ഇരട്ട പൗരത്വ വിവാദത്തിൽ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ കേസെടുത്ത് അന്വേഷണം നടത്താൻ അലഹബാദ് ഹൈക്കോടതിയുടെ ലഖ്‌നൗ ബെഞ്ച് നിർദ്ദേശിച്ചു. യുപി പൊലീസോ ഏതെങ്കിലും കേന്ദ്ര ഏജൻസിയോ വിഷയം അന്വേഷിക്കണമെന്നാണ് കോടതി ഉത്തരവിട്ടത്. ബ്രിട്ടീഷ് പൗരത്വമുണ്ടെന്ന ആരോപണത്തിൽ രാഹുൽ ഗാന്ധിക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്നാവശ്യപ്പെട്ട് ബിജെപി പ്രവർത്തകനായ എസ്. വിഘ്‌നേഷ് ശിശിർ നൽകിയ ഹർജിയിലാണ് നടപടി.
കേന്ദ്ര ആഭ്യന്തര മന്ത്രാലയം സമർപ്പിച്ച രേഖകൾ പരിശോധിച്ച ശേഷമാണ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്. രാഹുൽ ബ്രിട്ടീഷ് പൗരനാണെന്ന് തെളിയിക്കുന്ന യുകെ സർക്കാരിന്റെ രേഖകളും രഹസ്യ ഇമെയിലുകളും തന്റെ കൈവശമുണ്ടെന്നാണ് ഹർജിക്കാരന്റെ വാദം. കേസിൽ കേന്ദ്ര സർക്കാരിനെ കക്ഷി ചേർക്കാൻ കോടതി അനുമതി നൽകുകയും രേഖകളുമായി ഹാജരാകാൻ ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരോട് നിർദ്ദേശിക്കുകയും ചെയ്തു.
നേരത്തെ ലഖ്‌നൗവിലെ പ്രത്യേക എംപി/എംഎൽഎ കോടതി രാഹുലിനെതിരെ കേസെടുക്കണമെന്ന അപേക്ഷ തള്ളിയിരുന്നു. ഇതിനെതിരെ നൽകിയ അപ്പീലിലാണ് ഹൈക്കോടതിയുടെ പുതിയ നീക്കം. അതീവ രഹസ്യ സ്വഭാവമുള്ള രേഖകളാണ് വിഷയത്തിലുള്ളതെന്ന് കേന്ദ്ര സർക്കാരിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. വരും ദിവസങ്ങളിൽ ഈ അന്വേഷണം കോൺഗ്രസിനും രാഹുൽ ഗാന്ധിക്കും വലിയ രാഷ്ട്രീയ വെല്ലുവിളിയായി മാറാനാണ് സാധ്യത.













