ജനീവ: ആണവ വിഷയത്തിലും സാമ്പത്തിക ഉപരോധങ്ങൾ ഒഴിവാക്കുന്നതിലും നിർണായക ചർച്ചകൾ നടത്തി അമേരിക്കയും ഇറാനും. സ്വിറ്റ്സർലൻഡിലെ ജനീവയിലാണ് കൂടിക്കാഴ്ച നടത്തിയത്. ഇരുവിഭാഗവും വളരെ ഗൗരവത്തോടെയാണ് ചർച്ചകളെ സമീപിക്കുന്നതെന്ന് ഇറാന്റെ വിദേശകാര്യ വക്താവ് ഇസ്മായിൽ ബഗായ് പറഞ്ഞു. ആണവ പദ്ധതി നിയന്ത്രണവും ഉപരോധങ്ങളിൽ ഇളവ് നൽകുന്നതും സംബന്ധിച്ച് ഇരുപക്ഷവും പ്രായോഗികവും പ്രധാനപരവുമായ നിർദേശങ്ങൾ മുന്നോട്ടുവെച്ചതായി ഇറാൻ വ്യക്തമാക്കി.
ഒമാന്റെ വിദേശകാര്യ മന്ത്രി ബദർ അൽബുസൈദിയാണ് ഈ ചർച്ചകൾക്ക് മധ്യസ്ഥത വഹിക്കുന്നത്. അമേരിക്കൻ സംഘത്തെ നയിക്കുന്നത് യുഎസ് പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫും ജാറെഡ് കുഷ്‌നറുമാണ്. ഇറാൻ വിഭാഗത്തിനായി വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചി പങ്കെടുക്കുന്നു. വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം ചർച്ചകൾക്കിടയിൽ ചെറിയ ഇടവേള ഉണ്ടായിരുന്നു; ഇത് സംഘങ്ങൾ തമ്മിലുള്ള ആഭ്യന്തര ചർച്ചകൾക്കായിരുന്നു. ഇന്ത്യൻ സമയം ഏകദേശം അർദ്ധരാത്രിയോടെ ചർച്ചകൾ വീണ്ടും ആരംഭിച്ചു.
അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി (IAEA) ഡയറക്ടർ ജനറൽ റാഫേൽ ഗ്രോസിയും ചർച്ചകളിൽ സാങ്കേതിക നിരീക്ഷകന്റെ നിലയിൽ പങ്കെടുക്കുന്നുണ്ട്. ഇറാന്റെ ആണവ പ്രവർത്തനങ്ങളിൽ സുതാര്യത ഉറപ്പാക്കുന്നതിന് അദ്ദേഹത്തിന്റെ സാന്നിധ്യം സഹായകമാകുമെന്നാണ് വിലയിരുത്തൽ.













