വാഷിംഗ്ടൺ: കുപ്രസിദ്ധ ലൈംഗിക കുറ്റവാളി ജെഫ്രി എപ്‌സ്റ്റീനുമായി ബന്ധപ്പെട്ട കോൺഗ്രസ് അന്വേഷണത്തിൽ നിർണ്ണായക വഴിത്തിരിവ്. മാസങ്ങളായി മൊഴി നൽകാൻ വിസമ്മതിച്ചിരുന്ന മുൻ യുഎസ് പ്രസിഡന്‍റ് ബിൽ ക്ലിൻ്റണും മുൻ വിദേശകാര്യ സെക്രട്ടറി ഹിലരി ക്ലിൻ്റണും ഒടുവിൽ അന്വേഷണ സമിതിക്ക് മുന്നിൽ നേരിട്ട് ഹാജരാകാൻ സമ്മതിച്ചു. സഭയിൽ തങ്ങൾക്കെതിരെ വരാനിരുന്ന ‘കോൺടംപ്റ്റ് ഓഫ് കോൺഗ്രസ്’ (സഭയെ അവഹേളിക്കൽ) വോട്ടെടുപ്പും അതിലൂടെ ഉണ്ടായേക്കാവുന്ന ക്രിമിനൽ നടപടികളും ഒഴിവാക്കാനാണ് ഈ നീക്കം.
എപ്‌സ്റ്റീൻ കേസിലെ സങ്കീർണ്ണതകൾ അന്വേഷിക്കുന്ന ഹൗസ് ഓവർസൈറ്റ് കമ്മിറ്റിയുടെ സമൻസുകൾ ക്ലിൻ്റൺ ദമ്പതികൾ നേരത്തെ തള്ളിക്കളഞ്ഞിരുന്നു. എന്നാൽ, സഭയിൽ ഇവർക്കെതിരെ കോൺടംപ്റ്റ് നടപടികൾ ആരംഭിച്ചതോടെ കാര്യങ്ങൾ പ്രതിസന്ധിയിലായി. കുറ്റപത്രം പാസായാൽ വലിയ തുക പിഴയായോ ജയിൽ ശിക്ഷയായോ അനുഭവിക്കേണ്ടി വരുമെന്ന സാഹചര്യത്തിലാണ് ഇരുവരും നിലപാട് മാറ്റിയത്. വാഷിംഗ്ടൺ ഡിസിയിൽ നേരിട്ടെത്തി മൊഴി നൽകാൻ തയ്യാറാണെന്ന് ക്ലിൻ്റൺമാരുടെ അഭിഭാഷകർ കമ്മിറ്റിയെ അറിയിച്ചു. 1983-ൽ ജെറാൾഡ് ഫോർഡിന് ശേഷം ഇതാദ്യമായാണ് ഒരു മുൻ യുഎസ് പ്രസിഡൻ്റ് കോൺഗ്രസ് പാനലിന് മുന്നിൽ മൊഴി നൽകാൻ തയ്യാറാകുന്നത്.
ക്ലിൻ്റൺമാരുടെ ഈ അവസാന നിമിഷത്തെ വാഗ്ദാനം ഹൗസ് ഓവർസൈറ്റ് ചെയർമാൻ ജെയിംസ് കോമർ പൂർണ്ണമായും വിശ്വാസത്തിലെടുത്തിട്ടില്ല. ഇരുവരും നിബന്ധനകൾ അംഗീകരിച്ചതായി പറയുന്നുണ്ടെങ്കിലും, ഹാജരാകേണ്ട തീയതികൾ സംബന്ധിച്ചോ മൊഴി നൽകുന്ന രീതിയെക്കുറിച്ചോ വ്യക്തത നൽകിയിട്ടില്ലെന്ന് കോമർ ആരോപിച്ചു. “സഭ നടപടികളുമായി മുന്നോട്ട് പോയതുകൊണ്ട് മാത്രമാണ് അവർ ഇപ്പോൾ ഇത്തരമൊരു നിലപാടിലെത്തിയത്. നിബന്ധനകളിൽ കൂടുതൽ വ്യക്തത വരുത്തിയ ശേഷം മാത്രമേ അടുത്ത നടപടികളിലേക്ക് കടക്കൂ,” – ജെയിംസ് കോമർ വ്യക്തമാക്കി.













