തിരുവനന്തപുരം: സംസ്ഥാനത്ത് അപ്രഖ്യാപിത വൈദ്യുതി നിയന്ത്രണങ്ങളെച്ചൊല്ലിയുള്ള തർക്കങ്ങൾക്കും പ്രതിഷേധങ്ങൾക്കും ഒടുവിൽ ഔദ്യോഗികമായി ലോഡ് ഷെഡ്ഡിങ് ഏർപ്പെടുത്താൻ കെഎസ്ഇബി തീരുമാനിച്ചു. ഇന്ന് നടന്ന കെഎസ്ഇബി ഉന്നതതല യോഗത്തിലാണ് ഈ നിർണ്ണായക തീരുമാനമുണ്ടായത്. വൈകുന്നേരം 6 മണി മുതൽ രാത്രി 12 മണി വരെയുള്ള സമയത്തിനിടയിൽ ഓരോ പ്രദേശത്തും അരമണിക്കൂർ വീതമായിരിക്കും നിയന്ത്രണം ഏർപ്പെടുത്തുക. ‘ലോഡ് ഷെഡിങ്’ എന്ന വാക്ക് ഒഴിവാക്കി ‘പീക്ക് ലോഡ് മാനേജ്‌മെന്റ്’ എന്ന പേരിലാകും ഈ നിയന്ത്രണം നടപ്പിലാക്കുകയെന്ന് അധികൃതർ അറിയിച്ചു.
കടുത്ത വേനൽ ചൂട് കാരണം സംസ്ഥാനത്തെ പ്രതിദിന വൈദ്യുതി ഉപഭോഗം റെക്കോർഡ് നിലയിലേക്ക് ഉയർന്നതാണ് ഈ പ്രതിസന്ധിക്ക് പ്രധാന കാരണം. നിലവിൽ പ്രതിദിന ഉപഭോഗം 115 ദശലക്ഷം യൂണിറ്റ് കടന്നിരിക്കുകയാണ്. പുറത്തുനിന്ന് ലഭിക്കുന്ന വൈദ്യുതിയുടെ അളവിൽ കുറവ് വന്നതും ആഭ്യന്തര ഉൽപ്പാദനം വർദ്ധിപ്പിക്കാൻ കഴിയാത്തതും ഗ്രിഡ് സുരക്ഷയെ ബാധിക്കുമെന്നതിനാലാണ് നിയന്ത്രണം ഏർപ്പെടുത്താൻ ബോർഡ് നിർബന്ധിതമായത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി അപ്രഖ്യാപിത പവർകട്ടിനെതിരെ വ്യാപക പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് ഇപ്പോൾ ഔദ്യോഗികമായി അറിയിപ്പ് നൽകിയത്.
വൈദ്യുതി പ്രതിസന്ധി മറികടക്കാൻ പൊതുജനങ്ങൾ സഹകരിക്കണമെന്ന് കെഎസ്ഇബി അഭ്യർത്ഥിച്ചു. വൈകിട്ട് 6 മുതൽ രാത്രി 12 വരെയുള്ള പീക്ക് സമയങ്ങളിൽ ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യുന്നത് ഒഴിവാക്കണമെന്നും, ഇൻഡക്ഷൻ കുക്കർ, വാഷിങ് മെഷീൻ തുടങ്ങിയ ഉയർന്ന പവർ ഉപയോഗിക്കുന്ന ഉപകരണങ്ങൾ ഉപയോഗിക്കരുതെന്നും നിർദ്ദേശമുണ്ട്. എസിയുടെ താപനില 24 ഡിഗ്രിക്കും 26 ഡിഗ്രിക്കും ഇടയിൽ ക്രമീകരിക്കണമെന്നും അത്യാവശ്യമുള്ള മുറികളിൽ മാത്രം ഉപയോഗം പരിമിതപ്പെടുത്തണമെന്നും അധികൃതർ വ്യക്തമാക്കി. വേനൽ മഴ ലഭിക്കുന്നത് വരെ ഈ നിയന്ത്രണങ്ങൾ തുടരാനാണ് സാധ്യത.















