മണ്ഡല പുനർനിർണയത്തിലൂടെ നിയമസഭാ, ലോക്സഭാ സീറ്റുകൾ വർധിപ്പിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ ഒന്നിക്കണമെന്ന് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. ഇക്കാര്യത്തിൽ പിന്തുണ തേടി കേരള മുഖ്യമന്ത്രി പിണറായി വിജയൻ, തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു എന്നിവർക്ക് അദ്ദേഹം കത്തെഴുതി. വനിതാ സംവരണത്തിന്റെ മറവിൽ നടത്തുന്ന ഈ നീക്കം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ രാഷ്ട്രീയ താൽപ്പര്യങ്ങൾക്ക് വിരുദ്ധമാണെന്ന് രേവന്ത് റെഡ്ഡി കത്തിൽ ചൂണ്ടിക്കാട്ടുന്നു.
ജനസംഖ്യാ നിയന്ത്രണത്തിൽ മികച്ച നേട്ടം കൈവരിച്ച തെക്കൻ സംസ്ഥാനങ്ങൾക്ക് സീറ്റുകൾ കുറയുന്നത് വലിയ തിരിച്ചടിയാകുമെന്ന് രേവന്ത് റെഡ്ഡി മുന്നറിയിപ്പ് നൽകി. പതിറ്റാണ്ടുകളായി നിലനിൽക്കുന്ന ഉത്തരേന്ത്യ-ദക്ഷിണേന്ത്യ വിഭജനം കൂടുതൽ ശക്തമാക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്. ഈ വിവേചനത്തിനെതിരെ രാഷ്ട്രീയ ഭേദമന്യേ ദക്ഷിണേന്ത്യൻ മുഖ്യമന്ത്രിമാരുടെ ശക്തമായ കൂട്ടായ്മ രൂപപ്പെടണമെന്നും പ്രാദേശിക താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ ഒന്നിച്ച് നിൽക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കേരള നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് പിണറായി വിജയനും രേവന്ത് റെഡ്ഡിയും തമ്മിൽ രൂക്ഷമായ വാക്പോര് നടന്നിരുന്നു. രേവന്തിന്റെ പരിഹാസവും അതിന് പിണറായി നൽകിയ മറുപടിയും വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നതാണ്. എന്നാൽ പഴയ കയ്പേറിയ തർക്കങ്ങൾ മാറ്റിവെച്ച് ‘പിണറായി ഗാരു’ എന്ന് അഭിസംബോധന ചെയ്തുകൊണ്ട് രേവന്ത് റെഡ്ഡി സഹായം തേടിയത് രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്.













