ടെഹ്‌റാൻ: ഗൾഫ് മേഖലയിൽ അമേരിക്കൻ നാവികസേനയുടെ ഉപരോധ വലയം ഭേദിച്ച് നീങ്ങിയ വിദേശ ചരക്കുകപ്പലിന് നേരെ ആക്രമണം. യുഎസ് ട്രഷറിയുടെ ഉപരോധപ്പട്ടികയിലുള്ള ‘ദിഷ’ എന്ന എൽപിജി ടാങ്കറിന് നേരെയാണ് ആക്രമണമുണ്ടായത്. കപ്പലിൽ അപായ സൂചന ഉയർന്നതിനെ തുടർന്ന് ഇറാന്റെ കോസ്റ്റ് ഗാർഡ് നടത്തിയ സമയബന്ധിതമായ രക്ഷാപ്രവർത്തനത്തിൽ കപ്പലിലുണ്ടായിരുന്ന 28 ഇന്ത്യൻ ജീവനക്കാരെയും സുരക്ഷിതമായി കരയ്‌ക്കെത്തിച്ചു.
കഴിഞ്ഞ രണ്ടു വർഷമായി അമേരിക്കൻ ഉപരോധപ്പട്ടികയിലുള്ള കപ്പലാണ് ദിഷ എന്ന് കപ്പൽ നീക്കങ്ങൾ നിരീക്ഷിക്കുന്ന ടാങ്കർ ട്രാക്കേഴ്സ് വ്യക്തമാക്കി. ബുധനാഴ്ച അമേരിക്കൻ ഉപരോധ മേഖലയിലേക്ക് കടന്ന കപ്പൽ കുറച്ചുദൂരം പിന്നിട്ട ശേഷമാണ് ആക്രമിക്കപ്പെട്ടത്. വർഷങ്ങളായി ഇറാനിയൻ ദ്രവീകൃത പെട്രോളിയം ഗ്യാസ് (എൽപിജി) യെമനിലെ ഹൂതി നിയന്ത്രിത മേഖലകളിലേക്ക് എത്തിച്ചിരുന്നത് ഈ കപ്പലാണെന്നും നിരീക്ഷണ ഏജൻസികൾ വെളിപ്പെടുത്തുന്നു.
മൊസാംബിക് പതാകയുമായി സർവീസ് നടത്തുന്ന കപ്പൽ ഇറാന്റെ സമുദ്രാതിർത്തിയിലേക്ക് പ്രവേശിച്ചപ്പോഴാണ് ശത്രുക്കളുടെ ആക്രമണത്തിന് ഇരയായതെന്ന് ഇറാനിയൻ അംബാസഡർ മുഹമ്മദ് ഫത്അലി വ്യക്തമാക്കി. കപ്പലിൽ നിന്ന് അപായ സന്ദേശം ലഭിച്ചയുടൻ ഇറാൻ തീരസംരക്ഷണ സേന കുതിച്ചെത്തുകയും ജീവനക്കാരെ മുഴുവൻ രക്ഷപ്പെടുത്തുകയുമായിരുന്നു. വൻ സുരക്ഷാ ഭീഷണിയുയർത്തുന്ന സംഭവത്തിൽ മേഖലയിലെ സംഘർഷ സാധ്യത വീണ്ടും വർദ്ധിച്ചിരിക്കുകയാണ്.














