ലാഹോര്‍: വരുന്ന ഞായറാഴ്ച്ച നടക്കേണ്ട ടി20 ലോകകപ്പിലെ ഇന്ത്യ-പാക്കിസ്ഥാന്‍ മത്സരത്തില്‍ നിന്നും പിന്‍മാറുമെന്ന നിലപാട് മാറ്റി പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്. ശ്രീലങ്കയിലെ കൊളംബേ ആര്‍. പ്രേമദാസ സ്റ്റേഡിയത്തില്‍ നടക്കേണ്ട മത്സരത്തില്‍ പാക്ക് സംഘം ഇന്ത്യക്കെതിരെ ഗ്രൗണ്ടിലിറങ്ങുമെന്ന് ഐസിസി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് പാക് ക്രിക്കറ്റ് ബോര്‍ഡ് പ്രസിഡന്റ് മൊഹ്‌സിന്‍ നഖ്വിയുമായുള്ള ചര്‍ച്ചകള്‍ക്കൊടുവിലാണ് ഇന്ത്യക്കെതിരെ കളിക്കാന്‍ പാകിസ്ഥാന്‍ തീരുമാനിച്ചത്. ലോകകപ്പിലെ പങ്കാളിത്തം നഷ്ടമായതിലൂടെ ബംഗ്ലാദേശിനുണ്ടായ സാമ്പത്തിക നഷ്ടം നികത്താന്‍ അവര്‍ക്കായി ഒരു ത്രിരാഷ്ട്ര പരമ്പര വേണമെന്നായിരുന്നു പാകിസ്ഥാന്റെ ആവശ്യം.
എന്നാല്‍ അടുത്ത അണ്ടര്‍-19 ലോകകപ്പിന്റെ ആതിഥേയത്വം ബംഗ്ലാദേശിന് നല്‍കുന്ന കാര്യം ഐസിസി പരിഗണിക്കും.2028നും 2031നും ഇടയില്‍ ഒരു ഐസിസി ടൂര്‍ണമെന്റ് ബംഗ്ലാദേശില്‍ നടത്തും. ഐസിസിയുടെ വരുമാന വിഹിതത്തില്‍ കുറവ് വരുത്തില്ല എന്നിവയാണ് അംഗീകരിച്ച ആവശ്യങ്ങള്‍. ലോകകപ്പില്‍ ബംഗ്ലാദേശ് ഇല്ലാത്തത് ഖേദകരമാണെന്ന് സിഇഒ സന്‍ജോഗ് ഗുപ്ത പറഞ്ഞു.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡും ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡും ഐസിസിയും തമ്മില്‍ നടന്ന തീവ്രമായ ചര്‍ച്ചകള്‍ക്കൊടുവിലാണ് ലോകകപ്പിലെ ഏറ്റവും വലിയ സാമ്പത്തിക ലാഭമുണ്ടാക്കുന്ന ഈ മത്സരത്തില്‍ നിന്ന് വിട്ടുനില്‍ക്കാനുള്ള നീക്കം പാകിസ്ഥാന്‍ ഉപേക്ഷിച്ചത്. ഞായറാഴ്ച ബിസിബി ചെയര്‍മാന്‍ അമിനുല്‍ ഇസ്ലാമും ഐസിസി ഡയറക്ടര്‍ ഇമ്രാന്‍ ഖവാജയും ലാഹോറിലെത്തി പിസിബി അധികൃതരുമായി ചര്‍ച്ച നടത്തിയിരുന്നു.
ബംഗ്ലാദേശ് ടീം ഇന്ത്യയിലേക്ക് വരാന്‍ വിസമ്മതിച്ചതിനെത്തുടര്‍ന്ന് അവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് പാകിസ്ഥാന്‍ ആദ്യം ബഹിഷ്‌കരണം പ്രഖ്യാപിച്ചത്. എന്നാല്‍, ബംഗ്ലാദേശിനോട് വിട്ടുവീഴ്ചാപരമായ സമീപനം ഐസിസി സ്വീകരിച്ചതോടെ പാകിസ്ഥാന്‍ തങ്ങളുടെ നിലപാട് പുനഃപരിശോധിക്കുകയായിരുന്നു.
പാകിസ്ഥാന് സ്വന്തമായി പരാതികളില്ലെന്നും ബംഗ്ലാദേശിനോടുള്ള ഐക്യദാര്‍ഢ്യം മൂലമാണ് അത്തരമൊരു നിലപാട് സ്വീകരിച്ചതെന്നും പിസിബി ചീഫ് മൊഹ്സിന്‍ നഖ്വി നേരത്തെ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു.
Pakistan backs off boycott of India’s T20 World Cup match: India-Pak clash to be held in Colombo on Sunday











