മധുരൈ തിരുപ്പരങ്കുണ്ട്രം തർക്കത്തിലുള്ള ദീപത്തൂണിൽ കാർത്തിക ദീപം തെളിയിക്കാൻ സുപ്രീംകോടതി ഉത്തരവിട്ടതിന് പിന്നാലെ മുരുകനെ സ്തുതിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വെള്ളിയാഴ്ച സമൂഹമാധ്യമമായ എക്സിൽ ‘വെട്രിവേൽ മുരുകനക്ക് ഹരഹരോഹരാ’ എന്ന തമിഴ് ഭക്തിമുദ്രാവാക്യം മൂന്ന് തവണ ആവർത്തിച്ചാണ് മോദി പോസ്റ്റ് പങ്കുവെച്ചത്. ഇതിന്റെ ഹിന്ദി, ഇംഗ്ലീഷ് പരിഭാഷകളും അദ്ദേഹം നൽകിയിട്ടുണ്ടെങ്കിലും കോടതി ഉത്തരവിനെക്കുറിച്ചോ തർക്കത്തെക്കുറിച്ചോ നേരിട്ട് പരാമർശിച്ചിട്ടില്ല.
നവംബർ 20-ലെ ഉത്തരവ് ലംഘിച്ച് ദീപത്തൂണിൽ ദീപം തെളിയിക്കാത്തതിന് തമിഴ്നാട് ചീഫ് സെക്രട്ടറി, ഡിജിപി എന്നിവരുൾപ്പെടെ 13 പേർക്ക് സുപ്രീംകോടതി കോടതിയലക്ഷ്യ നോട്ടീസ് അയച്ചു. ഉദ്യോഗസ്ഥർ രാഷ്ട്രീയ നിർദേശപ്രകാരമാണോ പ്രവർത്തിച്ചതെന്ന് പരിശോധിക്കാൻ ഫോൺ രേഖകളും ഔദ്യോഗിക ആശയവിനിമയ വിവരങ്ങളും ഹാജരാക്കാൻ കോടതി ആവശ്യപ്പെട്ടു. കൂടാതെ, അരുൾമിഗു സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിന്റെ ട്രസ്റ്റി ബോർഡ് സസ്‌പെൻഡ് ചെയ്ത കോടതി, ഭരണച്ചുമതല രണ്ട് ഹൈക്കോടതി ജഡ്ജിമാർക്ക് കൈമാറുകയും ചെയ്തു.
തിരുപ്പരങ്കുണ്ട്രം മലയിൽ എവിടെയാണ് കാർത്തിക ദീപം തെളിയിക്കേണ്ടത് എന്നതിനെച്ചൊല്ലിയാണ് തർക്കം നിലനിൽക്കുന്നത്. ഉച്ചിപ്പിള്ളയാർ ക്ഷേത്രത്തിന് സമീപമുള്ള താഴ്ഭാഗത്തെ ദീപ മണ്ഡപത്തിലാണ് വർഷങ്ങളായി ആചാരം നടക്കുന്നതെന്നാണ് തമിഴ്നാട് സർക്കാരിന്റെ നിലപാട്; എന്നാൽ ദർഗയ്ക്ക് സമീപം മലമുകളിലുള്ള ദീപത്തൂണിൽ ദീപം തെളിയിക്കണമെന്നാണ് ഹിന്ദു സംഘടനകളുടെ ആവശ്യം. നവംബർ 24-ന് ദീപത്തൂണിൽ ദീപം തെളിയിക്കാൻ സുപ്രീംകോടതി അനുമതി നൽകിയിട്ടും പതിവ് മണ്ഡപത്തിൽ മാത്രമാണ് ദീപം തെളിയിച്ചത്. ഇതേത്തുടർന്നാണ് കോടതിയലക്ഷ്യ നടപടിയും ദീപത്തൂണിൽ ദീപം തെളിയിക്കാനുള്ള പുതിയ ഉത്തരവും കോടതി പുറപ്പെടുവിച്ചത്.
















