ആറന്മുള: അപ്രതീക്ഷിതമായുണ്ടായ പ്രളയക്കെടുതിയിൽ ആറന്മുള നിയോജകമണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിൽ വൻ നാശനഷ്ടം വിതച്ച പശ്ചാത്തലത്തിൽ, അടിയന്തരമായി കൂടുതൽ സർക്കാർ സഹായം ലഭ്യമാക്കണമെന്ന് അബിൻ വർക്കി എം.എൽ.എ ആവശ്യപ്പെട്ടു. റാന്നി മേഖലയിൽ നിന്ന് ഒഴുകിയെത്തുന്ന വെള്ളമാണ് ആറന്മുളയെ കൂടുതൽ പ്രതിസന്ധിയിലാക്കുന്നത്. റാന്നിയിൽ ജലനിരപ്പ് കുറയുന്നതിനനുസരിച്ച് ആറന്മുളയിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമാകുകയാണ്. റവന്യൂ വകുപ്പ് കൂടുതൽ കാര്യക്ഷമമായി ഇടപെട്ട് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകണമെന്നും പ്രകൃതിദുരന്തത്തിൽ വലിയ നാശനഷ്ടമുണ്ടായ മണ്ഡലത്തിന് പ്രത്യേക സഹായ പാക്കേജ് അനുവദിക്കണമെന്നും എം.എൽ.എ ചൂണ്ടിക്കാട്ടി.
അതേസമയം, ആറന്മുളയിലെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളുടെ പ്രവർത്തനത്തിനെതിരെ അന്തേവാസികളിൽ നിന്നും ജനപ്രതിനിധികളിൽ നിന്നും വ്യാപക പരാതികളാണ് ഉയരുന്നത്. പല ക്യാമ്പുകളിലും ആവശ്യത്തിന് വെളിച്ചമില്ലെന്നും, ജനറേറ്ററുകൾ എത്തിച്ചെങ്കിലും വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാൻ സാധിച്ചിട്ടില്ലെന്നും ദുരിതബാധിതർ ആരോപിക്കുന്നു. അവശ്യ മരുന്നുകൾ കൃത്യസമയത്ത് ക്യാമ്പുകളിലെത്തിക്കുന്നതിൽ കടുത്ത വീഴ്ചയുണ്ടായതായും പരാതിയുണ്ട്. ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഏകോപനമില്ലെന്ന് പ്രാദേശിക ഇടത് ജനപ്രതിനിധികൾ തന്നെ പരസ്യമായി രംഗത്തുവന്നതോടെ ഭരണസംവിധാനത്തിന്റെ വീഴ്ചയ്ക്കെതിരെ പ്രതിഷേധം ശക്തമാകുകയാണ്.

















