സുപ്രീം കോടതിയുടെ കർശന നിർദേശത്തെത്തുടർന്ന് മധുര തിരുപ്പറംകുൺട്രം ദീപത്തൂണിൽ കാർത്തികദീപം തെളിച്ചു. കോടതി നിയോഗിച്ച റിസീവർമാരുടെ മേൽനോട്ടത്തിൽ തെളിച്ച ദീപം ഒരു മണിക്കൂർ നേരം തെളിഞ്ഞുനിൽക്കും. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി 50 പേർക്ക് മാത്രമാണ് ദീപത്തൂണിന് സമീപത്തേക്ക് പ്രവേശനം നൽകിയത്. പെരിയ രഥ വീഥിക്ക് സമീപം ദർഗയിലേക്കുള്ള വഴിയിൽ ഭക്തരെ പൊലീസ് തടഞ്ഞിരുന്നു. നേരത്തെ 24-ന് ദീപം തെളിക്കാൻ കോടതി നിർദേശിച്ചിരുന്നെങ്കിലും പാലിക്കപ്പെടാത്തതിനെത്തുടർന്നാണ് ക്ഷേത്ര ഭരണസമിതിയെ താൽക്കാലികമായി മാറ്റിനിർത്തി റിസീവർമാരെ നിയമിക്കാൻ ജഡ്ജിമാരായ അരവിന്ദ് കുമാർ, വിപുൽ പഞ്ചോളി എന്നിവരുടെ ബെഞ്ച് ഉത്തരവിട്ടത്.
ഉച്ചിപ്പിള്ളയാർ മണ്ഡപത്തിൽ തെളിച്ച ദീപത്തിൽനിന്നോ മറ്റേതെങ്കിലും മാർഗത്തിലൂടെയോ ദീപം തെളിക്കാനായിരുന്നു സുപ്രീം കോടതിയുടെ നിർദേശം. കോടതി ഉത്തരവ് നടപ്പാക്കുന്നതിൽ വീഴ്ച വരുത്തിയെന്നാരോപിച്ചുള്ള ഹർജികൾ പരിഗണിക്കവെ, ചീഫ് സെക്രട്ടറി, ഡിജിപി, മധുര കലക്ടർ, ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫിസർ, ട്രസ്റ്റി ബോർഡ് ചെയർമാൻ എന്നിവർക്ക് കോടതിയലക്ഷ്യ നോട്ടിസും അയച്ചിട്ടുണ്ട്. കോടതി ഉത്തരവ് ആർക്കും ദുർബലപ്പെടുത്താനാവില്ലെന്നും ഭരണഘടനാ പ്രതിസന്ധിയുണ്ടാക്കാനുള്ള നീക്കം തടയുമെന്നും സുപ്രീം കോടതി താക്കീത് നൽകി.
കുന്നിൻ മുകളിലെ ദർഗയ്ക്ക് 50 മീറ്റർ അകലെയുള്ള ദീപത്തൂണിൽ വിളക്കുകൊളുത്താൻ അനുമതി തേടി ഹിന്ദുസംഘടനകൾ മദ്രാസ് ഹൈക്കോടതി മധുര ബെഞ്ചിനെ സമീപിച്ചതോടെയാണ് തർക്കത്തിന് തുടക്കമായത്. ഇങ്ങനെയൊരു ആചാരം ഉണ്ടായിരുന്നില്ലെന്ന ക്ഷേത്രഭരണസമിതിയുടെ വാദവും, ദീപത്തൂൺ ബ്രിട്ടിഷ് ഭരണകാലത്തു സ്ഥാപിച്ച സർവേ കല്ല് മാത്രമാണെന്ന സർക്കാർ വാദവും തള്ളിയാണ് ഹൈക്കോടതി നേരത്തെ ദീപം കൊളുത്താൻ അനുമതി നൽകിയത്. ഇതിനെതിരെ സർക്കാർ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.
















