ബുഷെഹർ ആണവനിലയത്തിൽ നിന്നുള്ള പിൻവാങ്ങൽ തുടരുന്നു; വെടിനിർത്തലിൽ വിശ്വാസമില്ലെന്ന് റഷ്യ, അതിവേഗ നീക്കങ്ങൾ

ബുഷെഹർ ആണവനിലയത്തിൽ നിന്നുള്ള പിൻവാങ്ങൽ തുടരുന്നു; വെടിനിർത്തലിൽ വിശ്വാസമില്ലെന്ന് റഷ്യ, അതിവേഗ നീക്കങ്ങൾ

ടെഹ്റാൻ: ഇറാനും അമേരിക്കയും തമ്മിൽ വെടിനിർത്തൽ പ്രഖ്യാപിച്ചെങ്കിലും, ഇറാനിലെ ബുഷെഹർ ആണവനിലയത്തിൽ നിന്നുള്ള തങ്ങളുടെ ഉദ്യോഗസ്ഥരെ ഒഴിപ്പിക്കാനുള്ള തീരുമാനത്തിൽ മാറ്റമില്ലെന്ന് റഷ്യൻ ആറ്റോമിക് എനർജി ഏജൻസിയായ റോസാറ്റം വ്യക്തമാക്കി. നിലവിലെ സാഹചര്യത്തിൽ ഉദ്യോഗസ്ഥരെ തിരികെ അയക്കാൻ സമയമായിട്ടില്ലെന്ന് റോസാറ്റം സിഇഒ അലക്സി ലിഖാച്ചേവ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. വെടിനിർത്തൽ പ്രഖ്യാപനത്തിന് ശേഷം മേഖലയിൽ നേരിയ ശാന്തത അനുഭവപ്പെടുന്നുണ്ടെങ്കിലും, ഈ സമാധാന ഉടമ്പടി എത്രത്തോളം നിലനിൽക്കുമെന്ന കാര്യത്തിൽ വ്യക്തതയില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

റഷ്യൻ വാർത്താ ഏജൻസിയായ ഇന്റർഫാക്സിനെ ഉദ്ധരിച്ചാണ് ഇക്കാര്യം പുറത്തുവിട്ടത്. ആണവനിലയത്തിൽ ജോലി ചെയ്തിരുന്ന 639 റഷ്യൻ ഉദ്യോഗസ്ഥരിൽ 611 പേരെ ഇതിനോടകം അർമേനിയ വഴി സുരക്ഷിതമായി ഒഴിപ്പിച്ചു കഴിഞ്ഞു. നിലവിൽ സന്നദ്ധസേവനത്തിന് തയ്യാറായ 50 ഓളം ജീവനക്കാർ മാത്രമാണ് അവിടെ അവശേഷിക്കുന്നത്.

ഇറാനിലെ ഏക പ്രവർത്തനസജ്ജമായ ആണവനിലയമാണ് റഷ്യയുടെ സഹായത്തോടെ നിർമ്മിച്ച ബുഷെഹർ. കഴിഞ്ഞ ഫെബ്രുവരിയിൽ അമേരിക്കയും ഇസ്രായേലും ഇറാനെതിരെ ആരംഭിച്ച യുദ്ധത്തിനിടെ നാല് തവണയാണ് ഈ ആണവനിലയത്തിന് നേരെ ആക്രമണമുണ്ടായത്. സുരക്ഷാ കാരണങ്ങളാൽ ഉദ്യോഗസ്ഥരുടെ ജീവൻ പണയപ്പെടുത്താൻ കഴിയില്ലെന്ന ഉറച്ച നിലപാടിലാണ് റഷ്യൻ ഭരണകൂടം.

Share Email
LATEST
More Articles
Top