ന്യൂഡല്‍ഹി: പശ്ചിമേഷ്യയിലെ സംഘര്‍ഷത്തെ തുടര്‍ന്ന് ഹോര്‍മൂസ് കടലിടുക്കുവഴിയുള്ള കപ്പല്‍ ഗതാഗതം സ്തംഭനാവസ്ഥയിലായതോടെ ഇന്ത്യയില്‍ ഉടലെടുത്ത ഇന്ധന പ്രതിസന്ധിക്ക് താത്കാലിക പരിഹാരം . ഗള്‍ഫില്‍ നിന്നും രണ്ട് കപ്പലുകള്‍ ഇന്ന് ഇന്ത്യന്‍ തീരത്ത് എത്തും. 92,000 മെട്രിക് ടണ്‍ എല്‍പിജിയുമായി ജഗ് വസന്ത്, പൈന്‍ ഗ്യാസ് എന്നീ കപ്പലുകളാണ് ഇന്ത്യന്‍ തീരത്ത് എത്തുന്നത്.
47,600 മെട്രിക് ടണ്‍ എല്‍പിജിയുമായി ജഗ് വസന്ത് കപ്പല്‍ കണ്ട്ല തുറമുഖത്ത് എത്തുമെന്നാണ് പോര്‍ട്ട്‌സ് മന്ത്രാലയം അറിയിപ്പ്. . 45,000 മെട്രിക് ടണ്‍ എല്‍പിജി ഉള്‍ക്കൊള്ളുന്ന പൈന്‍ ഗ്യാസ് ന്യൂ മാംഗ്ലൂര്‍ തുറമുഖത്ത് എത്തും.
ഇതിനിടെ ഹോമര്‍മുസില്‍ കുടുങ്ങിക്കിടക്കുന്ന കപ്പലുകളെ ഇന്ത്യന്‍ നാവിക സേനയുടെ അകമ്പടിയോടെ നാട്ടിലെത്തിക്കാന്‍ ‘ഓപ്പറേഷന്‍ ഊര്‍ജ സുരക്ഷ’യ്ക്ക് ഇന്ത്യ തുടക്കമിട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. എല്‍പിജി, എല്‍എന്‍ജി, ക്രൂഡ് ഓയില്‍ അടക്കമുള്ളവയുമായി നിലവില്‍ 20 കപ്പലുകളാണ് ഹോര്‍മുസില്‍ കുടുങ്ങിക്കിടക്കുന്നത്. ഇവയെ രാജ്യത്തെത്തിക്കുകയാണ് ഓപ്പറേഷന്‍ ഊര്‍ജ്ജ സുരക്ഷയിലൂടെ നാവികസേന ലക്ഷ്യംവെക്കുന്നത്.
പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ചുചേര്‍ത്ത മുഖ്യമന്ത്രിമാരുടെ യോഗം ഇന്ന് നടക്കും. ഇന്ധനവിതരണം അടക്കം പ്രതിസന്ധികള്‍ നേരിടാനുള്ള മുന്നൊരുക്കങ്ങള്‍ യോഗം വിലയിരുത്തും.
Two ships carrying LPG reach Indian coast: Temporary relief to fuel crisis













