അല്‍തിരി( ലബനോന്‍): ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ ലെബനീസ് മാധ്യമപ്രവര്‍ത്തക കൊല്ലപ്പെട്ടു. ഇസ്രായേല്‍-ഹിസ്ബുള്ള യുദ്ധം റിപ്പോര്‍ട്ട് ചെയ്യുന്നതിനിടയില്‍ ദക്ഷിണ ലെബനനിലെ അല്‍-തിരി ഗ്രാമത്തില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തിലാണ് അല്‍-അക്ബര്‍ പത്രത്തിന്റെ റിപ്പോര്‍ട്ടര്‍ അമല്‍ ഖലീലാണ് കൊല്ലപ്പെട്ടത്. ആക്രമണം നടന്ന വീടിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് മണിക്കൂറുകള്‍ക്ക് ശേഷമാണ് ഇവരുടെ മൃതദേഹം പുറത്തെടുക്കാന്‍ സാധിച്ചത്.
യുഎസ്-ഇസ്രായേല്‍ സംയുക്ത ഇറാന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ മാര്‍ച്ചില്‍ ആരംഭിച്ച ഇസ്രായേല്‍-ഹിസ്ബുള്ള സംഘര്‍ഷം റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു അമല്‍. യാത്രാമധ്യേ താന്‍ സഞ്ചരിച്ചിരുന്ന കാറിന് സമീപം ഇസ്രായേല്‍ മിസൈല്‍ പതിച്ചതിനെത്തുടര്‍ന്നാണ് സഹപ്രവര്‍ത്തകയായ സൈനബ് ഫറജിനൊപ്പം ഇവര്‍ അല്‍-തിരിയിലെ ഒരു വീട്ടില്‍ അഭയം തേടിയത്. എന്നാല്‍ തൊട്ടുപിന്നാലെ ഈ വീടിന് നേരെയും ഇസ്രായേല്‍ രണ്ടാമത്തെ വ്യോമാക്രമണം നടത്തുകയായിരുന്നു.
ആദ്യത്തെ ആക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടതായി ലെബനന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. രണ്ടാമത്തെ ആക്രമണത്തില്‍ വീട് തകരുകയും അമല്‍ ഖലീലും സഹപ്രവര്‍ത്തകയും അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ സൈനബിനെ ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തകര്‍ പുറത്തെടുത്തെങ്കിലും അമലിന്റെ അടുത്തേക്ക് എത്തുന്നതിന് ഇസ്രായേല്‍ സൈന്യം തടസ്സമുണ്ടാക്കിയതായി മന്ത്രാലയം ആരോപിച്ചു. രക്ഷാപ്രവര്‍ത്തകര്‍ക്ക് നേരെ ഇസ്രായേല്‍ വെടിവെപ്പ് നടത്തിയതിനെത്തുടര്‍ന്ന് ദൗത്യം താത്ക്കാലികമായി നിര്‍ത്തിവെക്കേണ്ടി വന്നു.
ആറ് മണിക്കൂറോളം അമല്‍ ഖലീല്‍ തകര്‍ന്ന വീടിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടന്നു. ലെബനീസ് സൈന്യത്തിന്റെയും റെഡ് ക്രോസിന്റെയും സഹായത്തോടെ അര്‍ദ്ധരാത്രിയോടെയാണ് മൃതദേഹം പുറത്തെടുത്തത്. എന്നാല്‍ ഗ്രാവാസികള്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതായും ഇത് സൈന്യത്തിന് ഭീഷണിയായതായും ഇസ്രായേല്‍ ഡിഫന്‍സ് ഫോഴ്‌സ് (കഉഎ) പ്രതികരിച്ചു. മാധ്യമപ്രവര്‍ത്തകരെ തങ്ങള്‍ ലക്ഷ്യം വെക്കുന്നില്ലെന്നും രക്ഷാപ്രവര്‍ത്തനത്തിന് തടസം നിന്നിട്ടില്ലെന്നും ഇസ്രായേല്‍ അവകാശപ്പെട്ടു. സംഭവം അന്വേഷിച്ചു എന്നാല്‍ മാധ്യമപ്രവര്‍ത്തകരെ കൊല്ലുന്നത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് ലെബനന്‍ വാര്‍ത്താവിനിമയ മന്ത്രി പോള്‍ മോര്‍കോസ് പറഞ്ഞു.
വെടിനിര്‍ത്തല്‍ നീട്ടുന്നതിനായി വാഷിംഗ്ടണില്‍ ഇസ്രായേലും ലെബനനും തമ്മിലുള്ള രണ്ടാം വട്ട ചര്‍ച്ചകള്‍ നടക്കാനിരിക്കെയാണ് ഈ ക്രൂരത നടത്തിയത്.
Lebanese journalist killed in Israeli airstrike














