വാഷിംഗ്ടണ്‍: ഗാസ സമാധാന പദ്ധതിയുടെ ഭാഗമായി ഹമാസും ഗാസയിലെ മറ്റ് എല്ലാ സായുധ സംഘടനകളും പൂര്‍ണമായും ആയുധം ഒഴിവാക്കാന്‍ ധാരണയായതായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കഴിഞ്ഞ വര്‍ഷം അവതരിപ്പിച്ച 20-പോയിന്റ് സമാധാന പദ്ധതിയുടെ ഭാഗമായാണ് ഈ നിര്‍ണായക കരാറെന്ന് ട്രംപ് സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെ അറിയിച്ചു.
കരാര്‍ ഗാസയുടെ ഭാവിക്ക് വഴിത്തിരിവാകുമെന്ന് ട്രംപ് പറഞ്ഞു. പുതിയ പലസ്തീന്‍ സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ഗാസയുടെ ഭരണം പുനഃസംഘടിപ്പിക്കുമെന്നും, ഭീകരാക്രമ ണങ്ങള്‍ക്ക് ഗാസയെ ഇനി ഉപയോഗി ക്കാനാകാത്ത സാഹചര്യം സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതിലൂടെ ഇസ്രയേലിന്റെ സുരക്ഷയും ഉറപ്പാക്കുമെന്ന് ട്രംപ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ കരാറിന്റെ വിശദാംശങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. കരാര്‍ സംബന്ധിച്ച് ഇസ്രയേലിന്റെയോ ഹമാസിന്റെയോ ഔദ്യോഗിക പ്രതികരണവും ഉണ്ടായിട്ടില്ല.
‘ബോര്‍ഡ് ഓഫ് പീസ്’ പുറത്തിറക്കിയ പ്രസ്താവനയില്‍, ഗാസ വെടിനിര്‍ത്തല്‍ കരാറിന്റെ അടുത്ത ഘട്ടങ്ങള്‍ നടപ്പാക്കുന്നതിനുള്ള വിശദമായ റോഡ്മാപ്പിന് ഹമാസ് സമ്മതിച്ചതായി അറിയിച്ചു. മാസങ്ങളായുള്ള ചര്‍ച്ചകള്‍ക്കൊടുവിലാണ് ധാരണയിലെത്തിയതെന്നും, ഹമാസ് എല്ലാ ആയുധങ്ങളും കൈവിടുന്ന നടപടികള്‍ പൂര്‍ത്തിയായാല്‍ ഇസ്രയേല്‍ സൈന്യം ഗാസയില്‍ നിന്ന് ഘട്ടംഘട്ടമായി പിന്മാറുമെന്നും പ്രസ്താവനയില്‍ പറയുന്നു.
ആയുധനിരായുധീകരണം പൂര്‍ത്തിയാകുന്നതോടെ അന്താരാഷ്ട്ര സ്ഥിരതാസേനയും പുതിയ പലസ്തീന്‍ പോലീസ് സേനയും ചേര്‍ന്ന് ഗാസയുടെ സുരക്ഷയുടെ ചുമതല ഏറ്റെടുക്കുമെന്ന് ട്രംപ് വ്യക്തമാക്കി. സമാധാന പദ്ധതി യാഥാര്‍ഥ്യമാക്കുന്നതില്‍ മധ്യസ്ഥരായ ഈജിപ്ത്, ഖത്തര്‍, തുര്‍ക്കി എന്നീ രാജ്യങ്ങളുടെ പങ്കിനും അദ്ദേഹം നന്ദി അറിയിച്ചു.
2023 ഒക്ടോബര്‍ 7-ന് ഹമാസ് ഇസ്രയേലിനെതിരെ നടത്തിയ ആക്രമണത്തെ തുടര്‍ന്നാണ് യുദ്ധം ആരംഭിച്ചത്. ആക്രമണത്തില്‍ ഏകദേശം 1,200 പേര്‍ കൊല്ലപ്പെട്ടിരുന്നു. തുടര്‍ന്ന് നടന്ന യുദ്ധത്തില്‍ 70,000-ത്തിലധികം പലസ്തീനികള്‍ കൊല്ലപ്പെട്ടതായി ഗാസ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു.
Hamas to completely lay down arms: Trump cites crucial understanding in Gaza peace plan.















