ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനെയിയുടെ ഭാര്യ മൻസൂറ ഖൊജസ്തേ കൊല്ലപ്പെട്ടതായി ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. യുഎസ്-ഇസ്രായേൽ സഖ്യം നടത്തിയ സംയുക്ത സൈനിക നീക്കത്തിൽ ഇവർക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. നേരത്തെ ഇതേ ആക്രമണത്തിൽ ഖമനെയിയും അദ്ദേഹത്തിന്റെ മകൾ, മരുമകൻ, പേരക്കുട്ടികൾ എന്നിവരും കൊല്ലപ്പെട്ടിരുന്നു. ‘എപ്പിക് ഫ്യൂറി’ എന്ന പേരിൽ അമേരിക്ക നടത്തിയ ആക്രമണത്തിൽ ഇറാന്റെ പ്രതിരോധ മന്ത്രിയും മറ്റ് ഉന്നത സൈനിക ഉദ്യോഗസ്ഥരും ഉൾപ്പെടെയുള്ളവർക്ക് ജീവൻ നഷ്ടമായിരുന്നു.
ഖമനെയിയുടെയും കുടുംബത്തിന്റെയും വിയോഗത്തെത്തുടർന്ന് ഇറാനിൽ നാൽപ്പത് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി രാജ്യത്ത് ഏഴ് ദിവസത്തെ പൊതു അവധിയും നൽകിയിട്ടുണ്ട്. ഇറാൻ വിപ്ലവത്തിന് ശേഷമുള്ള ഏറ്റവും വലിയ തിരിച്ചടിയായാണ് ഈ സംഭവത്തെ ലോകം വിലയിരുത്തുന്നത്. പ്രിയ നേതാവിനും കുടുംബത്തിനും വിടചൊല്ലാൻ ലക്ഷക്കണക്കിന് ആളുകളാണ് തെരുവുകളിൽ ഇറങ്ങിയിരിക്കുന്നത്. മേഖലയിൽ സംഘർഷം പാരമ്യത്തിലെത്തിയിരിക്കെ ഇറാൻ ഭരണകൂടത്തിന്റെ അടുത്ത നീക്കം എന്തായിരിക്കുമെന്ന് രാജ്യാന്തര സമൂഹം ഉറ്റുനോക്കുന്നു.













