മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ് ഉൾപ്പെട്ട കൽക്കരി കുംഭകോണ കേസ് അവസാനിപ്പിച്ച് സുപ്രീം കോടതി. കേസിൽ സിബിഐ സമർപ്പിച്ച ക്ലോഷർ റിപ്പോർട്ട് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് പൂർണ്ണമായി അംഗീകരിച്ചു. ഒഡീഷയിലെ താലാബീര-II കൽക്കരിപ്പാടം സ്വകാര്യ കമ്പനിക്ക് അനുവദിച്ചതുമായി ബന്ധപ്പെട്ട കേസിൽ മൻമോഹൻ സിങ്ങും മറ്റ് അഞ്ചുപേരും വിചാരണ നേരിടണമെന്ന 2015-ലെ പ്രത്യേക സിബിഐ കോടതി ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി.
സാധുവായ കാരണങ്ങളില്ലാതെയാണ് സിബിഐയുടെ ക്ലോഷർ റിപ്പോർട്ട് പ്രത്യേക കോടതി തള്ളിയതെന്ന് ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു. കേസിൽ വിശദമായ അന്വേഷണം നടത്തിയ സിബിഐ രണ്ട് ക്ലോഷർ റിപ്പോർട്ടുകൾ സമർപ്പിച്ചിരുന്നു. ക്രിമിനൽ കേസ് നിലനിൽക്കില്ലെന്ന അന്വേഷണസംഘത്തിന്റെ നിഗമനം അംഗീകരിച്ച ബെഞ്ച്, കേസിലെ തുടർനടപടികൾ ഔദ്യോഗികമായി അവസാനിപ്പിക്കുകയും ചെയ്തു. 11 വർഷം നീണ്ട നിയമപോരാട്ടത്തിനാണ് ഇതോടെ അന്ത്യമായിരിക്കുന്നത്.
2015-ൽ വിചാരണക്കോടതി ഉത്തരവ് വന്നതിന് തൊട്ടുപിന്നാലെ ഏപ്രിൽ ഒന്നിന് സുപ്രീം കോടതി അത് സ്റ്റേ ചെയ്തിരുന്നു. മൻമോഹൻ സിങ്ങിന്റെ പൊതുജീവിതത്തിൽ വലിയ വിവാദമുയർത്തിയ കേസിൽ സുപ്രീം കോടതിയുടെ അന്തിമ വിധി വന്നതോടെ അദ്ദേഹം പൂർണ്ണമായി കുറ്റവിമുക്തനായി. അന്വേഷണത്തിൽ അദ്ദേഹത്തിനെതിരെ തെളിവുകളൊന്നുമില്ലെന്ന് വ്യക്തമാക്കിയാണ് കോടതി നടപടികൾ പൂർത്തിയാക്കിയത്.
















