വാഷിംഗ്ടണ്‍: ബഹുരാഷ്ട്ര ടെക്‌നോളജി ഭീമിന്‍ ആപ്പിളിന്റെ തലപ്പത്ത് മാറ്റം. കമ്പനിയുടെ സിഇഒ ടിം കുക്ക് പടിയിറങ്ങുന്നു. ആപ്പിള്‍ സിഇ! പദവിയില്‍ നിന്നും സെപ്തംബര്‍ഒന്നിന് സ്ഥാനമൊഴിയുമെന്ന് അദ്ദേഹം അറിയിച്ചു. പകരക്കാരനായി ഹാര്‍ഡ്വെയര്‍ എന്‍ജിനീയറിംഗ് വിഭാഗത്തിന്റെ സീനിയര്‍ വൈസ് പ്രസിഡന്റ് ജോണ്‍ ടെര്‍ണസ് സിഇഒയായി ചുമതലയേല്‍ക്കും.
ഇന്നലെ പുറത്തിറക്കിയ പ്രസ്താവനയിലാണ് ടിം പദവി ഒഴിയുന്നത് സംബന്ധിച്ച തീരുമാനം പ്രഖ്യാപിക്കപ്പെട്ടത്. ദീര്‍ഘകാല പദ്ധതിയുടെ ഭാഗമായി ആലോചിച്ചെടുത്ത ഉത്തരവാദിത്വ കൈമാറ്റമാണിതെന്ന് കമ്പനി വ്യക്തമാക്കി. കുക്ക് കമ്പനിയുടെ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സിന്റെ എക്സിക്യൂട്ടീവ് ചെയര്‍മാനായി തുടരും.
2011ല്‍ സിഇഒ പദവി ഏറ്റെടുത്ത കുക്ക്, ആപ്പിളിനെ ആഗോള ശക്തിയായി ഉയര്‍ത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു. പുതുതായി സിഇഒ ആയി ചുമതല ഏല്ക്കുന്ന ടെര്‍ണസ് 2001ല്‍ ആപ്പിളില്‍ ചേര്‍ന്നു, മാക് കംപ്യൂട്ടറുകള്‍ ഉള്‍പ്പെടെയുള്ള ഉല്‍പ്പന്നങ്ങളുടെ വളര്‍ച്ചയില്‍ പ്രധാന പങ്കുവഹിച്ചു. അടുത്തിടെ വിരമിക്കല്‍ പ്രഖ്യാപനം തള്ളിയിരുന്ന കുക്കിന്റെ ഇപ്പോഴുള്ള പടിയിറക്കം ഏറെ ചര്‍ച്ചയായി. കമ്പനിയുടെ വരാനിരിക്കുന്ന സാമ്പത്തികപ്രഖ്യാപനത്തിന് മുന്‍പായാണ് ഈ മാറ്റം എന്നതും എടുത്തുപറയേണ്ടതാണ്.
കുക്കിന്റെ 15 വര്‍ഷത്തെ നേതൃത്വത്തില്‍ ആപ്പിളിന്റെ വിപണി മൂല്യം 1000 ശതമാനത്തിലധികം ഉയര്‍ന്ന് നാലു ട്രില്യണ്‍ ഡോളറായി. വരുമാനവും നാലിരട്ടിയിലധികം വര്‍ധിച്ചു. 200ലധികം രാജ്യങ്ങളില്‍ സാന്നിധ്യം ഉറപ്പിച്ച ആപ്പിള്‍, ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള കമ്പനികളില്‍ ഒന്നായി മാറി.
Apple CEO changes: Tim Cook steps down; John Ternes becomes new CEO













