വാഷിംഗ്ടൺ: പ്രസിഡന്റ് ഡോണൾഡ് ട്രംപ് തന്‍റെ അധികാരങ്ങൾ ഉപയോഗിച്ച് ഏർപ്പെടുത്തിയ നികുതികൾ ശേഖരിക്കുന്നത് അമേരിക്കൻ കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ ഔദ്യോഗികമായി അവസാനിപ്പിച്ചു. ട്രംപിന്റെ നികുതി നയം ഭരണഘടനാ വിരുദ്ധമാണെന്ന സുപ്രീം കോടതിയുടെ വിധിയെ തുടർന്നാണ് ഈ തീരുമാനം. ഫെബ്രുവരി 24 ചൊവ്വാഴ്ച പുലർച്ചെ 12:01 മുതൽ ഈ മാറ്റം നിലവിൽ വരികയാണ്. 1977-ലെ ഇന്റർനാഷണൽ എമർജൻസി ഇക്കണോമിക് പവേഴ്സ് ആക്ട് പ്രകാരം നികുതി ഏർപ്പെടുത്താൻ പ്രസിഡന്റിന് അധികാരമില്ലെന്ന് 6-3 ഭൂരിപക്ഷത്തോടെ സുപ്രീം കോടതി വിധിച്ചു.
നികുതികൾ ഏർപ്പെടുത്താനുള്ള അധികാരം കോൺഗ്രസിനാണെന്ന് കോടതി വ്യക്തമാക്കി. ഈ വിധിയോടെ, IEEPA അടിസ്ഥാനമാക്കി ചൈന, ഇന്ത്യ, കാനഡ, മെക്സിക്കോ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് ഏർപ്പെടുത്തിയ അധിക നികുതികൾ പിരിക്കുന്നത് സിബിപി നിർത്തി. ഇതിനായി നിലവിലുള്ള എല്ലാ താരിഫ് കോഡുകളും ഡി-ആക്ടിവേറ്റ് ചെയ്തു. കഴിഞ്ഞ ഒരു വർഷത്തിനിടെ ഏകദേശം 175 ബില്യൺ ഡോളർ (ഏകദേശം 14.5 ലക്ഷം കോടി രൂപ) ഇത്തരം നികുതിയായി ശേഖരിച്ചിട്ടുണ്ട്. ഇറക്കുമതിക്കാർക്ക് ഈ തുക തിരിച്ചുനൽകേണ്ടി വരുമോ എന്നതിൽ CBP ഇതുവരെ വ്യക്തമായ നിർദേശങ്ങൾ നൽകിയിട്ടില്ല.
കോടതി വിധിയോട് ട്രംപ് രൂക്ഷമായി പ്രതികരിച്ചു. വിധി പുറപ്പെടുവിച്ച ജഡ്ജിമാരെ അദ്ദേഹം വിമർശിച്ചു. തൊട്ടുപിന്നാലെ, 1974-ലെ ട്രേഡ് ആക്ട് പ്രകാരമുള്ള മറ്റൊരു അധികാരം ഉപയോഗിച്ച് 15 ശതമാനം പുതിയ ആഗോള നികുതി പ്രഖ്യാപിച്ചു. ദേശീയ സുരക്ഷാ കാരണങ്ങളാൽ സ്റ്റീൽ, അലുമിനിയം തുടങ്ങിയവയ്ക്ക് ഏർപ്പെടുത്തിയ മറ്റു നികുതികൾ ഈ വിധി ബാധിക്കില്ല; അവ തുടരും. ട്രംപിന്റെ ഈ പുതിയ 15 ശതമാനം നികുതി പ്രഖ്യാപനം വൻ നിയമ പോരാട്ടങ്ങൾക്കും ആഗോള വിപണിയിൽ അസ്ഥിരതയ്ക്കും വഴിവെക്കുമെന്നാണ് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നത്.













