വാഷിംഗ്ടൺ: ശരീരഭാരം കുറയ്ക്കാൻ ദശലക്ഷക്കണക്കിന് അമേരിക്കക്കാർ ഉപയോഗിക്കുന്ന ജിഎൽപി-1 മരുന്നുകൾ രാജ്യത്തെ ഉപഭോക്താക്കളുടെ ചെലവഴിക്കൽ രീതിയിലും വിപണിയിലും വലിയ മാറ്റങ്ങൾ സൃഷ്ടിക്കുന്നു. 2030-ഓടെ ആറ് കോടിയിലധികം അമേരിക്കക്കാർ ഈ മരുന്നുകൾ ഉപയോഗിക്കുമെന്നാണ് സാമ്പത്തിക ഉപദേശക സ്ഥാപനമായ ഓക്സ്ഫോർഡ് ഇക്കണോമിക്സിന്റെ കണക്ക്. നിലവിലെ ഉപയോക്താക്കളുടെ എണ്ണത്തിന്റെ ഇരട്ടിയിലധികമാണിത്. ഈ മാറ്റം കണക്കിലെടുത്ത് ഉൽപ്പന്നങ്ങളിലും സേവനങ്ങളിലും മാറ്റം വരുത്താൻ ബിസിനസ് സ്ഥാപനങ്ങളും നിർബന്ധിതരാകുകയാണ്.
ജിഎൽപി-1 മരുന്നുകൾ അമേരിക്കൻ സമ്പദ്വ്യവസ്ഥയിൽ നിർണായക സ്വാധീനം ചെലുത്തുന്ന ഘടകമായി മാറുകയാണെന്ന് ഓക്സ്ഫോർഡ് ഇക്കണോമിക്സിലെ സാമ്പത്തിക വിദഗ്ധ ഗ്രേസ് സ്വെമ്മർ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ഭക്ഷണത്തിനായി ചെലവഴിക്കുന്ന പണം വസ്ത്രങ്ങൾ ഉൾപ്പെടെയുള്ള മറ്റ് ഉൽപ്പന്നങ്ങളിലേക്ക് മാറുന്ന പ്രവണതയാണ് ഇതിലൂടെ ഉണ്ടാകുന്നത്. ജനങ്ങൾ കൂടുതൽ ആരോഗ്യവാന്മാരാകുന്നതോടെ കൂടുതൽ കാലം ജോലിയിൽ തുടരാൻ കഴിയുമെന്നും ഇത് തൊഴിൽ ഉൽപ്പാദനക്ഷമത വർധിപ്പിക്കുമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
ഭക്ഷണച്ചെലവിലാണ് ഏറ്റവും വലിയ കുറവ് രേഖപ്പെടുത്തുന്നത്. ജിഎൽപി-1 മരുന്നുകൾ ഉപയോഗിക്കുന്ന കുടുംബങ്ങൾ വീട്ടിലെയും റെസ്റ്റോറന്റുകളിലെയും ഭക്ഷണത്തിനായി പ്രതിവർഷം ശരാശരി 500 ഡോളർ കുറച്ചാണ് ചെലവഴിക്കുന്നത്. മരുന്ന് ഉപയോഗം ആരംഭിച്ച് ഏതാനും മാസങ്ങൾക്കുള്ളിൽ പലചരക്ക് സാധനങ്ങൾക്കായുള്ള ചെലവിൽ ഏകദേശം അഞ്ച് ശതമാനം കുറവുണ്ടാകുന്നതായി കോർണൽ സർവകലാശാലയും ന്യൂമറേറ്ററും നടത്തിയ പഠനത്തിൽ കണ്ടെത്തി. ലഘുഭക്ഷണങ്ങളുടെയും ബേക്കറി പലഹാരങ്ങളുടെയും വാങ്ങലിലാണ് ഏറ്റവും വലിയ ഇടിവ്. അതേസമയം, തൈര്, പഴങ്ങൾ, പച്ചക്കറികൾ എന്നിവയുടെ ഉപയോഗം വർധിച്ചിട്ടുണ്ട്.
ഭക്ഷണത്തിനായുള്ള ചെലവ് കുറയുമ്പോൾ വസ്ത്രങ്ങൾ വാങ്ങുന്നതിനുള്ള തുകയിൽ വർധനയുണ്ടാകുന്നതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ജിഎൽപി-1 മരുന്നുകൾ ഉപയോഗിക്കുന്നവർ പ്രതിവർഷം വസ്ത്രങ്ങൾക്കായി ശരാശരി 200 ഡോളർ അധികമായി ചെലവഴിക്കുന്നുണ്ട്. ശരീരഭാരം കുറയുന്നതോടെ ചെറിയ അളവിലുള്ളതും ശരീരത്തോട് ചേർന്നുകിടക്കുന്നതുമായ വസ്ത്രങ്ങൾ വാങ്ങാനാണ് പലരും താൽപ്പര്യപ്പെടുന്നതെന്ന് റീട്ടെയിൽ ഫോർകാസ്റ്റിങ് സ്ഥാപനമായ ഇംപാക്ട് അനലിറ്റിക്സ് വ്യക്തമാക്കുന്നു. 2027-ഓടെ ജിഎൽപി-1 മരുന്നുകളുടെ ഉപയോക്താക്കളുടെ എണ്ണം നാല് കോടിയിലെത്തുമെന്നാണ് കണക്ക്. ഇതോടെ അടുത്ത വർഷം വസ്ത്രവിപണിയിൽ എട്ട് ബില്യൺ ഡോളറിന്റെ അധിക വരുമാനമുണ്ടാകുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.
















