ദാക്കി. 19000-ത്തിലധികം വിമാനങ്ങൾ വൈകുകയും ചെയ്തു.

ന്യൂയോർക്കിലെ ലാഗ്വാർഡിയ, ജെ.എഫ്.കെ, ഫിലാഡൽഫിയ, വാഷിംഗ്ടൺ റീഗൻ നാഷണൽ, ഡാളസ്-ഫോർട്ട് വർത്ത് എന്നീ വിമാനത്താവളങ്ങളിലെ ഭൂരിഭാഗം സർവീസുകളും തടസ്സപ്പെട്ടു. ഡാളസ്-ഫോർട്ട് വർത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ 749 റദ്ദാക്കലുകളും 501 കാലതാമസങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ബോസ്റ്റൺ ലോഗൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ 550 റദ്ദാക്കലുകളും സംഭവിച്ചിട്ടുണ്ട്. 969 റദ്ദാക്കലുകളും 964 കാലതാമസങ്ങളുമായി ഏറ്റവുമധികം പ്രശ്നങ്ങൾ നേരിടുന്നത് അമേരിക്കൻ എയർലൈൻസാണ്.

കനത്ത മഞ്ഞുവീഴ്ചയെ തുടർന്ന് രാജ്യത്തുടനീളം 20-ഓളം സംസ്ഥാനങ്ങളിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. മഞ്ഞ്, ഐസ്, കാറ്റ് എന്നിവ മൂലം ആയിരക്കണക്കിന് ഉപഭോക്താക്കൾക്ക് നിലച്ച വൈദ്യുതി പുനഃസ്ഥാപിക്കുന്നുണ്ട്. എന്നിരുന്നാലും മിസിസിപ്പി, ലൂസിയാന തുടങ്ങിയ സംസ്ഥാനങ്ങളിൽ ഏകദേശം 10 ലക്ഷത്തിലധികം ആളുകൾക്ക് വൈദ്യുതി ബന്ധം നഷ്ടപ്പെട്ടു.

യാത്രക്കാർ വിമാനത്താവളങ്ങളിലേക്ക് തിരിക്കുന്നതിന് മുൻപ് വിമാനക്കമ്പനികളുടെ വെബ്സൈറ്റുകളോ ആപ്പുകളോ വഴി വിമാനങ്ങളുടെ നിലവിലെ സ്ഥിതി പരിശോധിക്കാൻ നിർദ്ദേശമുണ്ട്.

കുറഞ്ഞത് 21 പേരുടെ മരണത്തിന് ഈ ദുരിതകാലാവസ്ഥ കാരണമായി എന്ന് പ്രാദേശിക ഉദ്യോഗസ്ഥർ പറഞ്ഞു. പെൻസിൽവാനിയയിൽ മൂന്ന്, ടെന്നസിയിൽ മൂന്ന്, ലൂസിയാനയിൽ മൂന്ന്, അർക്കൻസാസിൽ രണ്ട്, ടെക്സാസിൽ രണ്ട്, മിസിസിപ്പിയിൽ രണ്ട്, ഒഹായോയിൽ ഒന്ന്, കൻസാസിൽ ഒന്ന്, സൗത്ത് കരോലിനയിൽ ഒന്ന്, കെന്റക്കിയിൽ ഒന്ന്, ന്യൂജേഴ്‌സിയിൽ ഒന്ന്, മസാച്യുസെറ്റ്സിൽ ഒന്ന് എന്നിങ്ങനെയാണ് മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.

നാഷണൽ വെതർ സർവീസ് പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ വടക്കുകിഴക്കൻ മേഖലയിലെ ചില പ്രദേശങ്ങളിൽ 20 ഇഞ്ചിൽ (50.8 സെന്റീമീറ്റർ) കൂടുതൽ മഞ്ഞുവീഴ്ചയുണ്ടായി, കൊടുങ്കാറ്റ് തെക്കൻ ഒന്റാറിയോയെ ഗുരുതരമായി ബാധിച്ചതായി കനേഡിയൻ ഉദ്യോഗസ്ഥർ പറഞ്ഞു.

Share Email
LATEST
More Articles
Top