കീവ്: ഗ്രീൻലാൻഡ് വിഷയത്തിൽ അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും തമ്മിലുള്ള തർക്കം രൂക്ഷമാകുന്ന സാഹചര്യത്തിൽ, ഡെന്മാർക്കിന്‍റെ പരമാധികാരത്തെ പിന്തുണച്ച് യുക്രൈൻ പ്രസിഡന്റ് വോളോഡിമർ സെലൻസ്കി രംഗത്തെത്തി. ചൊവ്വാഴ്ച മാധ്യമപ്രവർത്തകരോട് സംസാരിക്കവേ അദ്ദേഹം ഈ നിലപാട് വ്യക്തമാക്കുകയായിരുന്നു.
ഗ്രീൻലാൻഡ് സ്വയംഭരണാധികാരമുള്ള പ്രദേശമാണെങ്കിലും ഡെന്മാർക്കിന്റെ അവിഭാജ്യ ഭാഗമാണെന്ന കാര്യത്തെ താൻ ബഹുമാനിക്കുന്നുവെന്ന് സെലൻസ്കി പറഞ്ഞു.
ഡെന്മാർക്കിന്‍റെ പ്രാദേശിക അഖണ്ഡതയും പരമാധികാരവും സംരക്ഷിക്കപ്പെടണമെന്നും അമേരിക്ക യൂറോപ്പിന്‍റെ ശബ്‍ദം കേൾക്കാൻ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഗ്രീൻലാൻഡ് തർക്കം റഷ്യ-യുക്രൈൻ യുദ്ധത്തിൽ നിന്നുള്ള ലോകശ്രദ്ധ തിരിച്ചുവിടുമോ എന്നതിൽ ആശങ്കയുണ്ടെന്ന് സെലൻസ്കി തുറന്നു സമ്മതിച്ചു. റഷ്യൻ അധിനിവേശത്തിനെതിരെ പോരാടുന്ന ഈ സമയത്ത് ഇത്തരം മറ്റു അന്താരാഷ്ട്ര വിവാദങ്ങൾ യുക്രൈനെ പ്രതികൂലമായി ബാധിക്കാമെന്നാണ് അദ്ദേഹത്തിന്റെ ആശങ്ക.
റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനെ തടയുന്നതിൽ അമേരിക്ക ഇതുവരെ പൂർണമായി വിജയിച്ചിട്ടില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. യുക്രൈന്റെ നിലനിൽപ്പിനായുള്ള സമരത്തിൽ കൂടുതൽ ശക്തമായ വ്യോമ പ്രതിരോധ സംവിധാനങ്ങൾ, സുരക്ഷാ ഉറപ്പുകൾ, കടുത്ത ഉപരോധങ്ങൾ എന്നിവ വൈറ്റ് ഹൗസിൽ നിന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം വ്യക്തമാക്കി.











