pulimoottil

അമേരിക്കക്കാരെ വീഴ്ത്തിയ ‘മാഗാ സുന്ദരി’ ഇന്ത്യൻ മെഡിക്കൽ വിദ്യാർത്ഥി; എഐ ഉപയോഗിച്ച് തട്ടിയത് ലക്ഷക്കണക്കിന് രൂപ

അമേരിക്കക്കാരെ വീഴ്ത്തിയ ‘മാഗാ സുന്ദരി’ ഇന്ത്യൻ മെഡിക്കൽ വിദ്യാർത്ഥി; എഐ ഉപയോഗിച്ച് തട്ടിയത് ലക്ഷക്കണക്കിന് രൂപ

അമേരിക്കൻ രാഷ്ട്രീയത്തിലും സോഷ്യൽ മീഡിയയിലും തരംഗമായ ‘എമിലി ഹാർട്ട്’ എന്ന എഐ ഇൻഫ്ലുവൻസർക്ക് പിന്നിൽ പ്രവർത്തിച്ചത് ഒരു ഇന്ത്യൻ മെഡിക്കൽ വിദ്യാർത്ഥിയാണെന്ന ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നു. 22 വയസ്സുകാരനായ ഒരു മെഡിക്കൽ വിദ്യാർത്ഥി എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമ്മിച്ച ഈ വ്യാജ പ്രൊഫൈൽ, തീവ്ര ട്രംപ് അനുകൂല നിലപാടുകളിലൂടെ ലക്ഷക്കണക്കിന് അമേരിക്കക്കാരെയാണ് വഞ്ചിച്ചത്. മേക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ൻ (MAGA) എന്ന മുദ്രാവാക്യമുയർത്തി അമേരിക്കൻ ദേശീയതയെയും വികാരങ്ങളെയും ചൂഷണം ചെയ്താണ് ഈ യുവാവ് പണം സമ്പാദിച്ചത്. നഴ്‌സാണെന്ന അവകാശവാദവുമായി ഇൻസ്റ്റഗ്രാമിൽ എത്തിയ എമിലി ഹാർട്ടിന് ചുരുങ്ങിയ കാലം കൊണ്ട് വലിയ ഫോളോവേഴ്സിനെ ലഭിച്ചു. ബിക്കിനി ധരിച്ച് തോക്ക് പിടിച്ചും തീവ്ര രാഷ്ട്രീയ പോസ്റ്റുകൾ പങ്കുവെച്ചും ഈ പ്രൊഫൈൽ ശ്രദ്ധിക്കപ്പെട്ടു. ‘ക്രിസ്തു രാജാവാണ്’, ‘ഗർഭഛിദ്രം കൊലപാതകമാണ്’ തുടങ്ങിയ സന്ദേശങ്ങൾക്കൊപ്പം പങ്കുവെച്ച ചിത്രങ്ങൾ ഓരോന്നിനും കോടിക്കണക്കിന് കാഴ്ചക്കാരെയാണ് ലഭിച്ചത്. ഓരോ മാസവും ആയിരക്കണക്കിന് ഡോളറാണ് ഇതിലൂടെ യുവാവ് ഇന്ത്യയിലിരുന്ന് സമ്പാദിച്ചിരുന്നത്.

സാമ്പത്തിക നേട്ടം മാത്രമായിരുന്നു തന്റെ ലക്ഷ്യമെന്ന് 22-കാരൻ വെളിപ്പെടുത്തി. എഐ ടൂളുകൾ ഉപയോഗിച്ച് ചിത്രങ്ങൾ നിർമ്മിക്കാൻ ദിവസവും വെറും 30 മുതൽ 50 മിനിറ്റ് വരെയാണ് ഇയാൾ ചെലവഴിച്ചിരുന്നത്. ഇന്ത്യയിൽ ഒരു പ്രൊഫഷണൽ ജോലിയിൽ നിന്ന് ലഭിക്കുന്നതിനേക്കാൾ കൂടുതൽ വരുമാനം ഈ മാർഗത്തിലൂടെ ലഭിച്ചുവെന്ന് ഇയാൾ സമ്മതിച്ചു. സമ്പാദിക്കുന്ന പണം ഉപയോഗിച്ച് അമേരിക്കയിൽ സ്ഥിരതാമസമാക്കാനായിരുന്നു യുവാവിന്റെ പദ്ധതി. എന്നാൽ, ചിത്രങ്ങളിലെ സൂക്ഷ്മമായ പിശകുകൾ നിരീക്ഷിച്ച ഡിജിറ്റൽ വിദഗ്ധരും മാധ്യമപ്രവർത്തകരും നടത്തിയ അന്വേഷണത്തിലാണ് ഈ തട്ടിപ്പ് പുറത്തായത്. ഫെബ്രുവരിയിൽ ഇൻസ്റ്റാഗ്രാം അക്കൗണ്ട് നീക്കം ചെയ്തു. തുടർന്ന് വൈയേർഡ് (WIRED) അന്വേഷണ റിപ്പോർട്ട് പുറത്തുവന്നതോടെ ഫേസ്ബുക്ക് പ്രൊഫൈലും റദ്ദാക്കി. താൻ ആരെയും വഞ്ചിച്ചതായി കരുതുന്നില്ലെന്നും വരിക്കാർ ഉള്ളടക്കത്തിൽ സംതൃപ്തരായിരുന്നുവെന്നുമാണ് യുവാവിന്റെ വിചിത്രമായ വാദം.

അമേരിക്കൻ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, വിദേശത്തിരുന്ന് എഐ ടൂളുകൾ ഉപയോഗിച്ച് വോട്ടർമാരെ സ്വാധീനിക്കാൻ ആർക്കും കഴിയുമെന്ന വലിയ സുരക്ഷാ ഭീഷണിയാണ് ഈ സംഭവം ഉയർത്തുന്നത്. രാഷ്ട്രീയ പ്രചാരണങ്ങൾക്കായി ഇത്തരം വ്യാജ പ്രൊഫൈലുകൾ വ്യാപകമായി ഉപയോഗിക്കപ്പെടുന്നത് ആഗോളതലത്തിൽ തന്നെ വലിയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്. പിടിയിലായതോടെ ഇനി തന്റെ മെഡിക്കൽ പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് യുവാവിന്റെ തീരുമാനം.

Share Email
LATEST excelnclexrn
More Articles
Top