ഓൺലൈൻ അന്താരാഷ്ട്ര വാർത്താ രചനാ മത്സരത്തിലെ വിജയികളെ ആദരിക്കുന്നു

ഓൺലൈൻ അന്താരാഷ്ട്ര വാർത്താ രചനാ മത്സരത്തിലെ വിജയികളെ ആദരിക്കുന്നു

പട്രീഷ്യ ഉമാശങ്കർ

ഡാളസ്: ഇൻഡോ അമേരിക്കൻ പ്രസ് ക്ലബ്ബും (IAPC) ഗ്ലോബൽ ഇന്ത്യൻ കൗൺസിലും (GIC) സംയുക്തമായി സംഘടിപ്പിച്ച ഓൺലൈൻ അന്താരാഷ്ട്ര വാർത്താ രചനാ മത്സരത്തിലെ വിജയികളെ ആദരിക്കുന്നു. ഫെബ്രുവരി 21 ശനിയാഴ്ച ഇന്ത്യൻ സമയം രാത്രി 8.30-ന് (9.00 AM CST) സൂം പ്ലാറ്റ്‌ഫോമിൽ നടക്കുന്ന വെർച്വൽ യോഗത്തിൽ വെച്ചാണ് വിജയികളെ ആദരിക്കുന്നത.

ലോകമെമ്പാടുമുള്ള യുവ മാധ്യമപ്രവർത്തകർക്കായി സംഘടിപ്പിച്ച മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച ദ്യുതിസൂസൻ സഖറിയ ഒന്നാം സ്ഥാനം നേടി. ബംഗളൂരുവിലെ മണിപ്പാൽ അക്കാദമി ഓഫ് ഹൈയർ എജുക്കേഷനിലെ പി.ജി.വിദ്യാർത്ഥിനിയായ ദ്യുതിക്ക് 50,001 രൂപയാണ് പുരസ്കാരം. വസ്തുതാപരമായ കൃത്യതയും പ്രൊഫഷണൽ മികവും പുലർത്തിയ രചനയാണ് ദ്യുതിയുടേതെന്ന് സമിതി വിലയിരുത്തി. കേരള സർവകലാശാലയിലെ ബിരുദ വിദ്യാർത്ഥിനിയായ നെബ അന്ന തോമസ് രണ്ടാം സ്ഥാനംകരസ്ഥമാക്കി. നേബയ്ക്ക് 30,001 രൂപ പുരസ്കാരമായി ലഭിക്കും. മനുഷ്യകഥകളെ മുൻനിരയിൽ കൊണ്ടുവന്ന നേബയുടെ രചന പത്രപ്രവർത്തനത്തിലെ വേറിട്ട ശൈലി പ്രതിഫലിപ്പിച്ചു. പശ്ചിമ ബംഗാളിൽ നിന്നുള്ള വിദ്യാർത്ഥി എഴുത്തുകാരനായ സുഭോദീപ് ചൗധരി സാമൂഹിക പ്രതിബദ്ധതയുള്ള രചനയിലൂടെയാണ് മൂന്നാം സ്ഥാനം നേടിയത്. സുഭോദിപിന് 10,001 രൂപ സമ്മാനത്തുകയായി ലഭിക്കും.

പ്രശസ്ത മുതിർന്ന മാധ്യമപ്രവർത്തകനും ന്യൂഡൽഹി കേരള ക്ലബ് പ്രസിഡന്റുമായ എ.ജെ. ഫിലിപ്പ്, മാസ്‌കോം (മനോരമ സ്കൂൾ ഓഫ് കമ്മ്യൂണിക്കേഷൻ) അസിസ്റ്റന്റ് ഡയറക്ടർ എസ്. രാധാകൃഷ്ണൻ എന്നിവർ മുഖ്യാതിഥികളായി ചടങ്ങിൽ പങ്കെടുക്കും.

മാധ്യമരംഗത്തെ പുതിയ തലമുറയുടെ സർഗ്ഗാത്മകതയെയും സത്യസന്ധതയെയും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ചടങ്ങ് സംഘടിപ്പിക്കുന്നത്. വാർത്താ രചനയിൽ മികച്ച നിലവാരം പുലർത്തിയ വിജയികളെ അനുമോദിക്കുന്നതിനായി എല്ലാവരുടെയും സാന്നിധ്യം സംഘാടകർ അഭ്യർത്ഥിച്ചു. കൂടുതൽ വിവരങ്ങൾക്കായിwww.indoamericanpressclub.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

Share Email
LATEST
More Articles
Top