രാജ്യത്ത് ഏപ്രിൽ 29 ന് ശേഷം പെട്രോൾ, ഡീസൽ വില വർധിക്കുമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി മുന്നറിയിപ്പ് നൽകി. തിരഞ്ഞെടുപ്പ് ആശ്വാസം അവസാനിച്ചെന്നും ഇനി പണപ്പെരുപ്പത്തിന്റെ നാളുകളാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. അന്താരാഷ്ട്ര വിപണിയിൽ എണ്ണവില കുറഞ്ഞപ്പോൾ ലാഭമുണ്ടാക്കിയ മോദി സർക്കാർ, ഇപ്പോൾ അതിന്റെ ഭാരം ജനങ്ങളുടെ തലയിൽ വെച്ച് കൊള്ളയടിക്കുകയാണെന്നും രാഹുൽ ആരോപിച്ചു.
തിരഞ്ഞെടുപ്പിന് ശേഷം ഇന്ധനവില ഉയരാൻ സാധ്യതയുണ്ടെന്ന കോട്ടക് ഇൻസ്റ്റിറ്റ്യൂഷണൽ ഇക്വിറ്റീസിന്റെ റിപ്പോർട്ട് മുൻനിർത്തിയായിരുന്നു രാഹുലിന്റെ വിമർശനം. അന്താരാഷ്ട്ര ക്രൂഡ് ഓയിൽ വില ബാരലിന് 120 ഡോളറിനോട് അടുക്കുന്ന സാഹചര്യത്തിലാണ് ഈ വിലയിരുത്തൽ. തിരഞ്ഞെടുപ്പ് കാലത്ത് വില വർധിപ്പിക്കാതെ ജനങ്ങളെ വഞ്ചിച്ച ശേഷം വോട്ടെടുപ്പ് കഴിയുമ്പോൾ ഭാരം ജനങ്ങളിലേക്ക് മാറ്റുന്നതാണ് സർക്കാരിന്റെ രീതിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാൽ ഈ വാർത്തകളെ തള്ളിക്കളഞ്ഞ പെട്രോളിയം മന്ത്രാലയം, ഇന്ധനവില വർധിപ്പിക്കാൻ യാതൊരു നിർദ്ദേശവും പരിഗണനയിലില്ലെന്ന് വ്യക്തമാക്കി. ഇത്തരം റിപ്പോർട്ടുകൾ ജനങ്ങളിൽ ഭീതിയും ആശങ്കയും സൃഷ്ടിക്കാൻ ബോധപൂർവം ചമച്ചതാണെന്നും മന്ത്രാലയം വിശദീകരിച്ചു. മാസങ്ങളായി രാജ്യത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുന്ന സാഹചര്യത്തിലാണ് രാഹുൽ ഗാന്ധിയുടെ ആരോപണം രാഷ്ട്രീയ വിവാദമായിരിക്കുന്നത്.















