അനുഭവങ്ങളുടെ ആര്‍ദ്രതയും ഓര്‍മകളുടെ സുഗന്ധവുമായി ബാബു കുരൂറിന്റെ കവിതാ സമാഹാരം ‘റസിയ’ പ്രകാശനം ചെയ്തു

അനുഭവങ്ങളുടെ ആര്‍ദ്രതയും ഓര്‍മകളുടെ സുഗന്ധവുമായി ബാബു കുരൂറിന്റെ കവിതാ സമാഹാരം ‘റസിയ’ പ്രകാശനം ചെയ്തു

ചോറ്റാനിക്കര: സ്‌നേഹത്തിന്റെയും വിരഹത്തിന്റെയും ഓര്‍മകളുടെയും ജീവിതാനുഭവങ്ങളുടെയും ഹൃദയസ്പര്‍ശിയായ ആവിഷ് ക്കാരങ്ങളുമായി അമേരിക്കന്‍ മലയാളി ബാബു കുരൂര്‍ രചിച്ച കവിതാസമാഹാരം ‘റസിയ’ പ്രകാശനം ചെയ്തു. സൃഷ്ടിപഥം പബ്ലിക്കേഷന്‍സിന്റെ ആഭിമുഖ്യത്തില്‍ നവംബര്‍ 22-ന് ഞായറാഴ്ച വൈകിട്ട് കണ്ണയന്നൂര്‍ ഗ്രാമീണ വായനശാലയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ സാഹിത്യകാരനും ഗാനരചയിതാവുമായ സുധാംശു പുസ്തകത്തിന്റെ പ്രകാശനകര്‍മം നിര്‍വഹിച്ചു. വായനശാല സെക്രട്ടറി ശ്രീകുമാര്‍ അധ്യക്ഷത വഹിച്ചു. കവയിത്രിയും സഹ്യാദ്രി ക്രിയേറ്റീവ് പബ്ലിക്കേഷന്‍സ് ഡയറക്ടറുമായ അനഘ അഖില്‍ സ്വാഗതം ആശംസിച്ചു. പ്രകാശനച്ചടങ്ങില്‍ സാഹിത്യ-സാംസ്‌കാരിക-സാമൂഹിക മേഖലകളിലെ പ്രമുഖരും വായനക്കാരും സുഹൃത്തുക്കളും ഉള്‍പ്പെടെ നിരവധി പേര്‍ പങ്കെടുത്തു.

ചടങ്ങ് ഉദ്ഘാടനം ചെയ്ത സാഹിത്യകാരന്‍ സുധാംശു, ജീവിതാനുഭവങ്ങളെ സര്‍ഗാത്മകമായി കവിതകളിലേക്ക് പകര്‍ത്താനുള്ള ബാബു കുരൂറിന്റെ ശ്രമത്തെ അഭിനന്ദിച്ചു. കവിത മനുഷ്യന്റെ ഉള്ളിലെ വികാരങ്ങളെയും ചിന്തകളെയും സമൂഹത്തിന്റെ അനുഭവങ്ങളെയും പ്രതിഫലിപ്പിക്കുന്ന സര്‍ഗാത്മക മാധ്യമമാണെന്നും വായനക്കാരനുമായി വൈകാരികമായൊരു ബന്ധം സ്ഥാപിക്കാന്‍ കവിതകള്‍ക്ക് കഴിയണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പുതിയ കാലത്തും വായനയുടെയും എഴുത്തിന്റെയും ലോകത്ത് ഇത്തരം സംരംഭങ്ങള്‍ക്ക് വലിയ പ്രസക്തിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അധ്യക്ഷപ്രസംഗത്തില്‍ ശ്രീകുമാര്‍, ഗ്രാമീണ വായനശാലകള്‍ കേവലം പുസ്തകങ്ങള്‍ സൂക്ഷിക്കുന്ന ഇടങ്ങളല്ലെന്നും പുതിയ എഴുത്തുകാരെയും വായനക്കാരെയും വളര്‍ത്തിയെടുക്കുന്ന സാംസ്‌കാരിക കേന്ദ്രങ്ങളാണെന്നും പറഞ്ഞു. പ്രാദേശിക തലത്തില്‍ സാഹിത്യപ്രവര്‍ത്തനങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുന്ന ഇത്തരം പ്രകാശനച്ചടങ്ങുകള്‍ വായനയുടെ ലോകത്തിന് പുതിയ ഊര്‍ജം പകരുമെന്നും അദ്ദേഹം വ്യക്തമാക്കി.

ചടങ്ങില്‍ പുസ്തകം ഏറ്റുവാങ്ങിയത് കോര്‍ഡ്‌സ് അക്കാദമി ഡയറക്ടര്‍ ബെന്നി ചെറിയാനാണ്. റിട്ടയേഡ് എസ്.ഐ ബാലകൃഷ്ണന്‍ ആശംസകള്‍ നേര്‍ന്നു. സാഹിത്യരംഗത്തും സാമൂഹിക-സാംസ്‌കാരിക മേഖലകളിലും പ്രവര്‍ത്തിക്കുന്ന നിരവധി വ്യക്തികളുടെ സാന്നിധ്യം ചടങ്ങിന് ശ്രദ്ധേയത പകര്‍ന്നു.

പുസ്തകം സദസ്സിന് പരിചയപ്പെടുത്തിയത് ‘ നേര്‍കാഴ്ച’ എഡിറ്ററും അമേരിക്കന്‍ മലയാളി മാധ്യമ പ്രവര്‍ത്തകനുമായ എ.എസ്. ശ്രീകുമാറാണ്. കവിത എന്നത് വാക്കുകളുടെ മനോഹരമായ വിന്യാസം മാത്രമല്ല, അനുഭവങ്ങളുടെ ആത്മാര്‍ഥമായ ആവിഷ് കാരം കൂടിയാണെന്ന് അദ്ദേഹം പറഞ്ഞു. ഹൃദയത്തില്‍ തൊടാത്ത വാക്കുകള്‍ക്ക് എത്ര അലങ്കാരങ്ങളുണ്ടായാലും അവ കവിതയായി മാറണമെന്നില്ല. എന്നാല്‍ ജീവിതാനുഭവങ്ങളുടെ തീച്ചൂളയില്‍ ഉരുകിയിറങ്ങുന്ന വാക്കുകള്‍ക്ക് വായനക്കാരന്റെ ഹൃദയത്തില്‍ ഇടം നേടാന്‍ അധികം അലങ്കാരങ്ങള്‍ ആവശ്യമില്ല. ബാബു കുരൂറിന്റെ കവിതകളുടെ ശക്തി ഈ ആത്മാര്‍ഥതയിലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

”സ്‌നേഹമാണ് ഈ കവിതകളുടെ ആത്മാവ്, ഓര്‍മകളാണ് അവയുടെ ജീവന്‍, വിരഹമാണ് അവയുടെ നിശ്ശബ്ദ സംഗീതം…” എന്ന നിരീക്ഷണത്തിലൂടെ സമാഹാരത്തിന്റെ ആന്തരിക ഭാവലോകത്തെ അദ്ദേഹം സദസ്സിന് പരിചയപ്പെടുത്തി.

മാതൃസ്‌നേഹവും പ്രണയവും വിരഹവും പ്രകൃതിയും ബാല്യകാല ഓര്‍മകളും ആത്മീയതയും ജീവിതദര്‍ശനവുമെല്ലാം ബാബു കുരൂറിന്റെ കവിതകളില്‍ വ്യത്യസ്ത ഭാവങ്ങളില്‍ പ്രതിഫലിക്കുന്നുണ്ടെന്ന് എ.എസ്. ശ്രീകുമാര്‍ പറഞ്ഞു. ‘എന്നെ നിങ്ങള്‍ വേശ്യയാക്കി’, ‘കേഴുന്നൊരാത്മാവ്’ തുടങ്ങിയ കവിതകളില്‍ സമൂഹത്തിന്റെ അവഗണനയും മാതാപിതാക്കളുടെ നിസ്സഹായതയും ഹൃദയസ്പര്‍ശിയായി ആവിഷ് കരിക്കപ്പെടുന്നു. ‘തങ്കപ്പതക്കം’ മാതൃത്വത്തിന്റെ മഹത്വം അടയാളപ്പെടുത്തുമ്പോള്‍ ‘നിഴലിനെ തേടി’, ‘നിലാവ്’, ‘പ്രണയനിലാമഴ’, ‘മൗനനൊമ്പരം’, ‘വനദേവത’ തുടങ്ങിയ കവിതകള്‍ പ്രണയത്തിന്റെയും വിരഹത്തിന്റെയും വിവിധ ഭാവങ്ങള്‍ വായനക്കാരിലേക്ക് പകരുന്നു.

‘ഒരോണക്കാലം എന്റെ ഓര്‍മയില്‍’ എന്ന കവിതയില്‍ ബാല്യത്തിന്റെ ഗൃഹാതുരത്വവും ‘കുറുക്കന്റെ കല്യാണം’ എന്ന രചനയില്‍ നാടന്‍ ജീവിതത്തിന്റെ നര്‍മവും ലാളിത്യവും നിറഞ്ഞുനില്‍ക്കുന്നു. ‘കാത്തിരുന്ന കാലവര്‍ഷം’ പ്രതീക്ഷയുടെ പുതിയ അനുഭവലോകം തുറക്കുമ്പോള്‍ ‘അവസാന അത്താഴം’, ‘കര്‍മ ഗേഹം’ തുടങ്ങിയ കവിതകള്‍ മനുഷ്യബന്ധങ്ങളിലെ പൊള്ളത്തരങ്ങളിലേക്കും ജീവിതത്തിലെ ധാര്‍മികമായ ചോദ്യങ്ങളിലേക്കും വായനക്കാരന്റെ ശ്രദ്ധ ക്ഷണിക്കുന്നു.

ഒരു കവിയുടെ വിജയത്തെ അളക്കേണ്ടത് എത്ര കവിതകള്‍ എഴുതി എന്നതിലല്ല, അദ്ദേഹത്തിന്റെ കവിതകള്‍ എത്ര ഹൃദയങ്ങളില്‍ ഇടം നേടി എന്നതിലാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. എല്ലാ കവിതകളും ഒരേ നിലവാരത്തിലോ ഭാവതീവ്രതയിലോ എത്തണമെന്നില്ല. എന്നാല്‍ ഈ സമാഹാരത്തിലെ രചനകളെല്ലാം ചേര്‍ന്നൊരുക്കുന്ന അനുഭവലോകത്തിന് അതിന്റേതായ വ്യക്തിത്വവും ആത്മാര്‍ഥതയുമുണ്ട്. ”മനുഷ്യന്‍ മണ്‍മറഞ്ഞാലും അവന്റെ അനുഭവങ്ങള്‍ കവിതകളിലൂടെ ജീവിക്കും. ഹൃദയംകൊണ്ട് എഴുതിയ കവിതകള്‍ ഹൃദയങ്ങളിലേക്കുതന്നെ യാത്ര ചെയ്യട്ടെ…” എന്ന ആശംസയോടെയാണ് അദ്ദേഹം പുസ്തകപരിചയ പ്രസംഗം ഉപസംഹരിച്ചത്. കേരള റൈറ്റേഴ്‌സ് ഫോറം ഹ്യൂസ്റ്റന്‍ ട്രഷറര്‍ മാത്യു മത്തായി, തോമസ് വെള്ളാമെറ്റം,. ജോര്‍ജ് മത്തായി എന്നിവര്‍ ഹുസ്റ്റണില്‍ നിന്നെത്തി ചടങ്ങില്‍ സന്നിഹിതരായിരുന്നു

മറുപടി പ്രസംഗത്തില്‍ കവി ബാബു കുരൂര്‍ സംസാരിക്കവെ, ജീവിതത്തില്‍ കണ്ടുമുട്ടിയ മനുഷ്യരും അനുഭവിച്ചറിഞ്ഞ സ്‌നേഹവും വിരഹവും നഷ്ടബോധവും ബാല്യകാല ഓര്‍മകളുമാണ് കവിതകളുടെ പ്രചോദനമെന്ന് പറഞ്ഞു. ഓരോ കവിതയ്ക്കും പിന്നില്‍ ഓരോ അനുഭവവും ഓരോ ഓര്‍മയുമുണ്ട്. ചിലത് ഹൃദയത്തില്‍ സന്തോഷം നിറച്ചപ്പോള്‍ മറ്റു ചിലത് വേദനയുടെയും നൊമ്പരത്തിന്റെയും തീക്ഷ്ണമായ അനുഭവങ്ങളായിരുന്നു. അവയെല്ലാം മനസ്സില്‍ രൂപപ്പെട്ടപ്പോള്‍ വാക്കുകളായി പിറന്നതാണ് ഈ കവിതകള്‍. തന്റെ രചനകള്‍ ഒരു പുസ്തകമായി വായനക്കാരിലേക്ക് എത്തുമ്പോള്‍ അത് കേവലം വ്യക്തിപരമായൊരു നേട്ടമല്ലെന്നും തന്റെ ജീവിതാനുഭവങ്ങള്‍ മറ്റുള്ളവരുമായി പങ്കുവയ്ക്കാനുള്ള അവസരമാണെന്നും അദ്ദേഹം പറഞ്ഞു. പുസ്തകത്തിന്റെ പ്രകാശനത്തിന് സഹകരിച്ച സൃഷ്ടിപഥം പബ്ലിക്കേഷന്‍സ്, വായനശാലാ ഭാരവാഹികള്‍, പുസ്തകം പരിചയപ്പെടുത്തിയ എ.എസ്. ശ്രീകുമാര്‍, ചടങ്ങില്‍ പങ്കെടുത്ത വിശിഷ്ടാതിഥികള്‍, സുഹൃത്തുക്കള്‍, അഭ്യുദയകാംക്ഷികള്‍ എന്നിവര്‍ക്കെല്ലാം അദ്ദേഹം ഹൃദയപൂര്‍വം നന്ദി രേഖപ്പെടുത്തി.

ജീവിതത്തിലെ അനുഭവങ്ങളും ഓര്‍മകളും മനുഷ്യബന്ധങ്ങളിലെ സ് നേഹവും വേദനയുമാണ് തന്റെ കവിതകള്‍ക്ക് പ്രചോദനമാകുന്നതെന്ന് അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് സ്വന്തം കവിതകളിലൊന്ന് ആലപിച്ച് സദസ്സിന്റെ കൈയടി ഏറ്റുവാങ്ങി. കവിതകള്‍ വായിക്കപ്പെടുകയും ചര്‍ച്ച ചെയ്യപ്പെടുകയും പുതിയ തലമുറയിലേക്ക് പകരുകയും ചെയ്യണമെന്ന സന്ദേശം ഉയര്‍ത്തിപ്പിടിച്ചുകൊണ്ടാണ് ‘റസിയ’യുടെ പ്രകാശനച്ചടങ്ങ് സമാപിച്ചത്.

Babu Kurur’s Poetry Collection ‘Rasiya’ Released, Evoking the Tenderness of Life’s Experiences and the Fragrance of Memories

Share Email
LATEST excelnclexrn
Top