മുഖ്യമന്ത്രിയുടെ കണ്ണൂരിലെ പ്രസംഗത്തിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ഒരു സർക്കാർ അധികാരത്തിൽ വരുന്നത് ആരോടെങ്കിലും പക തീർക്കാനാണോ എന്ന് ചോദിച്ച അദ്ദേഹം, മുഖ്യമന്ത്രിയുടെ പ്രസംഗം സത്യപ്രതിജ്ഞാ ലംഘനമാണെന്ന് ആരോപിച്ചു. പ്രത്യേക അന്വേഷണ സംഘങ്ങൾക്ക് പ്രസംഗത്തിലൂടെ നിർദേശം നൽകുകയല്ല വേണ്ടതെന്നും, നിലവിൽ സംസ്ഥാനത്തിന്റെ മോന്തായം വളഞ്ഞ അവസ്ഥയിലാണെന്നും പിണറായി വിജയൻ വിമർശിച്ചു. സംസ്ഥാനത്ത് എത്ര എസ്.ഐ.ടികൾ (SIT) ഉണ്ടെന്നറിയാൻ ഒരു എസ്.ഐ.ടി കമ്മീഷൻ വെക്കേണ്ട സാഹചര്യമാണുള്ളതെന്നും പല മാധ്യമങ്ങളും മുഖ്യമന്ത്രിയുടെ ഈ പ്രസംഗത്തെ ശ്രദ്ധയിൽപ്പെടാത്ത മട്ടിലാണ് കൈകാര്യം ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംസ്ഥാനത്തിന്റെ ജനകീയ വികസന മാതൃകയും സാമൂഹ്യ നീതിയിൽ ഊന്നിയ നയങ്ങളും യു.ഡി.എഫ് സർക്കാർ ഇല്ലാതാക്കിയെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. കേരളം കൈവരിച്ച നേട്ടങ്ങൾ തകർക്കുന്ന സർക്കാർ സംഘപരിവാർ അജണ്ടയാണ് നടപ്പാക്കുന്നതെന്നും, എല്ലാം കോർപ്പറേറ്റ് ശക്തികൾക്ക് കയ്യടക്കാൻ അവസരം നൽകുകയാണെന്നും അദ്ദേഹം ആരോപിച്ചു. ആസൂത്രണ പ്രക്രിയ സ്വകാര്യ വ്യക്തികൾക്ക് അടിയറ വെക്കുകയും ബജറ്റിന് പുറത്ത് നിന്ന് സ്വകാര്യ നിക്ഷേപത്തിന് ശ്രമിക്കുകയും ചെയ്യുന്ന സർക്കാർ, കുടുംബശ്രീയെയും സഹകരണ സംഘങ്ങളെയും വരെ ബഹുരാഷ്ട്ര കമ്പനികൾക്കൊപ്പം ചേർത്ത് സ്വകാര്യവത്കരിക്കുകയാണ്. കിഫ്ബിയെ പൂർണമായും ഇല്ലാതാക്കിയതായും പൊതുജനസേവന മേഖലകളിലെ ഫണ്ട് വെട്ടിക്കുറച്ച് കോർപ്പറേറ്റുകളുടെ നഷ്ടം സർക്കാർ നികത്തുകയാണെന്നും അദ്ദേഹം വിമർശിച്ചു.
സാധാരണക്കാർക്ക് ഒന്നും പ്രതീക്ഷിക്കാനില്ലാത്ത അവസ്ഥയാണ് നിലവിലുള്ളതെന്നും പിണറായി വിജയൻ പറഞ്ഞു. ഗവർണറുമായി സംഘർഷത്തിനില്ലെന്ന സർക്കാർ നിലപാട് വിചിത്രമാണെന്നും ഇതിനു പിന്നിൽ അവിശുദ്ധ നീക്കമുണ്ടെന്നും അദ്ദേഹം ആരോപിച്ചു. കേന്ദ്രത്തിലെ മോദി സർക്കാരിന് മുന്നിൽ യു.ഡി.എഫ് വഴങ്ങുകയും അടിയറവു പറയുകയുമാണ് ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
















