swayamvara
pulimoottil

യുകെയില്‍ അതിശക്തമായ ചൂട്: രണ്ട് മാസത്തിനിടെയുണ്ടായത്  2,877 മരണമെന്നു ആരോഗ്യവകുപ്പ്

യുകെയില്‍ അതിശക്തമായ ചൂട്: രണ്ട് മാസത്തിനിടെയുണ്ടായത്  2,877 മരണമെന്നു ആരോഗ്യവകുപ്പ്

ലണ്ടന്‍:  ബ്രിട്ടണില്‍ കഴിഞ്ഞ രണ്ടു മാസത്തിനിടെയുണ്ടായ അതിശക്തമായ ചൂടിലെ തുടര്‍ന്ന് 2877 പേര്‍ മരണപ്പെട്ടതായി ആരോഗ്യവകുപ്പ്. മേയ്, ജൂണ്‍ മാസങ്ങളിലായി 2,877 പേര്‍ ചൂട് സംബന്ധമായ കാരണങ്ങളാല്‍ മരിച്ചതായി യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി  പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. 2022-ല്‍ രേഖപ്പെടുത്തിയ 2,985 മരണങ്ങള്‍ക്ക് തൊട്ടുപിന്നാലെയാണ് ഇത്തവണത്തെ കണക്ക്. വേനല്‍ക്കാലം അവസാനിക്കാന്‍ ഓഗസ്റ്റ്  മാസം കൂടി ഉള്ള  സാഹചര്യത്തില്‍ മരണസംഖ്യ ഇനിയും ഉയരാനിടയുണ്ടെന്ന് ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി.

രാജ്യത്തിന്റെ പല ഭാഗങ്ങളിലും താപനില 35 ഡിഗ്രി സെല്‍ഷ്യസിന് മുകളിലെ ത്തിയതോടെയാണ് സ്ഥിതി ഗുരുതരമായത്. സാധാരണയേക്കാള്‍ മുമ്പേ  എത്തിയ ചൂടുതരംഗം ദിവസങ്ങളോളം നീണ്ടുനിന്നതോടെ പ്രായമായവര്‍, ഹൃദയ-ശ്വാസകോശ രോഗങ്ങള്‍ ഉള്‍പ്പെടെ ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുള്ളവര്‍ ഉള്‍പ്പെടെയുള്ളവര്‍  ഏറ്റവും കൂടുതല്‍ ദുരിതമനുഭവിച്ചത്. ദീര്‍ഘനേരം ഉയര്‍ന്ന താപനിലയില്‍ കഴിയുന്നത് പല രോഗങ്ങളെയും ഗുരുതരമാക്കുമെന്നും ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടി.

കാലാവസ്ഥാ വ്യതിയാനമാണ് ചൂടുതരംഗങ്ങളുടെ തീവ്രതയും വര്‍ധിപ്പിക്കുന്നതെന്ന് ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഉയര്‍ന്ന താപനില മൂലം ദേശീയ ആരോഗ്യ സേവനമായ എന്‍എച്ച്എസിന് വലിയ സമ്മര്‍ദമാണ് നേരിടേണ്ടിവന്നത്. അതേസമയം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കാട്ടുതീയും മറ്റ് ചൂട് സംബന്ധമായ അടിയന്തര സംഭവങ്ങളും വര്‍ധിച്ചതോടെ അഗ്‌നിരക്ഷാസേനയും കൂടുതല്‍ ജാഗ്രതയിലാണ്.

അതിശക്തമായ ചൂടിന്റെ പശ്ചാത്തലത്തില്‍ പൊതുജനങ്ങള്‍ക്ക് ആരോഗ്യവകുപ്പ് നിര്‍ദേശങ്ങളും നല്‍കിയിട്ടുണ്ട്.ഇതിനിടെ, സൈക്ലോസ്‌പോറിയാസിസ് എന്നരോഗം വര്‍ധിക്കുന്നതായും യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി മുന്നറിയിപ്പ് നല്‍കി. ഏപ്രില്‍ മുതല്‍ ഇതുവരെ 67 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മെക്‌സിക്കോ സന്ദര്‍ശിച്ച് മടങ്ങിയവരിലാണ് കൂടുതലായും രോഗബാധ കണ്ടെത്തിയത്. മലിനമായ സലാഡുകള്‍, ഇലക്കറികള്‍, പഴങ്ങള്‍ എന്നിവയിലൂടെ പകരുന്ന ഈ രോഗം ഗുരുതര വയറിളക്കത്തിന് കാരണമാകുമെങ്കിലും, ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് നേരിട്ട് പകരില്ലെന്ന് ആരോഗ്യവിദഗ്ധര്‍ വ്യക്തമാക്കി. നിലവിലെ ചൂടുതരംഗവും രോഗവ്യാപന മുന്നറിയിപ്പും ഒരേസമയം ഉയര്‍ന്നതോടെ യുകെയില്‍ പൊതുജനാരോഗ്യ ആശങ്ക കൂടുതല്‍ ശക്തമായിരിക്കുകയാണ്.

Intense heat in the UK: Health Department reports 2,877 deaths over two months.

Share Email
Top