വാഷിംഗ്ടൺ: അമേരിക്കയിലെ കുടിയേറ്റ വിരുദ്ധ നടപടികളെത്തുടർന്ന് രാജ്യം കലുഷിതമായിരിക്കെ, ഡെമോക്രാറ്റിക് പാർട്ടി ഭരിക്കുന്ന നഗരങ്ങളിലെ പ്രതിഷേധങ്ങളിൽ ഇടപെടരുതെന്ന് ഹോംലാൻഡ് സെക്യൂരിറ്റി സെക്രട്ടറിക്ക് പ്രസിഡന്റ് ,ഡോണാൾഡ് ട്രംപിന്റെ കർശന നിർദ്ദേശം. പ്രാദേശിക അധികൃതർ ഔദ്യോഗികമായി സഹായം ആവശ്യപ്പെടാതെ കേന്ദ്ര സേനയെ അയക്കില്ലെന്ന് ട്രംപ് വ്യക്തമാക്കി.
തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യലി’ലൂടെയാണ് ട്രംപ് ഈ പ്രഖ്യാപനം നടത്തിയത്.
ഡെമോക്രാറ്റുകൾ ഭരിക്കുന്ന നഗരങ്ങളിലെ പ്രതിഷേധങ്ങളിലോ കലാപങ്ങളിലോ യാതൊരു കാരണവശാലും പങ്കുചേരരുത്. അവർ സഹായം അഭ്യർത്ഥിച്ചാൽ മാത്രം ഇടപെടുക. പ്രതിഷേധക്കാർ ഫെഡറൽ കെട്ടിടങ്ങൾ ആക്രമിക്കാൻ മുതിർന്നാൽ അത് ശക്തമായി നേരിടും. അത്തരം നീക്കങ്ങളെ പ്രതിരോധിക്കാൻ സൈന്യവും സജ്ജമായിരിക്കും. “ഞങ്ങൾ ഇടപെട്ടാൽ അവർ പരാതി പറയുക മാത്രമാണ് ചെയ്യുന്നത്,” എന്ന് വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ ട്രംപ് പരിഹസിച്ചു.
മിനിയാപൊളിസിലെ കൊലപാതകങ്ങൾ
മിനിയാപൊളിസിലെ ഇമിഗ്രേഷൻ ഓപ്പറേഷനിടെ അലക്സ് പ്രെറ്റി, റെനി ഗുഡ് എന്നിവർ കൊല്ലപ്പെട്ടത് കുടിയേറ്റ വിരുദ്ധ നടപടികൾക്കെതിരെ രാജവ്യാപകമായി കടുത്ത രോഷമുണ്ടാക്കിയിട്ടുണ്ട്. ഈ സംഭവത്തിന് പിന്നാലെയാണ് ട്രംപിന്റെ ശൈലിയിൽ മാറ്റം വന്നത്. നിയമപാലകർക്ക് നേരെ തുപ്പുന്നതോ, വാഹനങ്ങൾ ആക്രമിക്കുന്നതോ, പൊതുമുതൽ നശിപ്പിക്കുന്നതോ അനുവദിക്കില്ലെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. അക്രമം കാട്ടുന്നവർക്ക് “തുല്യമായതോ അതിലധികമോ ആയ പ്രത്യാഘാതങ്ങൾ” നേരിടേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. പ്രാദേശിക സ്വത്തുക്കൾ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം അതത് സംസ്ഥാന സർക്കാരുകൾക്കാണെന്നും ഫെഡറൽ ഗവൺമെന്റ് അതിലൊരു ‘ബാക്ക്സ്റ്റോപ്പ്’ മാത്രമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.











