വിവാദ വിവാഹം: സംരക്ഷണം തേടി കുംഭമേള വൈറൽ താരം മുഖ്യമന്ത്രിയെ സമീപിച്ചു; മധ്യപ്രദേശ് പോലീസ് കൊച്ചിയിൽ

വിവാദ വിവാഹം: സംരക്ഷണം തേടി കുംഭമേള വൈറൽ താരം മുഖ്യമന്ത്രിയെ സമീപിച്ചു; മധ്യപ്രദേശ് പോലീസ് കൊച്ചിയിൽ

കുംഭമേളയിലൂടെ വൈറലായ പെൺകുട്ടിയുടെ കേരളത്തിലെ വിവാഹവുമായി ബന്ധപ്പെട്ട തർക്കം രൂക്ഷമാകുന്നു. പെൺകുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ലെന്ന പരാതിയിൽ മധ്യപ്രദേശ് പോലീസ് രജിസ്റ്റർ ചെയ്ത പോക്സോ കേസിൽ മൊഴിയെടുക്കാൻ ഉദ്യോഗസ്ഥർ കൊച്ചിയിലെത്തി. ഇതിന് പിന്നാലെ തനിക്ക് 18 വയസ്സ് പൂർത്തിയായെന്നും തന്നെ ബലമായി മധ്യപ്രദേശിലേക്ക് കൊണ്ടുപോകാനുള്ള നീക്കം തടയണമെന്നും ആവശ്യപ്പെട്ട് പെൺകുട്ടി മുഖ്യമന്ത്രിക്കും കൊച്ചി സിറ്റി പോലീസ് കമ്മീഷണർക്കും പരാതി നൽകി. കേരള പൊലീസിന്റെ സംരക്ഷണം വേണമെന്നാണ് താരത്തിന്റെ പ്രധാന ആവശ്യം.

മധ്യപ്രദേശ് പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ നിലവിൽ ഹൈക്കോടതി പ്രതിയുടെ അറസ്റ്റ് തടഞ്ഞിട്ടുണ്ട്. എന്നാൽ പോലീസ് സംഘം കൊച്ചിയിൽ തുടരുന്നത് ആശങ്കയുണ്ടാക്കുന്നുവെന്ന് പരാതിയിൽ പറയുന്നു. കൊച്ചിയിലെ പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ പെൺകുട്ടിയുടെയും ഭർത്താവിന്റെയും മൊഴി രേഖപ്പെടുത്തുമെന്ന് സിറ്റി പോലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാർ അറിയിച്ചു. നിയമപരമായ നടപടികൾ പുരോഗമിക്കവെ, സംരക്ഷണം ഉറപ്പാക്കണമെന്ന നിലപാടിലാണ് പെൺകുട്ടി.

Share Email
LATEST
Top