വാഷിംഗ്ടണ്‍; മാസങ്ങളായി തുടരുന്ന ഇറാന്‍ -അമേരിക്ക സംഘര്‍ഷം പുതിയ തലത്തിലേക്ക്. പുതിയ ഉപരോധ ഭീഷണിയുമായി അമേരിക്ക രംഗത്തെത്തി. ഇറാനിയന്‍ വിമാനക്കമ്പനികളെ ആഗോളതലത്തില്‍ പ്രവര്‍ത്തിക്കാന്‍ കഴിയാത്ത അവസ്ഥയിലാക്കുമെന്ന ഭീഷണിയാണ് മുഴക്കിയിരിക്കുന്നത്. ഇറാനിയന്‍ വിമാനക്കമ്പനികള്‍ക്ക് സേവനം നല്‍കുന്ന വിദേശ കമ്പനികള്‍ക്കെതിരെ സെക്കന്‍ഡറി ഉപരോധം ഏര്‍പ്പെടുത്തുമെന്ന് അമേരിക്കന്‍ ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസന്റ് മുന്നറിയിപ്പ് നല്‍കി. യുഎസ്-ഇറാന്‍ സംഘര്‍ഷം ഏഴാം മാസത്തിലേക്ക് കടക്കുന്നതിനിടെയാണ് ബെസന്റിന്റെ പ്രഖ്യാപനം.
വിമാനക്കമ്പനികള്‍ക്ക് മാത്രമല്ല, അവയുടെ പ്രവര്‍ത്തനത്തെ സഹായിക്കുന്ന വിമാനത്താവളങ്ങള്‍, ടിക്കറ്റ് വില്‍പ്പന കമ്പനികള്‍, ഇന്ധന വിതരണക്കാര്‍, മറ്റ് സേവനദാതാക്കള്‍ എന്നിവര്‍ക്കെതിരെയും നടപടിയുണ്ടാകുമെന്ന് ബെസന്റ് വ്യക്തമാക്കി. ഇറാനിയന്‍ വിമാനങ്ങള്‍ ഏതെങ്കിലും രാജ്യത്ത് ഇറങ്ങിയാല്‍ അവയ്ക്ക് ഇന്ധനം നല്‍കുകയോ ലാന്‍ഡിങ് സേവനങ്ങള്‍ ലഭ്യമാക്കുകയോ ടിക്കറ്റ് വില്‍ക്കുകയോ ചെയ്യുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി
ഇറാനെതിരായ അമേരിക്കയുടെ സാമ്പത്തിക സമ്മര്‍ദം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ ഭീഷണി. ഇറാന്റെ വ്യോമയാന മേഖലയ്‌ക്കെതിരെ നേരത്തെ തന്നെ അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. അമേരിക്കന്‍ നടപടികളെ തുടര്‍ന്ന് ചില രാജ്യങ്ങളും ഇറാനിയന്‍ വിമാനക്കമ്പനികള്‍ക്കെതിരെ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചു. ഇറാനിയന്‍ വിമാനക്കമ്പനികളുടെ സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കുമെന്ന് ഇറാഖ് തീരുമാനിച്ചതായി എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു. ജോര്‍ജിയയും ഇറാനിയന്‍ വിമാനക്കമ്പനികള്‍ക്ക് തങ്ങളുടെ വ്യോമതാവളങ്ങള്‍ ഉപയോഗിക്കുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. തുര്‍ക്കി സര്‍ക്കാരിന്റെ അഭ്യര്‍ഥനയെ തുടര്‍ന്ന് തുര്‍ക്കിയിലേക്കുള്ള സര്‍വീസ് നിര്‍ത്തിവച്ചതായി ഇറാനിയന്‍ വിമാനക്കമ്പനിയായ മഹാന്‍ അറിയിച്ചു.
വിമാനങ്ങള്‍, സ്‌പെയര്‍ പാര്‍ട്‌സ്, അറ്റകുറ്റപ്പണി സേവനങ്ങള്‍ എന്നിവ ലഭ്യമാക്കുന്നതില്‍ ഇറാന്‍ വ്യോമയാന മേഖല വര്‍ഷങ്ങളായി അമേരിക്കന്‍ ഉപരോധം മൂലമുള്ള പ്രതിസന്ധി നേരിടുന്നുണ്ട്. അതേസമയം, ചൈനയുമായുള്ള സാമ്പത്തിക ചര്‍ച്ചകള്‍ക്ക് പിന്നാലെയാണ് ബെസന്റിന്റെ പുതിയ പ്രഖ്യാപനം. ഇറാന്റെ പ്രധാന സാമ്പത്തിക പങ്കാളികളിലൊന്നും നയതന്ത്ര പിന്തുണ നല്‍കുന്ന രാജ്യങ്ങളിലൊന്നുമാണ് ചൈന. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങും തമ്മിലുള്ള ഉച്ചകോടിക്ക് മുന്നോടിയായാണ് ബെസന്റ് ചൈനീസ് വൈസ് പ്രീമിയര്‍ ഹി ലൈഫെങുമായി കൂടിക്കാഴ്ച നടത്തിയത്.
US threatens new sanctions against Iran: Companies providing services to Iranian airlines also face the threat of sanctions.
















