ന്യൂയോർക്ക്: നൂറുവർഷത്തെ ചരിത്രത്തിലാദ്യമായി മോശം കാലാവസ്ഥയെ തുടർന്ന് മാറ്റിവെച്ച മേസീസ് താങ്ക്സ്ഗിവിംഗ് ഡേ പരേഡ് ശനിയാഴ്ച രാവിലെ ന്യൂയോർക്ക് സിറ്റിയിൽ ആരംഭിക്കും. പ്രാദേശിക സമയം രാവിലെ 8.30ന് തുടങ്ങുന്ന ആഘോഷങ്ങൾ ഉച്ചയ്ക്ക് 12 മണി വരെ നീളും. അപ്പർ വെസ്റ്റ് സൈഡിൽ നിന്ന് ആരംഭിക്കുന്ന പരേഡ് 2.5 മൈൽ ദൂരം പിന്നിട്ട് ഹെറാൾഡ് സ്ക്വയറിലെ മേസീസിന്റെ പ്രധാന സ്റ്റോറിൽ സമാപിക്കും.
ഹലോ കിറ്റി, മിനിയൻസ്, ഹാരി പോട്ടർ, ഡിസ്നി എന്നിവയിലെ പുതിയ കഥാപാത്രങ്ങളാണ് നൂറാം വാർഷിക പരേഡിലെ പ്രധാന ആകർഷണങ്ങൾ. ഇവയ്ക്കൊപ്പം 28 ഫ്ലോട്ടുകൾ, 31 ക്ലൗൺ സംഘങ്ങൾ, 24 കലാകാരന്മാർ, ഒൻപത് മാർച്ചിങ് ബാൻഡുകൾ, 17 പെർഫോമൻസ് ഗ്രൂപ്പുകൾ, ഒൻപത് പ്രത്യേക യൂണിറ്റുകൾ എന്നിവയും അണിനിരക്കും.
വ്യാഴാഴ്ച ന്യൂയോർക്കിലും സമീപ പ്രദേശങ്ങളിലും ശക്തമായ കൊടുങ്കാറ്റിനും കനത്ത മഴയ്ക്കും തീരദേശ വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടർന്നാണ് പങ്കെടുക്കുന്നവരുടെയും കാണികളുടെയും സുരക്ഷ കണക്കിലെടുത്ത് പരേഡ് ശനിയാഴ്ചത്തേക്ക് മാറ്റാൻ സംഘാടകർ ബുധനാഴ്ച തീരുമാനിച്ചത്. വ്യാഴാഴ്ച മണിക്കൂറിൽ 60 മൈൽ വരെ വേഗത്തിൽ കാറ്റ് വീശാൻ സാധ്യതയുണ്ടായിരുന്നതിനാൽ കൂറ്റൻ ബലൂണുകൾ പറത്തുന്നത് സുരക്ഷിതമല്ലെന്നായിരുന്നു വിലയിരുത്തൽ.
മണിക്കൂറിൽ 34 മൈലിലധികം വേഗത്തിൽ കാറ്റുവീശുമ്പോൾ ബലൂണുകൾ ഉയർത്താൻ കഴിയില്ല. എന്നാൽ ശനിയാഴ്ച കാറ്റിന്റെ വേഗം മണിക്കൂറിൽ 25 മൈലിൽ താഴെയായിരിക്കുമെന്നും കാലാവസ്ഥ വരണ്ടതായിരിക്കുമെന്നുമാണ് പ്രവചനം. ഇതോടെ ബലൂണുകൾക്ക് തടസ്സമില്ലാതെ ആകാശത്തേക്ക് ഉയരാനാകും. ഓരോ വർഷവും ദശലക്ഷക്കണക്കിന് ആളുകൾക്ക് ആഘോഷത്തിന്റെ ആവേശം പകരുന്ന പരേഡ് വിജയകരമാക്കാൻ പ്രവർത്തിക്കുന്ന ആയിരക്കണക്കിന് സന്നദ്ധപ്രവർത്തകർക്കും കലാകാരന്മാർക്കും പങ്കാളികൾക്കും സംഘാടകർ നന്ദി അറിയിച്ചു.
















