വാഷിംഗ്ടണ്‍: സമ്പുഷ്ട യുറേനിയം കൈമാറാന്‍ ഇറാന്‍ സമ്മതിച്ചെന്നു അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഈ സാഹചര്യത്തില്‍ ഇറാനുമായുള്ള കരാറിലേക്ക് അടുക്കുകയാണെന്നു സൂചന ട്രംപ് മാധ്യമപ്രവര്‍ത്തകരോട് പങ്കുവെച്ചു. എന്നാല്‍ ട്രംപിന്റെ വാക്കുകളോട് ഇറാന്‍ ഭരണകൂടം ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇറാനുമായി സമാധാന കരാറിലേക്ക് അടുക്കുന്നുവെന്ന് ട്രംപ്.
ആണവ പദ്ധതിയില്‍ ധാരണയ്ക്ക് ഇറാന്‍ സമ്മതിച്ചതായും തങ്ങളുടെ പക്കലുള്ള സമ്പുഷ്ട യുറേനിയം കൈമാറാന്‍ ഇറാന്‍ സമ്മതിച്ചതായും വൈറ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ ട്രംപ് വ്യക്തമാക്കി. ആണവായുധ മോഹം ഉപേക്ഷിക്കുക, ആണവ സാമഗ്രികള്‍ കൈമാറുക എന്നിവയ്ക്ക് പുറമെ ഹോര്‍മുസ് കടലിടുക്ക് തുറന്നു കൊടുക്കാനും സൗജന്യമായി എണ്ണ നല്‍കാനുമുള്ള വ്യവസ്ഥകള്‍ കരാറില്‍ ഉള്‍പ്പെടുമെന്ന് ട്രംപ് അവകാശപ്പെട്ടു.
എന്നാല്‍ ഇറാന്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. സമാധാന കരാര്‍ യാഥാര്‍ത്ഥ്യമായാല്‍ ഇസ്ലാമാബാദില്‍ വെച്ച് അത് ഒപ്പിട്ടേക്കുമെന്നും, താന്‍ അതില്‍ പങ്കെടുത്തേക്കുമെന്നും ട്രംപ് സൂചിപ്പിച്ചു. കരാര്‍ യാഥാര്‍ത്ഥ്യമായില്ലെങ്കില്‍ യുദ്ധം തുടരും. നിലവിലെ രണ്ടാഴ്ചത്തെ വെടിനിര്‍ത്തല്‍ നീട്ടാന്‍ ആഗ്രഹിക്കുന്നില്ലെന്നും, അതിനുള്ളില്‍ തന്നെ ഒരു പരിഹാരമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും ട്രംപ് പറഞ്ഞു. ട്രംപിന്റെ പ്രഖ്യാപനത്തില്‍ ഇറാന്‍ പ്രതികരണം നടത്താത്ത സാഹചര്യത്തില്‍ സമാധാന കരാര്‍ സംബന്ധിച്ച അവ്യക്തത ഇപ്പോഴും തുടരുന്നു
Trump says Iran has agreed to transfer enriched uranium: Iranian regime does not respond













