ലെബനനിലെ ഹിസ്ബുള്ള കേന്ദ്രങ്ങൾക്കെതിരെ ഇസ്രായേൽ ആക്രമണം ശക്തമായി തുടരുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രഖ്യാപിച്ചു. ഹിസ്ബുള്ള നേതാവ് നയിം ഖാസെമിന്റെ പേഴ്‌സണൽ സെക്രട്ടറി അലി യൂസഫ് ഹർഷിയെ വ്യോമാക്രമണത്തിൽ വധിച്ചതായും അദ്ദേഹം സ്ഥിരീകരിച്ചു. ഇസ്രായേൽ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുന്നതുവരെ ആവശ്യമുള്ളിടത്തെല്ലാം പ്രഹരം തുടരുമെന്നും തെക്കൻ ലെബനനിലെ ആയുധപ്പുരകളും ലോഞ്ചറുകളും തകർത്തതായും നെതന്യാഹു വ്യക്തമാക്കി.
ഇസ്രായേലിന്റെ ഈ നീക്കം ഇറാനും അമേരിക്കയും തമ്മിലുള്ള വെടിനിർത്തൽ ധാരണകളെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ലെബനൻ വെടിനിർത്തൽ കരാറിന്റെ ഭാഗമാണെന്ന് ഇറാൻ വാദിക്കുമ്പോൾ, ഇസ്രായേലും യുഎസും ഇത് അംഗീകരിക്കുന്നില്ല. തർക്കം നിലനിൽക്കുന്നതിനാൽ ഹോർമുസ് കടലിടുക്കിലെ നിയന്ത്രണം ഇറാൻ ഇപ്പോഴും തുടരുകയാണ്. ലെബനനിലെ ഇസ്രായേൽ ആക്രമണത്തെ യുകെ, ഫ്രാൻസ്, സ്‌പെയിൻ തുടങ്ങിയ രാജ്യങ്ങൾ കടുത്ത ഭാഷയിൽ വിമർശിക്കുകയും ചെയ്തു.
ഇതിനിടെ ഇറാനെതിരെ പുതിയ അന്ത്യശാസനവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തി. ഇറാനുമായി സമ്പൂർണ്ണമായ ഒരു കരാറിൽ എത്തുന്നതുവരെ അമേരിക്കൻ നാവിക-വ്യോമ സേനകളും സൈനിക സന്നാഹങ്ങളും ഇറാന്റെ ചുറ്റുവട്ടത്ത് തന്നെ തുടരുമെന്ന് ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ അറിയിച്ചു. ചർച്ചകൾ പരാജയപ്പെട്ടാൽ മുമ്പെങ്ങും കണ്ടിട്ടില്ലാത്ത വിധത്തിലുള്ള ശക്തമായ സൈനിക നടപടി ഉണ്ടാകുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.
ഇറാന് ആണവായുധങ്ങൾ ഉണ്ടാകരുതെന്നും ഹോർമുസ് കടലിടുക്ക് സുരക്ഷിതമായിരിക്കണമെന്നും ട്രംപ് കൂട്ടിച്ചേർത്തു. ശനിയാഴ്ച പാകിസ്താനിലെ ഇസ്ലാമാബാദിൽ യുഎസും ഇറാനും തമ്മിലുള്ള നിർണ്ണായക ചർച്ചകൾ നടക്കാനിരിക്കെയാണ് ട്രംപിന്റെ ഈ കടുത്ത പ്രതികരണം. അമേരിക്കൻ സൈന്യം അടുത്ത വിജയത്തിനായി പൂർണ്ണ സജ്ജമാണെന്നും ട്രംപ് വ്യക്തമാക്കി. ഇതോടെ പശ്ചിമേഷ്യയിലെ സമാധാന നീക്കങ്ങൾ വീണ്ടും ആശങ്കയിലായിരിക്കുകയാണ്.













